ഇങ്ങനെ ഇനി മുന്നോട്ടുപോകാൻ പറ്റില്ല. എല്‍ഡിഎഫില്‍ ആവശ്യമായ തിരുത്തല്‍ വേണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും സി ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കണമെന്നും തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകണമെന്നും മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരൻ. ഇങ്ങനെ ഇനി മുന്നോട്ടുപോകാൻ പറ്റില്ല. എല്‍ഡിഎഫില്‍ ആവശ്യമായ തിരുത്തല്‍ വേണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. നേതൃനിരയില്‍ വലിയ അഴിച്ചുപണി ആവശ്യമാണ്. അതിന് ആരുടെയും മാനസികാവസ്ഥ നോക്കിയിട്ട് കാര്യമില്ല.
പുതുതലമുറയാണ് ഇത്തവണ വലിയ ശക്തിയായി വന്നിട്ടുള്ളത്. അത് തിരിച്ചറിഞ്ഞുള്ള മാറ്റം ഉണ്ടാകണം. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.എവിടെ നിന്നോ വന്ന ഒരാൾ എന്ന രീതിയിൽ കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ല. തൃശൂരില്‍ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഹോംവര്‍ക്ക് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. തിരുത്തേണ്ടതെല്ലാം തിരുത്തണമെന്നും സി ദിവാകരൻ പറഞ്ഞു.
സമസ്തയുടെ ഒരു വിഭാഗം സിപിഎമ്മിനെ പിന്തുണച്ചു, വോട്ടായി മാറിയോ എന്ന് പരിശോധിക്കണം: സിപിഎം