സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരം ശക്തമാക്കാൻ ആഹ്വാനം. ഇടവകകൾ കേന്ദ്രീകരിച്ച് ബോധവത്കരണത്തിനും നിർദേശം
തിരുവനന്തപുരം: തീരദേശ മേഖലയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപതയുടെ ആഹ്വാനം. ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന സമരം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഇടയലേഖനം പള്ളികളിൽ വായിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വിവിധ സംഘടനകൾ വഴിയും അല്ലാതെയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാരോപിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടക്കുന്നത്. ലത്തീൻ അതിരൂപതാ തിരുവനനന്തപുരം ആർച്ച് ബിഷപ് റവ. തോമസ് ജെ. നെറ്റോ ചുമതലയേറ്റതിന് പിന്നാലെയാണ് തീരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള സമരം തുടങ്ങിയത്.
ഇടവക തലത്തിൽ കുടുംബ യൂണിറ്റ് ജനറൽബോഡി, വിവിധ ശുശ്രൂഷാ സമിതികൾ ഫോറങ്ങൾ തുടങ്ങി എല്ലാവരെയും വിളിച്ചു ചേർത്തി ബോധവത്കരണം നടത്തണമെന്നതാണ് ഇടയലേഖനത്തിലെ ശുപാർശ. ഇടവക തലത്തിൽ ദൃശ്യാവിഷ്കാരങ്ങൾ, സൈക്കിൾ റാലികൾ, കാൽനട ജാഥകൾ എന്നി സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഫെറോന തലങ്ങളിൽ കൺവെൻഷനുകളും സമ്മേളനങ്ങളും സംഘടിപ്പിച്ച് ബോധവത്കരണത്തിന് ശ്രമം നടത്തണമെന്നതാണ് ഇടയലേഖനത്തിലെ മറ്റൊരു ശുപാർശ.
undefined
തീരദേശ മേഖലയിലെ അഗവഗണനയ്ക്കെതിരെ ജുലൈ 20നാണ് ലത്തീൻ സഭ പ്രക്ഷോഭം തുടങ്ങിയത്. സമരത്തിന് ആഹ്വാനം ചെയ്യുന്ന ഇടയലേഖനം ജൂലൈ 17ന് പള്ളികളിൽ വായിച്ചിരുന്നു. പത്ത് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിലും പ്രതിഷേധം നടക്കുന്നുണ്ട്.