കാർട്ടൂൺ അവാർഡ് പുനപരിശോധിക്കണമെന്ന് സർക്കാർ നിർദേശം നൽകിയ സാഹചര്യത്തിൽ ഏറെ നിർണ്ണായകമാണ് ഇന്നത്തെ യോഗം.
തൃശ്ശൂർ: കാർട്ടൂൺ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ലളിതകലാ അക്കാദമിയുടെ നിർവാഹക സമിതിയും ജനറൽ കൗൺസിലും ഇന്ന് ചേരും. രാവിലെ 11 മണിക്ക് തൃശ്ശൂരിലാണ് യോഗം ചേരുന്നത്. അവാർഡ് പുനപരിശോധിക്കണമെന്ന് സർക്കാർ നിർദേശം നൽകിയ സാഹചര്യത്തിൽ ഏറെ നിർണ്ണായകമാണ് ഇന്നത്തെ യോഗം.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്‍റെ കാർട്ടൂണിന് അക്കാദമി പുരസ്കാരം ലഭിച്ചതാണ് വിവാദമായത്. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാർട്ടുണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്ത് വന്നതോടെയാണ് അവാർഡ് പുന പരിശോധിക്കാൻ മന്ത്രി എ കെ ബാലൻ നിർദേശിച്ചത്.
വിദഗ്ധരടങ്ങിയ ജൂറിയുടെ തീരുമാനത്തിൽ സർക്കാർ ഇടപെടുന്നതിൽ അക്കാദമി നേതൃത്ത്വത്തിന് അതൃപ്തിയുണ്ടെങ്കിലും ആക്ഷേപങ്ങൾ ഒഴിവാക്കാൻ പുനപരിശോധനക്ക് സമിതിയെ നിയോഗിക്കാനാണ് സാധ്യത. മറിച്ചൊരു തീരുമാനമുണ്ടായാൽ അക്കാദമിയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങും.
പുന പരിശോധന വേണമെങ്കിൽ എങ്ങനെ വേണം, ആരെയൊക്കെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന കാര്യം യോഗത്തിൽ ചർച്ചയാകും. ആദ്യം നിർവാഹക സമിതി യോഗവും പിന്നീട് ജനറൽ കൗൺസിലും ആണ് ചേരുക. താൻ വരച്ച കാർട്ടുണിൽ യാതൊരു മത ചിഹ്നവും വരച്ചിട്ടില്ലെന്നാണ് കാർട്ടൂണിസ്റ്റിന്റെ നിലപാട്. യോഗത്തിനിടെ അക്കാദമിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്താനും സാധ്യതയുണ്ട്.