ടയറിനടിയിൽ കുഞ്ഞുമോൾ വീണ് കിടക്കുന്നതിനിടെയും വാഹനം മുന്നോട്ടെടുക്കാൻ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന യുവഡോക്ടറായ യുവതിയെയും പ്രതി ചേർക്കും.
കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായാണ് വൈദ്യ പരിശോധന ഫലം. ടയറിനടിയിൽ കുഞ്ഞുമോൾ വീണ് കിടക്കുന്നതിനിടെയും വാഹനം മുന്നോട്ടെടുക്കാൻ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന യുവഡോക്ടറായ യുവതിയെയും പ്രതി ചേർക്കും.
വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മൽ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിടിച്ച് തകര്‍ത്തു. മുന്നോട്ട് മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയിൽ വെച്ച് പോസ്റ്റിൽ ഇടിച്ച് വാഹനം നിന്നതോടെ യുവാവും യുവതിയും പുറത്തേക്കിറങ്ങിയോടി. യുവാവ് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവിടെവെച്ചാണ് നാട്ടുകാർ യുവതിയെ പിടികൂടിയത്.
വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അജ്മലിനൊപ്പമുണ്ടായിരുന്നത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അപകടം നടന്നതിന് പിന്നാലെ വണ്ടിയിലുണ്ടായ വനിതാ ഡോക്ടറാണ് പെട്ടന്ന് വണ്ടിയെടുക്കൂ എന്ന് ആക്രോശിച്ചതെന്നും നാട്ടുകാർ പറയുന്നു. ഒരു സുഹൃത്തിന്റെ വീട്ടിൽ മദ്യപാനം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമികുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നാണ് പ്രതി അജ്മലിന്റെ മൊഴി. അജമലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയിൽ വച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നതെന്നാണ് വനിതാ ഡോക്ടറുടെ മൊഴി. അപകടം നടന്ന ദിവസം ഇരുവരും കാറിൽ കറങ്ങി. സുഹൃത്തിന്റെ വീട്ടിൽ വെച്ച് പാര്‍ട്ടിയിൽ പങ്കെടുത്തു. മദ്യപിച്ചു. അതിന് ശേഷമാണ് അപകടമുണ്ടായത്. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറുടെ മൊഴി.