സുരേഷ് ഗോപി വിരട്ടൽ നിർത്തണമെന്ന് കെയുഡബ്ല്യുജെ,  ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കും 

By Web Team  |  First Published Nov 11, 2024, 8:46 PM IST

അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താൻ മാധ്യമ മാനേജ്മെൻ്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. 


തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സിനിമയിൽ പണ്ട് കൈയടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ട. കേന്ദ്രമന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നത്.  

24 ന്യൂസ് റിപ്പോർട്ടർ അലക്സ് റാം മുഹമ്മദിനോട് അപമര്യാദയായി പെരുമാറിയതാണ് ഒടുവിലത്തെ സംഭവം. മുനമ്പം വിഷയത്തിൽ പ്രതികരണം ചോദിച്ചപ്പോൾ ഒറ്റക്ക് വിളിച്ച് ശകാരിക്കാനും ഗൺമാനെ കൊണ്ട് അതു ചിത്രീകരിച്ച് പ്രചരിപ്പിക്കാനുമായിരുന്നു ശ്രമം. മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അൽപമെങ്കിലും ബാക്കി നിൽക്കുന്നുവെങ്കിൽ കേരളത്തിലെ പൊതു സമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകൻ്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണം.

Latest Videos

Read More... സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതെന്ത്? വഖഫ് പരാമർശത്തിൽ ചോദ്യമുയർത്തി സിപിഐ മുഖപത്രം ജനയുഗം

അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താൻ മാധ്യമ മാനേജ്മെൻ്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ യൂണിയൻ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് അവർ അറിയിച്ചു.

Asianet news live

click me!