24 മലയാളികളടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി ഇന്ന് രാവിലെയാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനം നെടുമ്പാശ്ശേരിയിലിറങ്ങിയത്.
തിരുവനന്തപുരം: കുവൈത്തിലെ ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് കേരളം കണ്ണീരോടെ വിട നൽകി. തൃശൂർ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശി സുമേഷ്, തിരൂർ സ്വദേശി നൂഹ്, പത്തനംതിട്ട സ്വദേശി മുരളീധരൻ. കൊല്ലം സ്വദേശി ഷമീർ, മലപ്പുറം സ്വദേശി ബാഹുലേയൻ, നെടുമങ്ങാട് സ്വദേശി അരുൺ ബാബു, ഇടവ സ്വദേശി ശ്രീജേഷ്, കണ്ണൂർ സ്വദേശി വിശ്വാസ് കൃഷ്ണൻ, പയ്യന്നൂർ സ്വദേശി നിതിൻ, ചെർക്കള സ്വദേശി രജ്ഞിത്. കേളു എന്നിവരുടെ സംസ്കാരം പൂർത്തിയായി. 24 മലയാളികളടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി ഇന്ന് രാവിലെയാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനം നെടുമ്പാശ്ശേരിയിലിറങ്ങിയത്.
ചെര്‍ക്കള കുണ്ടനടുക്കം സ്വദേശി രഞ്ജിത്ത് (34), തൃക്കരിപ്പൂര്‍ തെക്കുമ്പാട് സ്വദേശി കേളു (58) എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ രാത്രി പത്തോടെയായിരുന്നു. രഞ്ജിത്തിന്‍റെ മൃതദേഹം രാത്രി എട്ടരയോടെയാണ് കുണ്ടനടുക്കത്തെ വീട്ടിലെത്തിച്ചത്. നാനാതുറകളില്‍പ്പെട്ട നൂറുകണക്കിന് പേര്‍ അന്തിമോപചാരം അര‍്പ്പിക്കാന്‍ എത്തി. വീടിന് സമീപത്തെ കുടുംബ ശ്മശാനത്തില്‍ അനിയന്‍ രജീഷ് ചിതയ്ക്ക് തീ കൊളുത്തി.
കേളുവിന്‍റെ മൃതദേഹം രാത്രി എട്ടോടെ ജന്മസ്ഥലമായ കാലിക്കടവിലെത്തിച്ചു. രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അങ്കണത്തിലായിരുന്നു ആദ്യ പൊതുദർശനം. തെക്കുമ്പാട് യുവജന ഗ്രന്ഥാലയ പരിസരത്തും പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. വീട്ടിലെത്തിച്ച ശേഷം കാലിക്കടവിലെ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. മകന്‍ ഋഷികേശാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പത്ത് വര്‍ഷമായി രഞ്ജിത്ത് കുവൈറ്റില്‍ ജോലി ചെയ്യുന്നു. മുപ്പത് വര്‍ഷത്തില്‍ അധികമായി കേളു പ്രവാസിയാണ്.
കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരുടെയും മൃതദേഹം സംസ്കരിച്ചു. നെടുമങ്ങാട് കുര്യാത്തി സ്വദേശി അരുൺ ബാബുവിനും ഇടവ സ്വദേശി ശ്രീജേഷിനും ഹൃദയം പൊട്ടുന്ന വേദനയോടെയാണ് നാട് വിടചൊല്ലിയത്. പൂവത്തൂരിലെ ഭാര്യ വീട്ടിൽ നിന്നായിരുന്നു അരുൺ ബാബു കുവൈത്തിലേക്ക് യാത്ര തിരിച്ചത്. വൈകീട്ടോടെ ഈ വീട്ടിലേക്ക് തന്നെയാണ് മൃതദേഹം ആദ്യം എത്തിച്ചത്. പിന്നാലെ കുര്യാതിയിലെ കുടുംബവീട്ടിലും.
14 വയസ്സുള്ള മകളാണ് അരുണിന്‍റെ ചിതയ്ക്ക് തീ കൊളുത്തിയത്. ഡിവൈഎഫ്ഐ അംഗമായ അരുണിന് മുദ്രാവാക്യം വിളികളോടെയായിരുന്നു പാര്‍ട്ടിക്കാര്‍ വിടനല്‍കിയത്. പ്രവാസം ഇഷ്ടപ്പെടാതിരുന്ന അരുൺ, വീടെന്ന സ്വപ്നം പൂർത്തിയാക്കാനായാണ് ഏഴുമാസം മുമ്പ് വീണ്ടും പ്രവാസിയായത്. മകളെ നീന്തൽ താരമാക്കണം, സ്വന്തമായി വീട് വേണം, അങ്ങനെ പല ആഗ്രഹങ്ങളും ബാക്കിവച്ചാണ് അന്ത്യയാത്ര.
എട്ട് മാസം മുമ്പ് അവധിക്ക് വന്ന് മടങ്ങിപ്പോയ കടവൂർ സ്വദേശി സുമേഷ് എസ് പിള്ളയുടെ മരണം ഒരു നാടിൻ്റെയാകെ ഉള്ളുലച്ചു. ആളിപ്പടർന്ന തീ അവശേഷിപ്പിച്ച ശശീരത്തിൽ അന്ത്യചുംബനത്തിന് പോലും ഇടമുണ്ടായില്ല. അചഛനും അമ്മയും ഭാര്യയും 6 വസുകാരിയായ മകൾ അവനികയും ഉൾപ്പെട്ട കുടുംബത്തിൻ്റെ അത്താണിയാണ് ഇല്ലാതായത്.
15 വർഷത്തെ കുവൈറ്റ് ജീവിതം കൊണ്ട് പണിഞ്ഞെടുത്ത കൊച്ചു വീടിൻ്റെ ഓരം ചേർന്ന് സുമേഷ് എരിഞ്ഞടങ്ങി. വൈകിട്ട് നാലരയോടെയാണ് വയ്യാങ്കര സ്വദേശി ഷമീറിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. 25 ആം വയസിൽ പ്രവാസിയായ മകന്റെ അവസാന വരവിനായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ഛൻ മുറ്റത്ത് കാത്ത് നിൽപുണ്ടായിരുന്നു.
തിരുവനന്തപുരം ഇടവ സ്വദേശി ശ്രീജേഷ് ടി നായരുടെ മൃതദേഹം രാത്രി ഏഴു മണിയോടെ കാറ്റുവിളയിലെ തറവാട് വളപ്പിലാണ് സംസ്കരിച്ചത്. വൈകിട്ട് അഞ്ചരയോടെ സഹോദരി ആരതിയുടെ വീട്ടിലേക്കാണ് ആദ്യം മൃതദേഹം കൊണ്ട് വന്നത്. കലക്ടറും എംഎല്‍എയും അടക്കമുള്ളവര്‍ ആദരാഞ്ജലികള്‍ അർപ്പിച്ചു. ഒരാഴ്ച മുൻബാണ് ശ്രീജേഷ് കുവൈറ്റിലേക്ക് തിരിച്ചത്. അപകടത്തിൽ മരിച്ചവരിൽ അവശേഷിക്കുന്നവരുടെ സംസ്കാരം നാളെയും മറ്റന്നാളുമായി നടക്കും.
കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ലൂക്കോസ്, പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ് എന്നിവരുടെ സംസ്കാരം നാളെ നടക്കും. കോട്ടയം സ്വദേശികളായ സ്റ്റെഫിന്‍, ഷിബു, ശ്രീഹരി എന്നിവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.