കുർബാന തർക്കം: തൃശൂർ അതിരൂപതയിലും പ്രതിഷേധം, വൈദികർക്കിടയിൽ സർവെ വേണമെന്ന് ആവശ്യം

By Kiran Gangadharan  |  First Published Jun 21, 2024, 8:45 PM IST

കുർബാന തർക്കത്തിൽ ബിഷപ്പുമാർ അടക്കം ഇടഞ്ഞതോടെ സിറോ മലബാർ സഭാ നേതൃത്വം സമ്മർദ്ദത്തിലാണ്


തൃശ്ശൂര്‍: എകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ സർക്കുലറിനെതിരെ തൃശ്ശൂര്‍ അതിരൂപതയിലും പ്രതിഷേധം. കുർബാന ഏകീകരണത്തിൽ വൈദികർക്കിടയിൽ സർവെ വേണമെന്ന് ആവശ്യപ്പെട്ട് വൈദികരുടെ കൂട്ടായ്‌മയായ ആരാധനക്രമ സംരക്ഷണ സമിതി കുറിപ്പിറക്കി.

കുർബാന തർക്കത്തിൽ ബിഷപ്പുമാർ അടക്കം ഇടഞ്ഞതോടെ സിറോ മലബാർ സഭാ നേതൃത്വം സമ്മർദ്ദത്തിലാണ്. പ്രതിഷേധം തുറന്നു പറഞ്ഞ് മുതിർന്ന ബിഷപ്പുമാർ അടക്കമുളളവർ പരസ്യമായി രംഗത്തെത്തി. ഇതോടെ കടുത്ത നിലപാട് തുടരണോയെന്ന ആശങ്കയിലാണ് മേജ‍ർ ആർച്ച് ബിഷപ്പ് അടക്കമുള്ളവർ. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പിന്തുണയുമായി ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും രംഗത്തെത്തിയിരുന്നു.

Latest Videos

undefined

നേതൃത്വത്തിന്‍റെ ഏകപക്ഷീയ നിലപാടുകളെ ചോദ്യം ചെയ്ത് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയടക്കം 5 ബിഷപ്പുമാർ വിയോജനക്കത്തിലൂടെ രംഗത്തെത്തിയതോടെയാണ് സിറോ മലബാർ സഭാ നേതൃത്വം സമ്മർദ്ദത്തിലായത്. കഴിഞ്ഞ ദിവസം നടന്ന ഓൺ ലൈൻ സിനഡയിൽ  ഇവരുടെ നിലപാടിനെ  പിന്തുണച്ച് കൂടുതൽ ബിഷപ്പുമാർ രംഗത്തെത്തിയതോടെയാണ് സഭാ നേതൃത്വം വെട്ടിലായത്.  വൈദികർക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകുന്ന  തുടർ സംഭവവികാസങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും മേജർ ആർച്ച് ബിഷപ്പ് അടക്കം  ഉത്തരവാദിയായിരിക്കുമെന്നും ചില ബിഷപ്പുമാർ അറിയിച്ചിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയാകുമെന്ന വിഘടിത വിഭാഗത്തിന്‍റെ കടുത്ത നിലപാടിനെ അത്ര കൊച്ചാക്കി കാണേണ്ടെന്നാണ് സഭാ നേതൃത്വത്തോടുളള ചില ബിഷപ്പുമാരുടെ ഉപദേശം.  ബുധനാഴ്ച വൈകുന്നേരം നടന്ന സിനഡിന് പിന്നാലെ നിലപാട് വ്യക്തമാക്കി വാർത്താക്കുറിപ്പ് ഇറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്ക് പിന്തുണയുമായി മറ്റ് രൂപതകളിലെ വൈദികർകൂടി രംഗത്തെത്തുന്നത് സഭാ നേതൃത്വത്തെ ഉലച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!