അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി 1996 ൽ ജനകീയാസൂത്രണം തുടങ്ങിയപ്പോൾ അധികം വൈകാതെ കേവല ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് കുടുംബശ്രീയുടെ തുടക്കം.
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതിയ കുടുംബശ്രീ ഇരുപത്തിയഞ്ചാം വയസിലേക്ക്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന വിശാല കാഴ്ചപ്പാടിൽ തുടങ്ങി സ്ത്രീ ശാക്തീകരണ മേഖലയിൽ ലോകത്തിനാകെ മാതൃകയാകും വിധം നിര്‍ണ്ണായക ചുവടുമായാണ് കാൽനൂറ്റാണ്ട് കാലത്തെ കുടുംബശ്രീ മുന്നേറ്റം. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി 1996 ൽ ജനകീയാസൂത്രണം തുടങ്ങിയപ്പോൾ അധികം വൈകാതെ കേവല ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് കുടുംബശ്രീയുടെ തുടക്കം. വീട്ടമ്മമാര്‍ വഴി വീട്ടകങ്ങളിലേക്കും അവിടെ നിന്ന് സമൂഹത്തിന്റെ വിശാലതകളിലേക്കും വാതിൽ തുറന്നിട്ട മഹാ പ്രസ്ഥാനത്തിൽ ഇന്ന് 45.85 ലക്ഷം കുടുംബങ്ങൾ അംഗങ്ങളാണ്.
ആദ്യം പകച്ചും പിന്നെ സംശയിച്ചും നിന്നവര്‍ക്ക് മുന്നിലേക്ക് പലതുള്ളി പെരുവെള്ളം പോലെയാണ് കേരളത്തിന്റെ പെൺപട നടന്ന് കയറിയത്. കാൽനൂറ്റാണ്ടിനിടെ 45 ലക്ഷം സേനാംഗങ്ങളുണ്ടായി. ക്രമാനുഗതമായി കെട്ടിപ്പൊക്കിയ വളര്‍ച്ചയുടെ ഗ്രാഫിൽ ഒരിടത്തു പോലും കുടുംബശ്രീ പകച്ച് നിന്നിട്ടില്ല. ഉൾക്കരുത്ത് കൊണ്ട് എല്ലാം വെട്ടിപ്പിടിച്ച് മെല്ലെമെല്ലെ സാമ്രാജ്യം കെട്ടിപ്പൊക്കി.
സഞ്ചരിക്കും മൊബൈല്‍ വാഷിംങ്ങ് സര്‍വ്വീസുമായി ഇടുക്കിയിലെ കുടുംബശ്രീ പ്രവർത്തകർ
പെൺ കരുത്തും കരുതലും മാത്രമായിരുന്നു കുടുംബശ്രീയുടെ കൈമുതൽ. ആഹാരവും പാര്‍പ്പിടവും വസ്ത്രവുമടക്കം അടിസ്ഥാന ആവശ്യങ്ങളിലായിരുന്നു കുടുംബശ്രീയെന്ന വിശാല പ്രസ്താനത്തിന്റെ തുടക്കം. അയൽക്കൂട്ടങ്ങളുണ്ടാക്കി പ്രതിസന്ധികളോട് പൊരുതി. മൈക്രോ ഫൈനാൻസ് വായ്പകൾ ലഭ്യമാക്കി സാമ്പത്തിക സുരക്ഷിതത്വമുണ്ടാക്കി. വിദ്യാഭ്യാസവും തൊഴിലും കുടിവെള്ളവും ഗതാഗത സൗകര്യവുമെല്ലാം പിന്നാലെ പരിഗണനകളിലേക്കെത്തി. ഏറ്റവുമൊടുവിൽ സ്വയംതൊഴിലിന്റെയും സ്വയംപര്യാപ്തതയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും എല്ലാം ഒറ്റപേരായി കുടുംബശ്രീ മാറുകയാണ്.
Kudumbasree : എന്റെ തൊഴിൽ എന്റെ അഭിമാനം' കുടുംബശ്രീ സർവേ; ഇതുവരെ രജിസ്റ്റർ ചെയ്തത് 5.91 ലക്ഷം പേർ
അച്ചാറുകളിലും കറി പൗഡറുകളിലും തുടങ്ങി വച്ച തൊഴിൽ സാധ്യതകൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കാന്റീൻ, കാറ്ററിംഗ് മേഖലകളിലേക്കും കഫേ കുടുംബശ്രീ എന്ന ബ്രാന്റിലേക്കും എല്ലാം വളര്‍ന്നത്. കാലഘട്ടത്തിന് അനുസരിച്ച് വിജയസാധ്യതയുള്ള പുതുപുത്തൻ മേഖലകളിലേക്ക് കുടുംബശ്രീ പെണ്ണുങ്ങളുടെ കൈപിടിച്ചു. കെട്ടിട നിര്‍മ്മാണം മുതൽ മാരേജ് ബ്യൂറോയും ഡ്രൈവിംഗ് സ്കൂളും ജനകീയ ഹോട്ടലും വരെ എന്തും പെൺകരുത്തിന് വഴങ്ങി. സോപ്പ് നിര്‍മ്മാണം മുതൽ സോഫ്ട്വെയര്‍ നിര്മ്മാണം വരെ കുടംബശ്രീ കടന്നു ചെല്ലാത്ത മേഖലകളില്ലെന്നായി. സര്‍ക്കാര്‍ മിഷനുകൾ ജനങ്ങളിലേക്കെത്തിക്കാൻ കുടുംബശ്രീ ഇല്ലാതെ പറ്റില്ലെന്ന നിലയും വന്നു. ഏറ്റവും ഒടുവിൽ കേരളത്തിലെ തൊഴിലില്ലായ്മ തുടച്ച് നീക്കാനള്ള വിശാല ലക്ഷ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കുടുംബശ്രീ.
സ്ത്രീകള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ ഇടമൊരുക്കിയ കുടുംബശ്രീക്ക് 25 വയസ്
ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനമെന്ന് വേണമെങ്കിൽ കുടുംബശ്രീയെ വിശേഷിപ്പിക്കാം. സ്ത്രീമുന്നേറ്റ ചരിത്രത്തിന് കടുംബശ്രീയോളം വലിയ മറ്റൊരു ബദൽ മുന്നോട്ട് വയക്കാൻ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടുമില്ല. കേന്ദ്രബജറ്റിന്റെ ഭാഗമായി പോലും പീപ്പിൾസ് ആക്ഷൻ പ്ലാൻ എന്നൊരു സങ്കൽപ്പം ഉരുത്തിരിയുന്നതും ഉയര്‍ന്ന് വരുന്നതും ഈ അടുത്ത കാലത്ത് മാത്രമാണ്. രാഷ്ട്രീയവത്കരണമെന്ന പൊതു വിമര്‍ശനം കൂടപ്പിറപ്പെങ്കിലും അയൽക്കൂട്ടങ്ങളിൽ നിന്ന് അതിരുകളില്ലാത്ത ലോകത്തേക്കുള്ള കുടുംബശ്രീയുടെ വളര്‍ച്ചക്ക് അതൊരു തടസമായിട്ടമില്ല.