മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം, സാമൂഹികം, വാചികം തുടങ്ങിയ ഏഴുതരം വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് ക്രൈം സ്പോട്ടുകള്‍ നിശ്ചയിക്കുക.
എറണാകുളം: എറണാകുളത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാൻ ക്രൈം സ്‌പോട്ടുകൾ മാപ്പ് ചെയ്ത് കുടുംബശ്രീ. ജില്ലയിലെ 14 പഞ്ചായത്തുകളിലായി ആദ്യ ഘട്ടത്തില്‍ തന്നെ 2,200 സ്പോട്ടുകളാണ് കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി കുടുംബശ്രീ കണ്ടെത്തിയിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് 'സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക' എന്നതാണ് ഇതിലൂടെ കുടുംബശ്രീ ലക്ഷ്യം വക്കുന്നത്. ആദ്യഘട്ടമായി 14 ഗ്രാമപഞ്ചായത്തുകളിലാണ് ക്രൈം സ്പോട്ടുകള്‍ മാപ്പ് ചെയ്തത്.കേന്ദ്ര സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ കാമ്പയിനായ 'നാശാ മുക്ത് പദ്ധതി'യുടെ ഭാഗമായാണ് കുടുംബശ്രീ ക്രൈം മാപ്പിങ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ 14 പഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതി അടുത്ത വര്‍ഷത്തോടെ എറണാകുളം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
ഏഴ് തരത്തിലെ കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് ക്രൈം മാപ്പിങ് പദ്ധതി നടത്തുന്നത്. കുറ്റം ചെയ്തതിന് ശേഷം നടപടി എന്നതില്‍ നിന്ന് മാറി, കുറ്റകൃത്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം, സാമൂഹികം, വാചികം തുടങ്ങിയ ഏഴുതരം വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് ക്രൈം സ്പോട്ടുകള്‍ നിശ്ചയിക്കുക. കുറ്റകൃത്യ രീതിയില്‍ വിശകലനം ചെയ്യുന്നതിന് വിദഗ്ധര്‍ സ്വീകരിക്കുന്ന ക്രൈം മാപ്പിങ്ങില്‍ പങ്കാളിയാകുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. കുറ്റകൃത്യത്തിന്‍റെ സ്ഥാനം, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, കുറ്റകൃത്യത്തിന്‍റെ തീവ്രത, സംഭവ സമയം കുറ്റകൃത്യത്തിന്‍റെ വിശദാംശങ്ങൾ, കുറ്റവാളിയുടെ വിശദാംശങ്ങൾ എന്നിവയും കുടുംബശ്രീ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തും.
undefined
'സ്ത്രീപക്ഷ നവകേരള'ത്തിനായി കുടുംബശ്രീ നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമാണിത്. കുറ്റകൃത്യങ്ങള്‍ കൂടുന്നയിടങ്ങളുടെയും സാഹചര്യങ്ങളുടെയും സാധ്യതാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പദ്ധതിയിലൂടെ കഴിയും. തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളായ നെടുമ്പ്രം, കൊറ്റനാട്, പുറമറ്റം, നാരങ്ങാനം, സീതത്തോട്, തണ്ണിത്തോട്, പള്ളിക്കല്‍, തുമ്പമണ്‍ എന്നീ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ വിശദമായ സർവേ നടത്തുവാനായി പരിശീലകരുടെ തയാറെടുപ്പുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. തുടക്കത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചാണ് പ്രശ്‌നങ്ങളുടെയും പ്രദേശത്തിന്‍റെയും രേഖപ്പെടുത്തല്‍ നടത്തുന്നത്. സ്ത്രീകളായിരിക്കും ആദ്യഘട്ടത്തില്‍ സർവേയില്‍ പങ്കെടുക്കുക. തുടര്‍ന്ന് വിവരങ്ങളെ ക്രോഡീകരിച്ച് തദ്ദേശ സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയും. ക്രൈം സ്പോട്ടിങ്ങിനായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായവും നേടും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനൊപ്പം ഗാര്‍ഹിക പീഡനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ധാരണയില്ലാത്ത സ്ത്രീകള്‍ക്ക് പ്രത്യേക ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.