'ഞങ്ങളുടെ ഓമന ചെയർമാനേ...'; കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പില്‍ റീ കൗണ്ടിങ്ങില്‍ തോറ്റ ശ്രീക്കുട്ടന് വൻ സ്വീകരണം

By Web Team  |  First Published Nov 2, 2023, 1:01 PM IST

മുദ്രാവാക്യം മുഴക്കി, തോളിലേറ്റിയാണ് ശ്രീക്കുട്ടനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.  വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിന് നിവേദനം നൽകുമെന്നും അറിയിച്ചു.


തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട ശ്രീക്കുട്ടന് വന്‍ സ്വീകരണം ഒരുക്കി കെഎസ്‌യു പ്രവര്‍ത്തകര്‍. മുദ്രാവാക്യം മുഴക്കി, തോളിലേറ്റിയാണ് ശ്രീക്കുട്ടനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.  വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിന് നിവേദനം നൽകുമെന്നും അറിയിച്ചു.

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ അര്‍ധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ചെയര്‍മാനായി എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ചെന്ന പ്രഖ്യാപനം വന്നത്. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. കേരള വര്‍മ്മ കോളേജിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ്‌യു സ്ഥാനാര്‍ത്ഥി ജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ്‌യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. പിന്നാലെ എസ്എഫ്ഐ റീ കൗണ്ടിണ്ട് ആവശ്യപ്പെട്ടു. റീകൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയായ അനിരുദ്ധൻ 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു.

Latest Videos

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്‍യു. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ്എഫ്ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ്‍യു ആരോപിക്കുന്നു. 

click me!