തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‍യുവിന്‍റെ കൊടി കത്തിച്ച സംഭവം; എസ്എഫ്ഐക്കാരുടെ സസ്പെൻഷൻ പിൻവലിക്കില്ല

By Web Team  |  First Published Mar 19, 2023, 7:24 AM IST

സംഘര്‍ഷം അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും യോഗം പ്രിൻസിപ്പാൾ വിളിച്ചു. 
അതിക്രമത്തിന് ഇരയായ അസിസ്റ്റന്‍റ് പ്രോഫസറുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.


തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‍യുവിന്‍റെ കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല. സംഘര്‍ഷം അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും യോഗം പ്രിൻസിപ്പാൾ വിളിച്ചു. 
അതിക്രമത്തിന് ഇരയായ അസിസ്റ്റന്‍റ് പ്രോഫസറുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് കെഎസ്‍യുവിന്‍റെ കൊടികൾ പിഴുത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടിയിട്ട് കത്തിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അധ്യാപക കൗൺസിൽ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്തു. തീരുമാനം ഇന്ന് ചേര്‍ന്ന പിടിഎ യോഗം അംഗീകരിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാൻ മറ്റന്നാൾ പ്രിൻസിപ്പാൾ വിളിച്ച യോഗത്തിൽ എസ്എഫ്ഐ-കെഎസ്‍യു സംഘനകളുടെ ജില്ലാ ഭാരവാഹികൾക്ക് ക്ഷണമുണ്ട്. പിടിഎ പ്രതിനിധികളും പങ്കെടുക്കും. ക്ലാസുകൾ തുടങ്ങുന്നതിലും വെള്ളിയാഴ്ച കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതിലും യോഗത്തിന് ശേഷം തീരുമാനമുണ്ടാകും.

Latest Videos

സസ്പെൻഷനിലായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി പ്രിൻസിപ്പാളും അധ്യാപകരും പ്രത്യേകം ചര്‍ച്ച നടത്തും. സസ്പെൻഷനിലായ വിദ്യാര്‍ത്ഥികൾക്ക് പൊതുപരീക്ഷ എഴുതാം. അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍ വി.കെ.സഞ്ജു പ്രിൻസിപ്പാളിന് രേഖാമൂലം പരാതി നൽകി. 21 അധ്യാപകരെ 10 മണിക്കൂറിലേറെ ബന്ദിയാക്കി പ്രതിഷേധിക്കുന്നതിനിടെ അധ്യാപികയെ അതിക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പേരുവിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം. സുഗമമായ ക്ലാസ് നടത്തിപ്പിന് ഹൈക്കോടതിയുടെ ഇടപെടൽ തേടാൻ അധ്യാപക കൂട്ടായ്മയ്ക്ക് ആലോചനയുണ്ട്.

Read Also: കോഴിയിറച്ചിയുടെ വില നിയന്ത്രിക്കും; പുതിയ പദ്ധതിയുമായി സർക്കാർ, നടപ്പാക്കുക കുടുംബശ്രീയുടെ ഉൾപ്പടെ സഹകരണത്തോടെ

tags
click me!