ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ഉടനെ ബസ് നിര്‍ത്തി ഡ്രൈവര്‍, യാത്രക്കാരെ രക്ഷപ്പെടുത്തി

By Web TeamFirst Published Oct 7, 2024, 3:19 PM IST
Highlights

പുനലൂര്‍ നെല്ലിപള്ളിയിൽ വെച്ച് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി

കൊല്ലം: കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്. പുനലൂര്‍ നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. നാട്ടുകാരാണ് ബസിന് തീ പിടിച്ച വിവരം ബഹളംവെച്ച് അറിയിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. ഇതോടെ ഉടൻ തന്നെ ഡ്രൈവര്‍ ബസ് റോഡിൽ നിര്‍ത്തി.

തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസില്‍ പൂര്‍ണമായും പുക നിറഞ്ഞു. എഞ്ചിന്‍റെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Latest Videos

ബസിന്‍റെ എഞ്ചിൻ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബസിൽ നിന്ന് ഡീസല്‍ ചോരുന്നത് കണ്ടിരുന്നുവെന്നും തുടര്‍ന്ന് പിന്തുടര്‍ന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും അന്വേഷണം തുടങ്ങി.

പശ്ചിമ ബംഗാളിൽ കല്‍ക്കരി ഖനിയിൽ വൻ സ്ഫോടനം; തൊഴിലാളികളടക്കം 7 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

 

click me!