കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും; ചെയർമാന് നിർദേശം നൽകി മന്ത്രി

By Web Team  |  First Published Jul 7, 2024, 12:28 PM IST

വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തും. പൊലീസിന്‍റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി


കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇതിനുള്ള നിർദേശം ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തും. പൊലീസിന്‍റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. 

നേരത്തെ കെഎസ്ഇബിയെ ന്യായീകരിച്ച മന്ത്രി ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്. കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചുമാണ് നേരത്തെ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും യുപി മോഡല്‍ പ്രതികാരമൊന്നുമല്ലെന്നുമാണ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞത്. മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചതെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. വൈദ്യുത കണക്ഷൻ ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പൊലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടിയെന്നും മന്ത്രി വിശദീകരിക്കുകയുണ്ടായി.

Latest Videos

അവര് തന്നെ തല്ലിപ്പൊളിച്ചതാ, ദൃശ്യങ്ങളുള്ള ഫോണ്‍ കെഎസ്ഇബി ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങി': അറസ്റ്റിലായ അജ്മൽ

അതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. തിരുവമ്പാടി സ്വദേശി സെയ്തലവി ആണ് പരാതി നൽകിയത്. റസാഖിന്റെ വീട്ടിലേക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് പരാതിയിൽ ആവശ്യം. നിത്യരോഗിയായ റസാഖിനോട് കെഎസ്ഇബി കാണിച്ചത്‌ മനുഷ്യാവകാശ  ലംഘനമെന്നും പരാതിയിൽ പറഞ്ഞിരുന്നു. അതിനിടെ കെഎസ്ഇബി ജീവനക്കാരൻ കൈയേറ്റം ചെയ്‌തെന്നാരോപിച്ചു റസഖിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി.

വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് ഈ വ്യാഴാഴ്ചയാണ് തിരുവമ്പാടിയിലെ റസാഖിന്‍റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓൺലൈനായി ബില്ലടച്ച ശേഷം റസാഖിന്‍റെ മകൻ അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇന്നലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥര്‍ എത്തിയത്. ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടായി. സംഭവത്തിൽ ജീവനക്കാര്‍ പൊലീസിൽ പരാതിയും നൽകിയിരുന്നു.

പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്മൽ ഇന്നലെ രാവിലെ സഹോദരനൊപ്പം കെഎസ്ഇബി ഓഫീസിലെത്തി. ഓഫീസിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകർത്തെന്നാണ് പരാതി. ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങൾ അഴുകിയ മാലിന്യവും ഒഴിച്ചു. ആക്രമണത്തിൽ മൂന്ന് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് ബോർഡിന്റെ റിപ്പോർട്ട്.

പിന്നാലെയാണ് കെഎസ്ഇബി ചെയര്‍മാൻ, റസാഖിന്‍റെ വീട്ടിലെ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്. അജ്മലിന്‍റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷൻ. അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്. നഷ്ടം നികത്തിയ ശേഷം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു ബോർഡിന്റെ നിലപാട്. പ്രതിഷേധത്തിന് പിന്നാലെയാണ് വൈദ്യുതി പുനസ്ഥാപിക്കാൻ മന്ത്രി നിർദേശം നൽകിയത്.

യുപി മോഡൽ പ്രതികാരമൊന്നുമല്ല, കെഎസ്ഇബി എംഡിയുടെ നടപടിയെ ന്യായീകരിച്ച് മന്ത്രി, സമരം തുടരുമെന്ന് വീട്ടുടമസ്ഥൻ

click me!