ജാർഖണ്ഡിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിൽ കുറവ്; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി, രാത്രി ഉപഭോഗം കുറയ്ക്കണം

By Web Team  |  First Published Aug 14, 2024, 6:52 PM IST

ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്ഇബി പറയുന്നത്.


തിരുവനന്തപുരം: പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത കുറവ് വന്നതിനാൽ പരിമിതി കണക്കിലെടുത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിൽ കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്ഇബി പറയുന്നത്. സംസ്ഥാനത്തേക്ക് ലഭിക്കേണ്ട വൈദ്യുതിയില്‍ ഇത് കാരണം അവിചാരിതമായ കുറവുണ്ടായി. ഇതിന് പുറമെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍‍ദ്ധനവുണ്ടായെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. ഈ സാഹചര്യത്തിൽ വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നാണ് അഭ്യര്‍ത്ഥന.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!