അന്വേഷണവുമായി സഹകരിക്കും,വാട്സ് ആപ് ചാറ്റ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും കെ.എസ്.ശബരിനാഥൻ

By Web Team  |  First Published Jul 18, 2022, 11:34 AM IST

യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും ശബരി പറഞ്ഞു


തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ (protest in flight)അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥൻ(ks sabarinathan). പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ല. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ.എസ്.ശബരിനാഥൻ പറഞ്ഞു.

Latest Videos

 വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. വധശ്രമത്തിന്‍റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ നിര്‍ദേശിക്കുന്നതിന്‍റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ മാത്രമാണ് മൂന്ന് പേര്‍ക്കും യാത്രാ വിലക്ക്. എന്നാല്‍ യാത്രാവിലക്ക് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍റെ പ്രതികരണം.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.

 

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴെ പ്രതികൾ ആരോപണം ഉന്നയിച്ചിട്ടില്ല.  പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. ഇപിക്കെതിരായ നിരവധി പേർ നൽകിയ പരാതികളും പൊലീസ് തള്ളിയിരുന്നു.
 

click me!