'മുഖ്യമന്ത്രി മാഫിയ സംരക്ഷകൻ', രാജിവെക്കണം; പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്, നാളെ മുതൽ ബ്ലോക്ക് തല സമരം

By Web Team  |  First Published Oct 4, 2024, 2:12 PM IST

ഒക്ടോബര്‍ 5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. 


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് കെപിസിസി. ശനിയാഴ്ച (ഒക്ടോബര്‍ 5) മുതൽ ബ്ലോക്ക് തലം കേന്ദ്രീകരിച്ചാണ് സമരം. ഒക്ടോബര്‍ 5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. 

മാഫിയ സംരക്ഷനായ മുഖ്യമന്ത്രി രാജിവെയ്ക്കുക, തൃശ്ശൂര്‍ പൂരം കലക്കിയ സിപിഎം-ബിജെപി ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വത്ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായി ഒക്ടോബര്‍ 5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ 'ജനദ്രോഹ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം' കെപിസിസി ആരംഭിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

Latest Videos

വലിയ ജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഡിസിസികള്‍ തിരഞ്ഞെടുത്ത മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 ശനിയാഴ്ച നടക്കും. തിരുവനന്തപുരത്ത് 6നും കാസര്‍കോട് 7നും ജില്ലാതല ഉദ്ഘാടനം നടക്കും. വയനാട്    മാനന്തവാടി മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും കോഴിക്കോട് ഇലത്തൂര്‍ ബ്ലോക്കിലെ എലഞ്ഞിക്കല്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. 
 
മറ്റുജില്ലകളായ തിരുവനന്തപുരത്ത്  നെയ്യാറ്റിന്‍കര ബ്ലോക്ക് പെരുമ്പഴുതൂരില്‍ കെ മുരളീധരന്‍ മുന്‍ എംപി, കൊല്ലം ശാസ്താംകോട്ട ബ്ലോക്ക്, ശാസ്താംകോട്ട വെസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി,പത്തനംതിട്ട ബ്ലോക്കിലെ കോഴഞ്ചേരി മണ്ഡലം  മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, ആലപ്പുഴ സൗത്ത് ബ്ലോക്കിലെ ബീച്ച് മണ്ഡലം എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്, കോട്ടയം ഏറ്റുമാനൂര്‍ ബ്ലോക്കിലെ അതിരമ്പുഴ മണ്ഡലം  കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, ഇടുക്കി തൊടുപുഴ ബ്ലോക്കിലെ ഇടവെട്ടി മണ്ഡലം രാഷ്ട്രീയകാര്യ സമിതി അംഗം    ഷാനിമോള്‍ ഉസ്മാന്‍, എറണാകുളം വൈറ്റില ബ്ലോക്കിലെ തമ്മനം മണ്ഡലം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, തൃശൂര്‍ ചേലക്കര മണ്ഡലം കെപിസിസി വൈസ് പ്രസിഡന്റ്    വി പി സജീന്ദ്രന്‍,പാലക്കാട് പിരായിരി മണ്ഡലം വി കെ ശ്രീകണ്ഠന്‍ എംപി, മലപ്പുറം കുറ്റിപ്പുറം ബ്ലോക്കിലെ വളാഞ്ചേരി മണ്ഡലം കെ മുരളീധരന്‍ മുന്‍ എംപി, കണ്ണൂര്‍ ധര്‍മ്മടം ബ്ലോക്കിലെ ചക്കരക്കല്‍ മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ എന്നിവരും രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. 

click me!