അങ്ങ് മാറ്റിമറിച്ചോ മലമറിച്ചോ കളയാമെന്ന ചിന്തയൊന്നും ഇല്ലെന്ന് സരിൻ ആദ്യമേ പറയുന്നു. കോൺഗ്രസിലെ പരമ്പര രാഷ്ട്രീയത്തോട് അടക്കം കൃത്യമായ നിലപാട് അദ്ദേഹത്തിനുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിന് പുത്തൻ മുഖം കൊണ്ട് വരുമെന്നും എല്ലാത്തിനും സ്ട്രാറ്റജിയുണ്ടെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു...
ആഘോഷിക്കപ്പെടേണ്ട ഒരു പദവിയിൽ അല്ല ഇരിക്കുന്നതെന്ന് പൂർണ ബോധ്യമുണ്ട്. ഒന്നും പറഞ്ഞു കൊണ്ടിരിക്കാനല്ല, പ്രവർത്തിച്ച് കാണിക്കാനാണ് പാർട്ടി പറഞ്ഞിരിക്കുന്നത്...
എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയോഗിക്കപ്പെട്ട ഡോ. പി സരിൻ പറഞ്ഞത് ഇതാണ്. അങ്ങ് മാറ്റിമറിച്ചോ മലമറിച്ചോ കളയാമെന്ന ചിന്തയൊന്നും ഇല്ലെന്ന് സരിൻ ആദ്യമേ പറയുന്നു. കോൺഗ്രസിലെ പരമ്പര രാഷ്ട്രീയത്തോട് അടക്കം കൃത്യമായ നിലപാട് അദ്ദേഹത്തിനുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിന് പുത്തൻ മുഖം കൊണ്ട് വരുമെന്നും എല്ലാത്തിനും സ്ട്രാറ്റജിയുണ്ടെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു...
undefined
ആറ് മാസത്തെ ഷോർട്ട് ടേം ടാർഗറ്റ്, രണ്ട് വർഷത്തേക്കുള്ള ലോംഗ് ടേം പ്ലാൻ
രണ്ട് തരത്തിലാണ് കാര്യങ്ങൾ ഉള്ളത്. പദവിയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലല്ല നൽകിയ ചുമതലയെ സുപ്രധാനമെന്ന് പറയേണ്ടത്. മറിച്ച് ചെയ്യാനുള്ള കാര്യങ്ങൾ സുപ്രധാനമെന്ന് തന്നെ പറയാം. പാർട്ടി നൽകിയിട്ടുള്ള ചുമതലയിൽ എന്ത് ഫലമുണ്ടാക്കുന്നു എന്നുള്ളതാണ് ഏറ്റവും സുപ്രധാനം. കോൺഗ്രസ് സൈബർ വിഭാഗം മുമ്പ് പോയിരുന്ന രീതിയിൽ മുന്നോട്ട് പോയാൽ പോരെന്ന് പാർട്ടിക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സജ്ജമാക്കുന്ന വാർ റൂമുകളിലേക്ക് മാത്രമായി സൈബർ പ്രവർത്തനം ഒതുങ്ങരുത്.
അവിടെയും ഇവിടെയും പത്തഞ്ഞൂറ് പേരെ ഇരുത്തി വാർ റൂം സെറ്റ് ചെയ്യുന്നത് അല്ല സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പ്രവർത്തനമെന്ന കൃത്യമായ ധാരണ പാർട്ടിക്ക് മുമ്പും ഉണ്ടായിരുന്നു. അത് മാറ്റുന്നതിനുള്ള ശ്രമങ്ങളും പാർട്ടി നടത്തിയിരുന്നു. പക്ഷേ, അതിന് ഒരു തുടർച്ച വേണമെന്നുള്ള ധാരണപ്രകാരമാണ് സ്ഥാനം നൽകിയത്. ഇതൊരു താക്കോൽ സ്ഥാനമോ വലിയ പദവിയോ അല്ല, ചുമതല മാത്രമാണ്. ആറ് മാസത്തെ ഒരു ഷോർട്ട് ടേം ടാർഗറ്റും രണ്ട് വർഷത്തേക്കുള്ള ലോംഗ് ടേം ടാർഗറ്റും വച്ച് ചലിപ്പിച്ച് തുടങ്ങാനാണ് പാർട്ടിയുടെ നിർദേശം.
വിഷം വാരി വിതറുന്നവർ
സൈബറിടങ്ങളിൽ സിപിഎം സ്ട്രോംഗ് എന്നല്ലേ പറയുന്നത്. തീവ്രത എന്ന് ഉപയോഗിക്കുന്നത് നെഗറ്റീവ് കാര്യങ്ങൾക്കാണ്. വിഷം എത്ര സ്ട്രോംഗ് ആണെന്നാണ് സാധാരണ പറയുക. എത്ര മില്ലി കഴിച്ചാലാണ് ചാവുക എന്നുമാണ് പറയുക. ഇപ്പോൾ സൈബറിടങ്ങളിൽ ഫിൽട്രേറ്റ് ചെയ്യുന്നത് സൈബർ ടോക്സിക്കുകളാണ്. അത് ആവർത്തിച്ച് തന്നെ പറയണം. കേരള രാഷ്ട്രീയത്തിലെ അപകടകരമായ പ്രവണതയാണ് സൈബർ ടോക്സിസിറ്റി. അതിനെ ആഘോഷമാക്കി നിർത്തി കേരളത്തിന്റെ രാഷ്ട്രീയ പരിസരങ്ങളെ മലീമസമാക്കുന്നതിന് സിപിഎം ആദ്യമേ തുടക്കം കുറിച്ചു.
ബിജെപി അതിന്റെ പിന്നാലെ തന്നെ പോവുകയാണ്. ഇതിനെ സൈബർ ടോക്സിസിറ്റി കൊണ്ട് കോൺഗ്രസ് നേരിടുമെന്ന് ആരും കതുതേണ്ട. സൈബർ ടോക്സിസിറ്റിയെ നിർവീര്യമാക്കുന്നതിനാണ് കോൺഗ്രസിന്റെ ശ്രമം. വിഷം വാരി വിതറി കൊണ്ട് തങ്ങളാണ് മുന്നിലെന്ന് കാണിക്കാനുള്ള വ്യഗ്രത ഒന്നും കോൺഗ്രസിനില്ല. പുതിയ ഒരു സൈബർ രാഷ്ട്രീയത്തിന്റെ തലം കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കാം.
വിപ്ലവമുണ്ടാക്കാമെന്ന ചിന്തയൊന്നുമില്ല
ആദ്യം രാഷ്ട്രീയത്തിൽ ഒരു വിപ്ലവം കോൺഗ്രസ് കേരളത്തിൽ കൊണ്ട് വരും. അത് ഡിജിറ്റൽ രംഗത്തേക്ക് പ്രതിഫലിപ്പിക്കുക എന്നുള്ളതാണ് ദൗത്യം. അങ്ങ് മലമറിച്ച് കളയാമെന്നോ മാറ്റിമറിച്ച് കളയാമെന്നോ ഒന്നും ചിന്തിക്കുന്നില്ല. മലമറിക്കേണ്ടതും മാറ്റിയെടുക്കേണ്ടതും തെരുവിൽ പറയുന്ന രാഷ്ട്രീയമാണ്. ആ ചെയ്യുന്നതിനെ ജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ കൃത്യതയോടെ എത്തിക്കണമെന്ന ലക്ഷ്യമാണ് ടീമിനുള്ളത്.
സ്ട്രാറ്റജിയുണ്ടേ..!
ആരെ എങ്ങനെ ക്യാമ്പയിൻ ചെയ്യണമെന്ന് കോൺഗ്രസിന് കൃത്യമായ സ്ട്രാറ്റജിയുണ്ട്. പത്ത് വർഷം ഫേസ്ബുക്ക് ആയിരുന്നെങ്കിൽ ഇന്ന് അത് അല്ല എന്ന ബോധ്യമുണ്ട്. കന്നി വോട്ടർമാരും രണ്ടാം തവണ വോട്ട് ചെയ്യുന്നവരുമെല്ലാം അതിനെ ഉപേക്ഷിച്ച് കഴിഞ്ഞു. ഇതെല്ലാം മുന്നിൽ കണ്ട് കൃത്യമായ സ്ട്രാറ്റജി പാർട്ടിക്കുണ്ട്.
കടന്നൽ, വെട്ടുകിളി ആക്രമണങ്ങൾ
ജീവിതത്തിലും രാഷ്ട്രീയത്തിലും പൊതുജനങ്ങളുടെ ഇടയിൽ ഇടപെടുന്നതിനുമൊക്കെ മൂല്യങ്ങൾ ഉണ്ടാകണമെന്ന് കോൺഗ്രസിന് നിർബന്ധമുണ്ട്. അത്തരം മൂല്യങ്ങൾ ഒന്നുമില്ലാത്തവർക്ക് ആരെയും ആക്രമിക്കാം, ആരെയും താഴ്ത്തിക്കെട്ടാം. അതിനവർക്ക് ലൈസൻസ് ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു. പണ്ട് ട്രെയിനിന്റെ ശുചിമുറികളിലും മൂത്രപ്പുരകളിലും പലതും എഴുതി വച്ചിരുന്ന രീതിയൊക്കെ ഇപ്പോ കുറഞ്ഞ് പോയിട്ടുണ്ട്.
ആ പ്രവണതയുള്ളവരൊക്കെ ഇപ്പോ സ്വന്തം വാളിൽ തന്നെയല്ലേ പോസ്റ്റ് ചെയ്യുന്നത്. ചിലരുടെയൊക്കെ കമന്റായും അത് മാറുന്നുണ്ട്. തെരുവിൽ നിന്ന് മാറി ഭീഷണി സൈബർ ഇടങ്ങളിലേക്ക് മാറി. തെറി വിളിയും കൊലവിളിയും സൈബർ ലോകത്ത് തന്നെ നടക്കുന്നു. കൂലിപ്പട്ടാളത്തെ പോലെ കടന്നലുകളും വെട്ടുകിളികളും സൈബർ സ്പേസിൽ ഇതെല്ലാം നടത്തുന്നു. ഇതിനെതിരെ പ്രതികരിക്കുന്നവർ ഇപ്പോൾ ചിതറിക്കിടക്കുകയാണ്. അവരെ ഒന്നിച്ച് ചേർക്കും.
അനിലിനെ നേതാവാക്കിയതാരാ...?
അനിലിനെ നേതാവാക്കിയതാരാ... മാധ്യമങ്ങളല്ലേ... സൈബർ ഇടത്തെ ഇടപെടലുകളെ ഒരു ടെക്നിക്കൽ പ്രോസസ് ആയിട്ടാണ് കോൺഗ്രസ് കരുതിയിരുന്നത്. അനിൽ ആന്റണി പഠിച്ച വിഷയങ്ങളുമായി ഏറ്റവും അടുത്ത് നിൽക്കുന്നതിനാൽ സ്വഭാവികമായും അദ്ദേഹത്തിലേക്ക് ആ ചുമതല എത്തിപ്പെട്ടതാണ്. രാഷ്ട്രീയത്തിൽ അനിൽ പാകപ്പെട്ട ഒരാളാണെന്ന് ആരെങ്കിലും വിലയിരുത്തിയാൽ അത് അവരുടെ കുഴപ്പമാണ്, കോൺഗ്രസിന്റെ കുഴപ്പമല്ല.
അനിൽ കോൺഗ്രസാണോ?
അനിൽ പൂർണമായും കോൺഗ്രസിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നയാളാണ്. ബിബിസി വിഷയം വിവാദമായതോടെ അനിലിന്റെ മാനസികാവസ്ഥയെ കുറിച്ച് ആരെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞയൊരാൾക്ക് അത് തിരുത്താനുള്ള അവസരം മാധ്യമങ്ങൾ കൊടുക്കുന്നുണ്ടോ? കോൺഗ്രസിൽ നിന്ന് വരെ നേരിടേണ്ടി വന്ന ആക്രമണങ്ങൾ കൊണ്ടാണ് പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് അനിൽ പറയുന്നത്.
താൻ പറഞ്ഞതിലെ പ്രശ്നങ്ങൾ എന്താണെന്ന് അനിലിന് അറിയാം. ബൊഫേഴ്സ് വിഷയം കൊണ്ട് വന്നത് സ്വീഡിഷ് മാധ്യമങ്ങളാണ്. അത് രാജ്യതാത്പര്യം എന്ന് പറഞ്ഞ് കോൺഗ്രസ് പ്രതിരോധിച്ചോ? അങ്ങനെ ഇത്തരം വിഷയങ്ങളിൽ കോൺഗ്രസിന് ഒരു നിലപാടും ചരിത്രവുമുണ്ട്. അതിനെതിരെ അനിൽ ആന്റണി പോയാലും വേറെ ആര് പോയാലും, അത് കോൺഗ്രസ് അല്ല. അതറിയാവുന്നത് കൊണ്ടാണ് അനിൽ രാജി വെച്ചത്. നല്ല കോൺഗ്രസുകാരനായി തുടരാനുള്ള ശ്രമങ്ങൾ അനിൽ തുടരുകയാണ്.
ആന്റണിയുടെ മകൻ എന്ന പ്രിവിലേജ്
ഒരിക്കലും എ കെ ആന്റണിയുടെ മകൻ എന്ന പ്രിവിലേജ് അനിലിന് ലഭിച്ചെന്ന് കരുതുന്നില്ല. അനിൽ ഈ ചുമതല ഒരിക്കലും ചോദിച്ച് വാങ്ങിയതല്ല. പാർട്ടി ചുമതല വഹിക്കാൻ സാധിക്കുമോയെന്ന് അങ്ങോട്ട് ചോദിച്ചതാണ്. പാർട്ടിക്ക് ഗുണമാകും എന്നുണ്ടേൽ പ്രവർത്തിക്കാം എന്ന നിലപാടാണ് അനിലിന് ഉണ്ടായിരുന്നത്. പിന്നീട് ഈ ചുമതലയിൽ നിന്ന് മാറണമെന്നും അനിൽ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒരിക്കലും അനിലിന്റെ പകരക്കാരനായല്ല ചുമതലയിലേക്ക് എത്തിയത്. ഒരു മാസത്തിലേറെയായി പാർട്ടി ഇതെനെക്കുറിച്ച് ആലോചനകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
പരമ്പര രാഷ്ട്രീയം വേണ്ടേ വേണ്ട..!
കുടുംബം മുഴുവൻ കോൺഗ്രസ് ആകുന്നത് കോൺഗ്രസിന്റെ കുറ്റമാണോ? സിപിഎമ്മുകാരെ മുഴുവൻ ഒഴിവാക്കി കെ വി തോമസ് മാഷിനെ ദില്ലയിലേക്ക് വിട്ടതിൽ ആരെങ്കിലും എന്തെങ്കിലും ചോദിച്ചോ? മക്കളായാലും മരുമക്കളായാലും കഴിവും ജനസ്വാധീനവും എന്താണെന്ന് കോൺഗ്രസിന് അറിയാം. അച്ഛൻ രാഷ്ട്രീയക്കാരൻ അയത് കൊണ്ട് മകൻ രാഷ്ട്രീയത്തിലിറങ്ങാൻ പാടില്ലെന്ന് പറയാനാവില്ല. രാഷ്ട്രീയത്തിലെ പദവികൾ ഒരാളിൽ നിന്ന് അടുത്ത പരമ്പരയിലേക്ക് കൈമാറുന്നത് തെറ്റ് തന്നെയാണ്. മറിച്ച് കൈമാറേണ്ടത് രാഷ്ട്രീയത്തിലെ സംസ്കാരമാണ്.
തരൂരിനെ ആരാണ് ഭയക്കുന്നത്?
ശശി തരൂരിനെ ഭയക്കുന്നത് സിപിഎമ്മും ബിജെപിയുമാണ്. അവരുടെ അലങ്കലാപ്പുകൾ എല്ലാവരും കണ്ടതാണ്. കോൺഗ്രസിന് നഷ്ടപ്പെട്ട് പോയ വോട്ടുകളെ തിരിച്ച് പിടിക്കാനുള്ള എറ്റവും അനുയോജ്യമായ മുഖമാണ് തരൂരിന്റേത്. അത് കോൺഗ്രസിനും തരൂരിനുമറിയാം. അത് പുറത്തേക്ക് വരുന്ന സമയത്ത് സിപിഎമ്മും ബിജെപിയും ഉണ്ടാക്കുന്ന അങ്കലാപ്പുകളാണ് എല്ലാം.
തരൂരിനെ പാർട്ടിക്കുള്ളിലാർക്കാണ് പേടി?
കോൺഗ്രസിന്റെ അലകും പിടിയും അറിയുക എന്നതാണ് പാർട്ടിയെ ചലിപ്പിക്കാനുള്ളതിന്റെ മാനദണ്ഡം. സംഘടനയെ ചലിപ്പിക്കുക എന്നുള്ളത് പാർട്ടി പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ഘടകവുമാണ്. കൂടാതെ, പാർട്ടിയോട് ആളുകളെ ചേർത്ത് നിർത്തേണ്ട ക്യാമ്പയിനുകൾക്ക് നേതൃത്വം കൊടുക്കുേണ്ടേതും മറ്റൊരു ഘടകമാണ്. ഇക്കാര്യത്തിൽ ഒന്നിൽ തരൂർ വളരെ മുന്നിലാണ്. അതുകൊണ്ട് തരൂർ ആണ് എല്ലാമെന്ന് കോൺഗ്രസിനെ ഇങ്ങോട്ട് ആരും പഠിപ്പിക്കാൻ വരേണ്ട. എങ്ങനെ തരൂരിനെ ഉപയോഗപ്പെടുത്തണം എന്നുള്ളത് പാർട്ടിക്ക് അറിയാം.
ഖാർഗെയെ എതിർക്കാനോ..!
മല്ലികാർജ്ജുൻ ഖാർഗെ അടിമുടി കോൺഗ്രസുകാരനായിട്ടുള്ളയാളാണ്. പ്രായം കൊണ്ട് കോൺഗ്രസിൽ കൂടുതൽ കാലം പ്രവർത്തിക്കുകയും സംഘടനാ തലത്തിൽ തെളിയിച്ചയാളുമാണ്. കേരളത്തിലെ നേതാക്കൾ ഒരിക്കലും തരൂരിനെ എതിർത്തതല്ല. കേരളത്തിലടക്കം പാർട്ടിക്കുള്ളിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി എന്നുള്ളത് ശരിയാണ്. പക്ഷേ, അത് വാർത്തയാക്കേണ്ടതല്ല.
തരൂരിന് എന്തിന് പരിഗണന കൊടുക്കണം?
ശശി തരൂരിന് എന്തിനാണ് കേരളത്തിൽ നിന്നുള്ള നേതാവെന്നുള്ള പരിഗണന കൊടുക്കേണ്ടത്. സംഘടന തലത്തിൽ തെളിയിച്ച ആളുകൾക്കാണ് പരിഗണന കൊടുക്കേണ്ടത്. സംഘടനയുടെ തലവൻ ആയി ഇരിക്കണമെങ്കിൽ സംഘടനാ തലത്തിൽ പ്രവർത്തിച്ചതിന്റെ സ്കിൽ ആണ് വേണ്ടത്. പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ ദേശീയ തലത്തിൽ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നുണ്ട്. തരൂർ കൂടെ വന്നിട്ട് യുവാക്കളെ ആകർഷിക്കാനുള്ള പുതിയ ധർമ്മം നിർവഹിക്കാനില്ല. രാഹുൽ + തരൂർ എന്ന കൂട്ടുക്കെട്ടിന് ഇന്ത്യയിൽ ഒന്നും ചെയ്യാനില്ല. മറിച്ച് രാഹുൽ + ഖാർഗെ കൂട്ടുക്കെട്ടിന് ഒരുപാട് ചെയ്യാനാകും.
ഖാർഗെയുടെ പ്രായം
80 പിന്നിട്ട ഖാർഗെ എത്ര ചുറുചുറുക്കോടെയാണ് കശ്മീരിൽ ഉണ്ടായിരുന്നത്. എന്തിനാണ് ഇങ്ങനെ പ്രായത്തെ മാനദണ്ഡമാക്കുന്നത്. 80 പിന്നിട്ടവർക്ക് രാഷ്ട്രീയത്തിൽ അവരുടെ ശേഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള അവസരമുണ്ട്. രാഷ്ട്രീയത്തിലും വിരമിക്കൽ പ്രായം വേണ്ട എന്നല്ല പറയുന്നത്, അത് മാത്രം മാനദണ്ഡമാക്കി ഖാർഗെയെ ഇകഴ്ത്തേണ്ട കാര്യമില്ല. എഴുതുന്നവർക്കും സംവാദം നടത്തുന്നവർക്കുമാണ് തരൂരിനെ വേണ്ടത്. എന്നാൽ, പാർട്ടിയെ തെരുവിൽ ചലിപ്പിക്കുന്ന ഒരാളെയാണ് മറ്റ് വിഭാഗങ്ങൾക്ക് ആവശ്യം.
ഒരു വി ടി ബൽറാം പോരാ...
കേരളത്തിലെ കോൺഗ്രസിന് ഒരു വി ടി ബൽറാം മാത്രം പോരാ. കൂടുതൽ വി ടി ബൽറാമുമാർ ഉണ്ടാവണം. പാർട്ടിക്ക് ഇനി ചെയ്തെടുക്കാൻ ഉള്ളതും അതാണ്. സംസ്ഥാന തലത്തിൽ അല്ലെങ്കിൽ പോലും, ജില്ലയിലെയും പ്രാദേശിക തലത്തിലെയും വിഷയങ്ങളെ സ്മാർട്ട് ആയി അവതരിപ്പിക്കാൻ കഴിയുന്നവരെ വളർത്തും. അതിന് നേതൃത്വം വി ടി ബൽറാമിനെ പോലുള്ളവർ ഉണ്ട്.
ഡോ. റോബിന്റെ രാഷ്ട്രീയ പ്രവേശനം
ഡോ. റോബിൻ രാധാകൃഷ്ണൻ ഏത് പാർട്ടിയിലേക്കാണ് എന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലല്ലോ. എന്നാൽ, സോഷ്യൽ മീഡിയ സ്റ്റാർ എന്നുള്ള താരപ്പൊലിമയ്ക്കപ്പുറം കോൺഗ്രസിനായി എന്തെങ്കിലും നൽകാനുണ്ടെങ്കിൽ, ആ വിശ്വാസത്തിൽ വന്നാൽ സന്തോഷം തന്നെ. തന്റെ കഴിവുകൾ കൊണ്ട് കോൺഗ്രസിന് എന്തെങ്കിലും നൽകാനുണ്ടെന്ന വിശ്വാസത്തിൽ ഒരാൾ പാർട്ടിയിലേക്ക് വരികയാണെങ്കിൽ അത് വേണ്ട എന്ന് പറയേണ്ട കാര്യമില്ലല്ലോ...
സൈബർ ആക്രമണം
നമ്മളെ ആക്രമിക്കുന്നവരെ തിരിച്ചും ആക്രമിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, അതേ നാണയത്തിൽ തിരിച്ച് ചെയ്യുമെന്നല്ല പറഞ്ഞത്. യുദ്ധത്തിൽ അങ്ങനെയൊന്നുമല്ല ജയിക്കാനാവുകയെന്നും അറിയാം. സ്ത്രീകളും കുട്ടികളും അടക്കം സൈബർ ആക്രമങ്ങൾക്ക് ഇരയാകുന്ന ഒരുപാട് വിഭാഗങ്ങളുണ്ട്. ഫേസ്ബുക്കിൽ നിന്ന് ഒരുപാട് ആളുകൾ വിട്ടുപോയതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്. ആളുകളെ മാന്യമായി ഇടപെടാൻ പഠിപ്പിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. പൊതു സ്ഥലത്തായാലും സൈബർ ഇടങ്ങളിൽ ആയാലും സ്വന്തം അണികളെ അച്ചടക്കമുള്ള രാഷ്ട്രീയ പ്രവർത്തനത്തിലൂടെ നയിക്കേണ്ടത് എങ്ങനെയെന്ന് കോൺഗ്രസിന് അറിയാം.
ഇന്ധന സെസിനെതിരെ അലയടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം, കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷം