സസ്പെൻഷൻ ഓർഡറില്‍ 'സദാചാര ക്ലാസ്'; ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് പൊലീസുകാരന്‍

By Web Team  |  First Published Sep 20, 2020, 10:47 PM IST

ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു- ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചു. 
 


കോഴിക്കോട്: യുവതിക്ക് താമസിക്കാന്‍ ഫ്ലാറ്റ് എടുത്തു കൊടുത്തു എന്ന കുറ്റത്തിന് പൊലീസുകാരന് അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍.  ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഫേസ്ബുക്കില്‍‌ പോസ്റ്റിട്ടതിന്  2019 ജനുവരിയില്‍ സസ്പെന്‍ഷന്‍ നേരിട്ട കോഴിക്കോട് സിറ്റി കണ്ട്രോള്‍ റൂമിലെ സീനിയര്‍ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിനെയാണ് വീണ്ടും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

സസ്പെന്‍ഷന്‍ ഉന്നത ഉദ്യോഗസ്ഥരുടെ പക പോക്കലാണെന്നാണ് ആരോപണം. സസ്പെന്‍ഷനെതിരെ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റിട്ടു. കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു. അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു  വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു- ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Latest Videos

തന്‍റെ മകളെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുപോവുകയും ഫ്ലാറ്റെടുത്ത് താമസിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ഉമേഷിനെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. വിവാഹ മോചനം നേടിയിട്ടില്ലാത്ത പൊലീസുകാരന്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് യുവതിയെ താമസിപ്പിക്കുകയും അവിടെ സ്ഥിര സന്ദര്‍ശകനുമാണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

ഇതിനെതിരെ യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ തനിക്ക് വീട് സ്വന്തമായി വാടകയ്ക്കെടുത്ത് താമസിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റൊരാള്‍ തനിക്ക് വീട് വാടകയ്ക്കെടുത്തു തന്നെന്നും അവിടെ സ്ഥിര സന്ദര്‍ശകനാണെന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്തത് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പൊലീസുകാരനോടുള്ള പക തീര്‍ക്കാന്‍ തന്നെ അപമാനിക്കുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു. 

നേരത്തെ ഡോ. ബിജുവിന്‍റെ കാടു പൂക്കുന്ന നേരം എന്ന സിനിമയില്‍ മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസിനെ  പരാമര്‍ശിക്കുന്ന സംഭാഷണം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് ഉമേഷിന്‍റെ ഇന്‍ക്രിമെന്റ് തടഞ്ഞ് വച്ചിരുന്നു. ശബരിമല വിഷയത്തില്‍ മിഠായിത്തെരുവി ല്‍ബിജെപി പ്രവവര്‍ത്തകര്‍ നടത്തിയ അക്രമണം തടയുന്നതില്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടു എന്ന് ഫേസ്ബുക്കില്‍ എഴുതിയതിന് ഉമേഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു. 
2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻ ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.

31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി "അവളുടെ പേരിൽ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു" എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പോലീസുകാരന്റെ സസ്പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ.

അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു  വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.

click me!