സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ രണ്ടാം ദിവസവും തയ്യാറായില്ല.
കോഴിക്കോട്: കോഴിക്കോട് ഡി എം ഒ ഓഫീസിൽ രണ്ടാം ദിനവും നാടകീയ രംഗങ്ങള്‍ തുടരുന്നു. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ രണ്ടാം ദിവസവും തയ്യാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഡി എം ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നാണ് കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ്റെ നിലപാട്. അതേസമയം, ഡോ രാജേന്ദ്രനോട് സ്ഥലം മാറാൻ ഉടൻ നിർദേശിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ സെക്രട്ടറി തന്നെ രാജേന്ദ്രനുമായി സംസാരിക്കും. ഡിസംബർ 12 ലേ സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ ഇല്ലെന്നും ഡോ. രാജേന്ദ്രനെ കേൾക്കണമെന്ന് മാത്രമാണ് ഉത്തരവെന്നുമാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. പുതിയ ഉത്തരവ് ആവശ്യം ഇല്ലെന്ന് വാദം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും സ്ഥലം മാറ്റം ലഭിച്ച ഡോക്ടര്‍ എന്‍ രാജേന്ദ്രന് പകരം സ്ഥാനമേറ്റെടുക്കാന്‍ എത്തിയതാണ് ഡോക്ടര്‍ ആശാദേവി ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്ക് ഓഫീസിലെത്തിയെങ്കിലും കസേര വിടാന്‍ രാജേന്ദ്രന്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ആശാദേവിയും കാബിനിലിരുന്നു. വൈകിട്ട് ആശാദേവി ഓഫീസില്‍ നിന്നും മടങ്ങിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞ ശേഷമാണ് ഡോക്ടര്‍ രാജേന്ദ്രന്‍ സ്ഥലം വിട്ടത്. കോഴിക്കോട് ഡി എം ഒ ആയ ഡോക്ടര്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായാണ് ഡിസംബര്‍ ആദ്യം സ്ഥലം മാറ്റിയത്. ഈ മാസം പത്തിന് ഡോക്ടര്‍ ആശാദേവി കോഴിക്കോട് ഡി എം ഒയായി ചുമതലയേറ്റു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലില്‍ നിന്നും സ്ഥലം മാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി എം ഒയായി ചാര്‍ജെടുത്തു. പിന്നീട് അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രിബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഉച്ചയോടെ ഓഫീസിലെത്തിയത്.
undefined
എന്നാല്‍, നിയമനടപടികളിലെ സാങ്കേതികത്വം ഉയര്‍ത്തി രാജേന്ദ്രന്‍ പദവിയൊഴിഞ്ഞില്ല. ഇന്ന് രാവിലെ ആശാദേവി വീണ്ടും കോഴിക്കോട് ഡി എം ഒ ഓഫീസിലെത്തിയെങ്കിലും രാജേന്ദ്രന്‍ കസേര ഓഴിയാന്‍ തയ്യാറായില്ല. ഇതോടെ രണ്ട് പേരും കാമ്പിനില്‍ തുടരുകയാണ്. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് രണ്ടു പേരും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം