
തിരുവനന്തപുരം: ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. കേരളത്തിന് അഭിമാനകരമായ പോരാട്ടം നടത്തി രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെന്ന ഉത്തരവാദിത്വം, ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ എന്നിവയ്ക്കിടയില്‍ കിക്ക് ബോക്‌സിങ്ങിനോടുള്ള അഭിനിവേശത്തെ ചേര്‍ത്ത് പിടിച്ച ഡോക്ടറാണ് അനു. സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും വേണ്ടി ഒരു വ്യായാമം എന്ന നിലയിലാണ് കോട്ടയത്ത് ഡോ. അനു ബോക്‌സിംഗ് പരിശീലനത്തിന് പോയത്. ഡോ. വന്ദനയുടെ വിയോഗമാണ് സ്വയം പ്രതിരോധത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് അനു പറഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് ഒരു പ്രൊഫഷണല്‍ ബോക്‌സിംഗ് താരത്തെ പോലെ അനുവിന് മാറാനായി. ഇതോടെയാണ് ദേശീയതല കിക്ക് ബോക്‌സിംഗ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.
ഡോ. അനുവിന് 35 വയസ് പ്രായമുണ്ട്. അതേസമയം ബോക്‌സിംഗ് മത്സരത്തില്‍ പങ്കെടുത്തവരെല്ലാം 25ല്‍ താഴെ പ്രായമുള്ളവരായിരുന്നു. 'വെറുതേ ഇടിമേടിച്ച് പഞ്ചറാകാനാണോ വന്നതെന്ന്' പലരും അടക്കം പറഞ്ഞ് ചിരിച്ചു. ഫെഡറല്‍ ബാങ്ക് മാനേജര്‍ കൂടിയായ ഭര്‍ത്താവ് ജിഷ്ണു ആത്മവിശ്വാസം നല്‍കി. പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ കുഴപ്പമില്ല, ടൈം ഔട്ട് വിളിച്ച് മതിയാക്കാന്‍ ഉപദേശിച്ചു. അതേസമയം മത്സരത്തിനായി ബോക്‌സിംഗ് കളത്തിലേക്ക് ഇറങ്ങിയതോടെ കളിയാക്കിയവര്‍ വിയര്‍ത്തു. ഡോ. അനുവിന്റെ കിക്കുകള്‍ തടുക്കാനാകാതെ അവരെല്ലാം തോറ്റു. ഡോ. അനുവിന് 2 വിഭാഗങ്ങളില്‍ സ്വര്‍ണമെഡല്‍.
ഗുരുവും കേരള കിക്ക് ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റുമായ സന്തോഷ് കുമാറിന്റെ പരിശീലനം തന്റെ വിജയത്തില്‍ ഏറെ പങ്കുവഹിച്ചതായി ഡോ. അനു പറഞ്ഞു. മുമ്പ് രണ്ട് സിസേറിയനുകള്‍ അടുപ്പിച്ച് കഴിഞ്ഞതിനാല്‍ ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മനസിലെ ആഗ്രഹവും നല്ല പരിശീലനവുമുണ്ടെങ്കില്‍ എവിടേയും വിജയിക്കാനാകും. പ്രായം തടസമല്ലെങ്കില്‍ കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാണ് താത്പര്യമെന്നും ഡോ. അനു പറഞ്ഞു. തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പിജിയും നേടിയ ശേഷമാണ് ആരോഗ്യ വകുപ്പില്‍ ജോലി കിട്ടുന്നത്. കെജിഎംഒഎ കോട്ടയം ജോയിന്റ് സെക്രട്ടറി കൂടിയാണ് ഡോ അനു. ആറ് വയസുകാരനായ ആദിശേഷന്‍, നാല് വയസുകാരിയായ ബാനി ദ്രൗപദി എന്നിവർ മക്കളാണ്.
Read More : രോഗിയായ യുവതിയോട് മോശം പെരുമാറ്റം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ, പരാതി നൽകും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam