കോതമംഗലം പള്ളി കേസ്: സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

By Web Team  |  First Published Feb 11, 2020, 3:02 PM IST

ശവസംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ ഓർഡിനൻസിലെ വ്യവസ്ഥകൾ ബാധകം ആയിരിക്കും എന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.


കൊച്ചി: കോതമംഗലം പള്ളിക്കേസിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത്  ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജിയാണ് തള്ളിയത്. ശവസംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ ഓർഡിനൻസിലെ വ്യവസ്ഥകൾ ബാധകം ആയിരിക്കും എന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.

പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ പള്ളിയും സ്വത്തും ജില്ലാ കളക്ടർ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിൽ ഇല്ലാത്തതിനാൽ സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സർക്കാർ വാദം. പളളി ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെങ്കിലും ശവസംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ പുറപ്പെടുവിച്ച പുതിയ ഓർഡിനൻസിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. യാക്കോബായ വിഭാഗം സമർപ്പിച്ച റിവ്യൂ ഹർജിയും ഇതോടൊപ്പം കോടതി തള്ളിയിട്ടുണ്ട്.

Latest Videos

ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കളക്ടർ നൽകിയ അപേക്ഷ പരിഗണിച്ച കോടതി വിധി നടപ്പാക്കാൻ സാവകാശം അനുവദിച്ചിരുന്നു. അതേസമയം, പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

click me!