1970 -ൽ ഡി. അപ്പുക്കുട്ടൻ നായർ എന്ന ചീഫ് എഞ്ചിനീയർ സ്ഥാപിച്ച സ്ഥാപനമാണ് 'മാർഗി'. കലാമണ്ഡലത്തിലെ പഠനശേഷം മാർഗിയിലെ കലാകാരികളിലൊരാളാവാൻ ഉഷയെ ക്ഷണിക്കുന്നത് മാർഗി സതിയാണ്. കൂടിയാട്ടവും നങ്ങ്യാർകൂത്തും ചെയ്യുക മാത്രമല്ല മാർഗിയിലെ അധ്യാപിക കൂടിയാണ് ഉഷ.
2012 വരെ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കൂടിയാട്ടത്തിന് കുട്ടികളുമായി എത്തിയിരുന്നതെല്ലാം പുരുഷന്മാരായിരുന്നു. എന്നാൽ, അത് മാറ്റിമറിച്ച ആളാണ് നങ്ങ്യാർകൂത്ത് കലാകാരിയായ മാർഗി ഉഷ. 2012 -ൽ താൻ പരിശീലിപ്പിച്ച വിദ്യാർത്ഥികളുമായി അവർ സ്കൂൾ കലോത്സവത്തിലെ കൂടിയാട്ടം വേദിയിലെത്തി. പിറ്റേ വർഷം മുതൽ കലോത്സവത്തിന് നങ്ങ്യാർ കൂത്തും ഒരു മത്സരയിനമായി. അതോടെ, ഉഷയുടെ വിദ്യാർത്ഥികൾ നങ്ങ്യാർകൂത്തിലും മത്സരിച്ച് തുടങ്ങി. ഈ വർഷവും നങ്ങ്യാർക്കൂത്തിൽ ഉഷയുടെ വിദ്യാർത്ഥികൾ മത്സരത്തിനുണ്ട്. ആ തിരക്കിനിടയിലും കലയും കലോത്സവവും ജീവിതവും പറയുകയാണ് ഉഷ.
പഠിക്കാൻ മിടുക്കിയല്ലാത്ത കുട്ടി, ചുവടുവച്ചത് നങ്ങ്യാർക്കൂത്തിൽ
undefined
കലാമണ്ഡലത്തിന് തൊട്ടടുത്തായിരുന്നു മാർഗി ഉഷയുടെ വീട്. കൊട്ടും പാട്ടും വാദ്യവുമെല്ലാം വീട്ടിൽ കേൾക്കാം. അങ്ങനെയങ്ങനെയാവണം കലയോടുള്ള ഇഷ്ടം ഉഷയിൽ വേരുറക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയം. കൂടിയാട്ടം കുലപതിയായിരിക്കുന്ന പത്മശ്രീ നാരായണൻ നമ്പ്യാരുടെ കുട്ടികൾക്ക് ഉഷയുടെ ചേച്ചി ട്യൂഷനെടുക്കുന്നുണ്ടായിരുന്നു. 'ഞാനാണെങ്കിൽ പഠിക്കാനൊന്നും മിടുക്കിയല്ല. നാരായണൻ നമ്പ്യാരാശ്ശാനാണ് കലാമണ്ഡലത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നത്. അന്ന് കൂടിയാട്ടം പഠിക്കാൻ അധികം കുട്ടികളൊന്നും ഇല്ല. അങ്ങനെ, കലാമണ്ഡലത്തിൽ കൂടിയാട്ടത്തിന് ചേർന്നു.' കൂടിയാട്ടത്തിലേക്കുള്ള വഴിയെ കുറിച്ച് ഉഷ ഓർക്കുന്നു.
കൂടിയാട്ടത്തിനൊപ്പം തന്നെ നങ്ങ്യാർക്കൂത്ത് പഠിക്കുന്നുണ്ട്. കൂടാതെ, മോഹിനിയാട്ടവും ഭരതനാട്യവും പഠിച്ചു. അന്ന് കൂടിയാട്ടത്തിന് ഇതുപോലെ പ്രശസ്തി ഇല്ല. കുട്ടികളും കുറവാണ്. പഠിച്ചവരിൽ പലരും ഉപജീവന മാർഗമായി മറ്റെന്തെങ്കിലും കണ്ടെത്തി. എന്നാൽ, ഉഷയ്ക്കെന്നും കലയോടായിരുന്നു ഇഷ്ടം. കലയോട് തന്നെയായിരുന്നു താല്പര്യവും. ഇപ്പോഴും താൻ പണം നോക്കാറില്ല. പലപ്പോഴും സാമ്പത്തികമായ കാര്യങ്ങൾ ഭർത്താവാണ് നോക്കുന്നത് എന്നും ഉഷ പറയുന്നു.
2012 -ൽ കൂടിയാട്ടത്തിന് കുട്ടികളുമായി കലോത്സവത്തിന്
പൈങ്കുളം നാരായണനായിരുന്നു അന്ന് സ്കൂൾ കലോത്സവത്തിന് കൂടിയാട്ടത്തിൽ പ്രധാനമായും കുട്ടികളെ പരിശീലിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഒക്കെയായി ഇഷ്ടം പോലെ കുട്ടികളും ഉണ്ട്. 2013 -ൽ കലോത്സവത്തിന് കുട്ടികളുമായി ഇറങ്ങുമ്പോഴും ഉഷ അദ്ദേഹത്തെ വിളിച്ചു.
'നാരായണേട്ടാ ഞാനിങ്ങനെ കൂടിയാട്ടത്തിന് കുട്ടികളുമായി വരുന്നുണ്ടേ എന്ന് പറഞ്ഞു. അതിനെന്താ നീ ധൈര്യമായി പോന്നോളൂ എന്നായിരുന്നു മറുപടി. അങ്ങനെ കുട്ടികളുമായി നേരെ കലോത്സവത്തിനെത്തി. ടെൻഷനുണ്ടായിരുന്നു. എന്നാലും, കൂടിയാട്ടത്തെ ജനകീയമാക്കണം എന്ന് ആഗ്രഹമായിരുന്നു ഉള്ളിലാകെ. അങ്ങനെയാണ് കുട്ടികളുമായി കൂടിയാട്ടത്തിനെത്തുന്നത്' എന്ന് ഉഷ ഓർക്കുന്നു.
മാർഗിയിലെ കലാകാരിയാവുന്നതിങ്ങനെ
1970 -ൽ ഡി. അപ്പുക്കുട്ടൻ നായർ എന്ന ചീഫ് എഞ്ചിനീയർ സ്ഥാപിച്ച സ്ഥാപനമാണ് 'മാർഗി'. കലാമണ്ഡലത്തിലെ പഠനശേഷം മാർഗിയിലെ കലാകാരികളിലൊരാളാവാൻ ഉഷയെ ക്ഷണിക്കുന്നത് മാർഗി സതിയാണ്. കൂടിയാട്ടവും നങ്ങ്യാർകൂത്തും ചെയ്യുക മാത്രമല്ല മാർഗിയിലെ അധ്യാപിക കൂടിയാണ് ഉഷ.
ഇത്രയും വർഷത്തെ തന്റെ കലാജീവിതത്തിൽ സ്വന്തമായി ചിട്ടപ്പെടുത്തിയതും അല്ലാത്തതുമായി അനേകം നങ്ങ്യാർക്കൂത്ത് ഉഷ അവതരിപ്പിച്ചു. 2010 -ലാണ് സ്വന്തമായി ചിട്ടപ്പെടുത്തിയ 'ദാരികവധം' ഉഷ ചെയ്യുന്നത്. അത് നൂറിലധികം വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു ഇന്ന്. പിന്നീട്, കവി അയ്യപ്പപ്പണിക്കരുടെ കൃതിയായ 'ജന്മപരിണാമ'ത്തെ മുൻനിർത്തി 'രാധാമാധവം' എന്ന പേരിലും ഉഷ നങ്ങ്യാർക്കൂത്ത് രചിക്കുകയുണ്ടായി. രാധയോടാണ് കൃഷ്ണന് സ്നേഹക്കൂടുതൽ എന്ന പരിഭവമായിരുന്നു രാധാമാധവത്തിലുടനീളം. ഒരുപാട് ആസ്വാദകരെ നൽകിയ ഒന്നായിരുന്നു രാധാമാധവം.
പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് കൂടിയാട്ടത്തെ ലോകപൈതൃക അനുഷ്ഠാനകലയായി അംഗീകരിക്കുന്ന സമയത്ത് അവിടെയുണ്ടാവാൻ കഴിഞ്ഞു എന്നതും ഉഷയുടെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്നാണ്. 'ശൂർപ്പണഖാങ്കം' കൂടിയാട്ടത്തിൽ സീതയുടെ കഥാപാത്രമായിട്ടാണ് അന്ന് ഉഷ അവിടെയെത്തിയത്.
കല മാത്രം മതി വിവാഹം വേണ്ട എന്ന തീരുമാനം മാറ്റേണ്ടി വന്നു
37 വയസ് വരെ വിവാഹമേ വേണ്ട, തനിക്ക് കല മതി എന്ന് പറഞ്ഞുനടന്ന ആളായിരുന്നു ഉഷ. കൂടിയാട്ടമില്ലാത്ത ഒരു ജീവിതം അവർക്ക് ചിന്തിക്കുക പോലും അസാധ്യമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായിട്ടാണ് ഒരു ട്രെയിൻ യാത്രയിൽ ജോബിയെ കണ്ടുമുട്ടുന്നത്. രണ്ടുപേരും തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. അന്ന് ഇതുപോലെ മൊബൈൽ ഫോണുകളൊന്നും സജീവമായ കാലമായിരുന്നില്ല. എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചു പോയാൽ ആരെങ്കിലും അറിയണം എന്ന തോന്നലുണ്ടായിരുന്നു ഉഷയ്ക്ക്. അതുകൊണ്ട് തന്റെ അരങ്ങിലെ ചിത്രങ്ങളും, അതുപോലെ വിലാസവും എല്ലാം കയ്യിൽ കരുതുന്ന ശീലമുണ്ടായിരുന്നു. ജോബിയെ പരിചയപ്പെട്ടപ്പോൾ അതെല്ലാം ജോബിക്കും കാണിച്ച് കൊടുത്തു. അടുത്ത് പരിചയപ്പെട്ടപ്പോൾ തന്നെ പിന്തുണക്കുന്ന ആളാണ് എന്ന് തോന്നിയപ്പോൾ വിവാഹിതയാവാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഉഷ പറയുന്നു.
നങ്ങ്യാർക്കൂത്തിന്റെ ഭാവി
ഒരുകാലത്ത് വളരെ ചുരുക്കം ചില വേദികളിൽ മാത്രം അവതരിപ്പിക്കപ്പെട്ടിരുന്ന നങ്ങ്യാർക്കൂത്ത് ഇന്ന് അനേകം വേദികളിൽ അവതരിപ്പിക്കപ്പെടുന്നു എന്നതിന്റെ സന്തോഷവും ഉഷ പങ്ക് വയ്ക്കുന്നു. കലോത്സവ വേദികളിലടക്കം അനേകം പേർ ഇന്ന് നങ്ങ്യാർക്കൂത്തും കൂടിയാട്ടവും കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നങ്ങ്യാർക്കൂത്ത് ഇനിയും കൂടുതൽ ആളുകളിലേക്കെത്തുകയേ ഉള്ളൂവെന്നാണ് ഉഷ പറയുന്നത്.
Read More : കല്യാണത്തിന് ഇത്രയും സ്വർണം വേണോ? ഒപ്പന മത്സരത്തിലെ മണവാട്ടിമാർ ഒറ്റസ്വരത്തിൽ പറയുന്നതിങ്ങനെ...