കോന്നി ഇടതുപക്ഷത്തിന്റെ കുത്തക; തോൽവിക്ക് കാരണം ഡിസിസി; ആഞ്ഞടിച്ച് അടൂർ പ്രകാശ്

By Web Team  |  First Published Oct 26, 2019, 11:18 AM IST
  • തെരഞ്ഞെടുപ്പ് കാലത്തെ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ പ്രവർത്തനമാണ് തോൽവിക്ക് കാരണം.
  • കെപിസിസി തലത്തിൽ നടക്കുന്ന യോഗത്തിൽ എനിക്ക് പറയാനുള്ളത് ഞാൻ പറയും.
  • കോന്നിയിലെ തോൽവിയുടെ കാരണങ്ങൾ പാർട്ടി അന്വേഷിച്ച് കണ്ടെത്തണം

തിരുവനന്തപുരം: ദീർഘകാലം താൻ പ്രതിനിധീകരിച്ച കോന്നി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് അപ്രതീക്ഷിത തോൽവി വഴങ്ങാൻ കാരണം ഡിസിസി നേതൃത്വമാണെന്ന് അടൂർ പ്രകാശ് എംപി. ഉപതെരഞ്ഞെടുപ്പ് കാലത്ത് ഡിസിസി നേതൃത്വത്തിന്റെ തെറ്റായ പ്രവർത്തനമാണ് തോൽക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ തെറ്റായ കാരണങ്ങൾ എന്താണെന്ന് വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇക്കാര്യം കെപിസിസി യോഗത്തിൽ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

"ഞാൻ അഞ്ച് തവണ അവിടെ മത്സരിച്ച് ജയിച്ചു. 806 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആദ്യം ജയിച്ചത്. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ചു. നാലാമത്തെ തവണ മാത്രം 6878 വോട്ടായി. അഞ്ചാം വട്ടമാണ് 20749 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന മണ്ഡലമാണ് കോന്നി. 1996 ൽ ഞാൻ മത്സരിക്കുമ്പോൾ എ പദ്മകുമാറായിരുന്നു എന്റെ എതിർ സ്ഥാനാർത്ഥി. 806 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്."

Latest Videos

"ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും നിങ്ങൾക്കറിയാവുന്നതാണ്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പാർട്ടി എന്നോട് ആവശ്യപ്പെട്ടു. ഇടതുപക്ഷം പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ്. അവിടെ പോയി മത്സരിച്ചു. അപ്രതീക്ഷിതമായി നല്ല ഭൂരിപക്ഷത്തോടെ എനിക്ക് ജയിക്കാനായി. അവിടുത്തെ ജനങ്ങൾ നല്ല ഭൂരിപക്ഷത്തോടെ എന്നെ ജയിപ്പിച്ചുവെന്നത് എന്നും എക്കാലവും ഓർമ്മയിലുണ്ടാകും. അതുകൊണ്ടാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. കോന്നിയിൽ പാർട്ടിക്ക് വേണ്ടി ഞാനൊരു സ്ഥാനാർത്ഥിയെ പറഞ്ഞു. അതിന് ശേഷം പാർട്ടി മറ്റൊരു തീരുമാനം പറഞ്ഞു. പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഞാനത് പൂർണ്ണമായും അംഗീകരിച്ചു."

"തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ്  ഉച്ച വരെ ആറ്റിങ്ങലിൽ ചെലവഴിച്ച്, ഉച്ചക്ക് ശേഷം കോന്നിയിലെ 70 ഓളം ബൂത്ത് കമ്മിറ്റികളിൽ ഞാൻ നേരിട്ട് പങ്കെടുത്തു. പാർട്ടിയുടെ തീരുമാനത്തിൽ അടിയുറച്ച് നിന്നു. കുടുംബ യോഗങ്ങളിലും നേതാക്കന്മാർ വന്ന സ്ഥലത്തും എന്റെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഞാൻ തന്നെ വരണം എന്നാവശ്യപ്പെട്ട എല്ലാ കുടുംബയോഗങ്ങളിലും ഞാൻ എത്തിയിരുന്നു."

"നിർഭാഗ്യകരമെന്ന് പറയട്ടെ, പ്രതീക്ഷിച്ച വിജയം അവിടെ നേടാനായില്ല. അപ്രതീക്ഷിതമായ മുന്നേറ്റം ഇടതുമുന്നണി ഉണ്ടാക്കി. കോന്നി ഇടതുപക്ഷത്തിന്റെ മണ്ഡലമെന്ന നിലയിലാണ് എക്കാലവും കണ്ടിട്ടുള്ളത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ആ നാട്ടിലെ ജനങ്ങൾ, ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ അവർക്കൊപ്പം നിന്നത് കൊണ്ട് എന്നെ പിന്തുണക്കുകയായിരുന്നു. ഈ തോൽവിയിൽ എനിക്ക് വലിയ ദു:ഖമുണ്ട്. 1982 ൽ പത്തനംതിട്ട രൂപീകരിച്ചപ്പോൾ യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. അന്ന് ജില്ലാ സെക്രട്ടറിയായിരുന്നു പി മോഹൻരാജ്. അദ്ദേഹത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചപ്പോൾ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം നിന്നിട്ടുണ്ട്."

"ഞാനെവിടെയും ഒളിച്ചോടിയിട്ടില്ല, അങ്ങിനെയൊരാളല്ല. ജില്ലാ കോൺഗ്രസ് നേതൃത്വമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം ഏറ്റെടുത്ത് മുന്നോട്ട് പോയത്. കോന്നിയിലെ ജനങ്ങൾക്ക് അവരുടെ പ്രവർത്തനം ഉൾക്കൊള്ളാനായിട്ടില്ല എന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ പ്രവർത്തനമാണ് തോൽവിക്ക് കാരണം. അത് വിശദീകരിക്കാൻ ഞാനുദ്ദേശിക്കുന്നില്ല. കെപിസിസി തലത്തിൽ എനിക്ക് പറയാനുള്ളത് ഞാൻ പറയും. കോന്നിയിലെ തോൽവിയെ കാരണങ്ങൾ പാർട്ടി അന്വേഷിച്ച് കണ്ടെത്തണം."

"ഞാൻ 20000 വോട്ടിന് ജയിച്ചെന്ന് കരുതി, അത്രയും ആളുകളെ സ്വാധീനിക്കാനുള്ള ശേഷിയുള്ള ആളൊന്നുമല്ല ഞാൻ. എന്നെ പാർട്ടി ഏൽപ്പിച്ചതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. വലിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ജയിക്കുമെന്നാണ് ഞാൻ കരുതിയത്. ഡിസിസി നേതൃത്വം തുടരേണ്ടതുണ്ടോ എന്ന് സംബന്ധിച്ച എന്റെ അഭിപ്രായം പാർട്ടിയിൽ പറയും. പി മോഹൻരാജ് എന്നെ കുറ്റപ്പെടുത്തിയല്ല സംസാരിച്ചത്. കെപിസിസി തലത്തിൽ നടക്കുന്ന യോഗത്തിൽ വച്ച് എന്റെ അഭിപ്രായം പറയാൻ തയ്യാറാണ്. എനിക്ക് പല കാര്യങ്ങളും പറയാനുണ്ട്." 

"സമുദായ സംഘടനകളുടെ സഹായങ്ങൾ പല ഇടങ്ങളിലും കിട്ടിയിട്ടുണ്ട്. എനിക്ക് കിട്ടിയത് ഏതെങ്കിലും ജാതിയുടെ പേരിലുള്ള വോട്ടല്ല. ഞാൻ അവിടുത്തെ ജനങ്ങളുടെ കൂടെ നിന്നത് കൊണ്ട് എല്ലാ ജാതി മത കക്ഷിയിലും പെട്ട ജനങ്ങളും എനിക്ക് വോട്ട് നൽകി വിജയിപ്പിക്കുകയായിരുന്നു. "

റോബിൻ പീറ്ററിന്റെ അയോഗ്യതയും പി മോഹൻരാജിന്റെ യോഗ്യതയും എന്താണെന്ന ചോദ്യത്തിന് അക്കാര്യം തനിക്ക് അറിയില്ല എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. കോന്നി സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തനിക്ക് കെപിസിസി നേതൃത്വത്തിൽ നിന്ന് യാതൊരു വാഗ്‌ദാനവും ലഭിച്ചിട്ടില്ല. അഞ്ച് പ്രാവശ്യം മത്സരിച്ചപ്പോഴും കൊട്ടിക്കലാശത്തിന്റെ സമയത്ത് എന്റെ സാന്നിധ്യം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം. ആറ്റിങ്ങലിൽ ആറാം തവണയാണ് മത്സരിച്ചത്. കൊട്ടിക്കലാശത്തിൽ പങ്കെടുത്തില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതിന് മറുപടി പറയാൻ ഞാൻ ആളല്ല. കോന്നിയിൽ പി മോഹൻരാജ് തോറ്റതിൽ എനിക്ക് ശക്തമായ ഖേദമുണ്ട്. ഓർത്തഡോക്സ് സഭയ്ക്ക് അമർഷം ഉണ്ടായിരുന്നോ എന്ന് അറിയില്ല. ബിജെപിക്ക് വോട്ട് വർധനവുണ്ടായത് സാമ്പത്തികമായ സഹായം അവർ അമിതമായി പ്രയോജനപ്പെടുത്തിയത് കൊണ്ടാണ്. ഇടതുപക്ഷത്തിന്റെ ഒരു പറ്റം മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ചു. അവർ കൊടുത്ത വാഗ്‌ദാനങ്ങളുമാണ് ജയത്തിന്റെ കാരണം," അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

click me!