ഭര്‍ത്താവിന്‍റെ ക്യാൻസർ ചികിത്സക്കുള്ള പണത്തിന് വേണ്ടി സരോജിനി ടീച്ചർ താമരക്കുടി ബാങ്കിൽ കയറിയിറങ്ങാത്ത ദിവസങ്ങളില്ല. 34 വര്‍ഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് സ്വരുക്കൂട്ടിയതെല്ലാം ഈ ബാങ്കിലാണ്.
കൊല്ലം: കരുവന്നുർ ബാങ്ക് തട്ടിപ്പ് വിവാദം ചൂടേറിയ ചർച്ചയാകുമ്പോള്‍ കൊല്ലം താമരക്കുടി സഹകരണ ബാങ്ക് തട്ടിപ്പ് കേസും ഉയർന്നു വരികയാണ്. പത്ത് കൊല്ലം മുമ്പ് 12 കോടി രൂപയുടെ തട്ടിപ്പ് നടന്ന ബാങ്കിൽ പണം നിക്ഷേപിച്ചവര്‍ക്കാർക്കും ഇതുവരെ തിരികെ കിട്ടിയില്ല. സര്‍ക്കാരും തങ്ങളെ കൈയൊഴിഞ്ഞെന്നാണ് നിക്ഷേപകരുടെ പരാതി.
ഭര്‍ത്താവിന്‍റെ ക്യാൻസർ ചികിത്സക്കുള്ള പണത്തിന് വേണ്ടി സരോജിനി ടീച്ചർ താമരക്കുടി ബാങ്കിൽ കയറിയിറങ്ങാത്ത ദിവസങ്ങളില്ല. 34 വര്‍ഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് സ്വരുക്കൂട്ടിയതെല്ലാം ഈ ബാങ്കിലാണ്. പത്ത് വര്‍ഷം മുമ്പ് 12 കോടി രൂപയുടെ തട്ടിപ്പ് പുറത്തു വന്നതോടെ അധ്വാനിച്ചുണ്ടാക്കിയ കാശ് കിട്ടാക്കനിയായി. സരോജിനി ടീച്ചറെ പോലെ മൂവായിരത്തോള്ളം പേരാണ് പറ്റിക്കപ്പെട്ടത്. ഏറെയും കശുവണ്ടി തൊഴിലാളികളും, കര്‍ഷകരും, റിട്ടയേര്‍ഡ് ജീവനക്കാരും. പതിനായിരം മുതൽ 40 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. തട്ടിപ്പ് നടത്തിയ ബാങ്ക് സെക്രട്ടറിയേയും പ്രസിഡന്‍റിനെയും അറസ്റ്റ് ചെയ്തതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായില്ല. ഇവര്‍ ഇന്ന് ജാമ്യത്തിൽ പുറത്തിറങ്ങി വിലസുകയാണ്.
2016 ൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണം തുടരുകയാണെന്ന് മാത്രമാണ് ഇവർക്ക് ആകെ ലഭിക്കുന്ന മറുപടി. കരുവന്നൂർ ബാങ്കിനെ സംരക്ഷിക്കാൻ സര്‍ക്കാർ മുന്നിട്ടിറങ്ങുമ്പോള്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പലതവണ അധികാരികളുടെ മുന്നിലെത്തിയിട്ടും അവഗണിക്കുക മാത്രമാണ് ചെയ്തതെന്ന പരാതിയാണ് താമരക്കുടി ബാങ്കിനെ വിശ്വസിച്ച ഈ സാധാരണക്കാർക്ക് പറയാനുള്ളത്.
സഹകരണ ബാങ്ക് കൊള്ളയ്ക്ക് ഉത്തരവാദികൾ സിപിഎം നേതാക്കൾ: കെ സുരേന്ദ്രന്‍
സംസ്ഥാനത്തെ സഹകരണ ബാങ്ക് കൊള്ളയ്ക്ക് ഉത്തരവാദികൾ സിപിഎം നേതാക്കൾ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് പങ്കുണ്ട്. വ്യാപകമായ കൊള്ളക്ക് ഉന്നതരായ സിപിഎം നേതാക്കൾ നേതൃത്വം നൽകുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ആർബിഐയുടെ നിയന്ത്രണത്തിൽ സഹകരണ ബാങ്കുകൾ വരണം എന്ന് പറഞ്ഞപ്പോൾ സിപിഎം സമരം നടത്തി. കേരളാ ബാങ്കിന്, എങ്ങനെ പൊളിഞ്ഞ സംഘത്തിന് പണം കൊടുക്കാനാവും. കരുവന്നൂരിൽ സർക്കാർ 20 കോടി രൂപ കൊടുക്കുന്നത് നിയമവിരുദ്ധമാണ്. എകെജി സെന്‍റര്‍ ആക്രമണത്തിലെ പ്രതിയെ പിടിക്കണമെങ്കിൽ ഇ പി ജയരാജനെ ചോദ്യം ചെയ്യണം. ക്രൈംബ്രാഞ്ച് ആദ്യം ചെയ്യേണ്ടത് അതാണ്. കണ്ണൂരിൽ നിന്നുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.