
കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചിരുന്നു. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.
മനുഷ്യ മനസാക്ഷിയെ മുറിവേൽപ്പിച്ച കൊടുംക്രൂരതയ്ക്ക് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് ഇന്ന് ശിക്ഷ വിധിക്കുകയാണ്. 2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ക്രൂര കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിൻ്റെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആ പീഡനം അവസാനിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കി.
കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പു രോഗിയാണെന്ന് പ്രതികൾ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു. ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതിൽ നിർണായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam