ദുഷ്പ്രചാരണം നടത്തുന്ന സിപിഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ കെ അനീഷ് കുമാർ പറയുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണ്. ഇതിന് കണക്കുണ്ടെന്നും ബിജെപി.
തൃശ്ശൂർ: കൊടകരയിൽ ഒരു ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴൽപ്പണം മോഷ്ടിച്ചുവെന്ന് ആരോപണം നേരിടുന്ന കുഴൽപ്പണക്കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ കെ അനീഷ് കുമാർ. ഈ കേസിൽ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎമ്മിന്‍റെ ഗൂഢാലോചനയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണ്. ഇതിന് കണക്കുണ്ട്. ദുഷ്പ്രചാരണം നടത്തുന്ന സിപിഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. കെ കെ അനീഷ് കുമാർ വ്യക്തമാക്കി.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണെന്ന് ബിജെപി പറയുന്നു. പാർട്ടി നൽകുന്ന പണം കൂടാതെ ബാക്കി ചെലവിനാവശ്യമായ പണം കണ്ടെത്തുന്നത് പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നൽകുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. ഈ വസ്തുതകൾക്ക് വിരുദ്ധമായി ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അനീഷ് കുമാർ ആരോപിച്ചു.
undefined
കൊടകരയിൽ കവർന്നുവെന്ന് ആരോപിക്കപ്പെടുന്ന കുഴൽപ്പണം ഏത് പാർട്ടിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, ചോദ്യം ചെയ്യൽ നടക്കുന്നതായും ഡിജിപി വിശദീകരിക്കുന്നു. തൃശ്ശൂർ എസ്‍പിയുടെ റിപ്പോർട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.
വാഹനക്കവർച്ചക്കേസിൽ ഒൻപത് പേരാണ് ഇത് വരെ കസ്റ്റഡിയിലായിട്ടുള്ളത്. ക്വട്ടേഷൻ സംഘത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ, തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും തൃശ്ശൂർ റൂറൽ എസ്പി ജി പൂങ്കുഴലി വ്യക്തമാക്കി
കവർച്ചയിൽ നേരിട്ട് പങ്കെടുത്ത 7 പേരും ഇവർക്ക് താമസമൊരുക്കിയ രണ്ട് പേരുമാണ് പിടിയിലായത്. എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്താൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. വാഹനത്തിൽ പണം കൊണ്ടുപോകുന്ന വിവരം എങ്ങനെ ചോർന്നു കിട്ടി, ഈ പണം എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ഇനി അറിയേണ്ടത്. സംഭവത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന രഞ്ജിത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
എറണാകുളത്ത് പ്രതികൾക്കൊപ്പം താമസിച്ചിരുന്ന രഞ്ജിത്ത് പൊലീസെത്തിയ സമയത്ത് സംഘത്തിലുണ്ടായിരുന്നില്ല. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവർന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധർമരാജന്‍റെ പരാതി. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു ദേശീയ പാർട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം.
സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് വാഹന ഉടമ പരാതിയുമായി എത്തിയത് എന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. നഷ്ടപ്പെട്ട പണത്തിന്‍റെ സ്രോതസ് വെളിപ്പെടുത്താൻ പരാതിക്കാരന് നോട്ടീസ് നൽകിയെങ്കിലും ഇത് വരെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.