'കാനറാ ബാങ്ക്, നബാർഡ്, യൂണിയൻ മുൻനിര ബാങ്കുകളടക്കം നിക്ഷേപം നടത്തിയ കമ്പനിയിലാണ് നിക്ഷേപം നടത്തിയത്'
തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിച്ച കോടികളുടെ അഴിമതി ആരോപണത്തിൽ, മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്നും ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കാനറാ ബാങ്ക്, നബാർഡ്, യൂണിയൻ മുൻനിര ബാങ്കുകളടക്കം നിക്ഷേപം നടത്തിയ കമ്പനിയിലാണ് നിക്ഷേപം നടത്തിയത്. കേന്ദ്ര നിയമം അനുസരിച്ചാണ് കെഎഫ്സി പ്രവർത്തിക്കുന്നത്. മനപൂർവ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ല. മുബൈ ഹൈക്കോടതിയിൽ കേസ് ഉണ്ട്. പകുതിയോളം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
2018 ല്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അനിൽ അമ്പാനിയുടെ റിലയന്‍സ് കൊമേഴസ്യൽ ഫിനാന്‍സ് കമ്പനിയിൽ 60 കോടി രൂപയുടെ നിക്ഷേപം നടത്തി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തി വെച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ ആരോപണം. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാൻ രൂപം കൊണ്ട കേരള ഫിനാന്‍ഷ്യൽ കോര്‍പറേഷന്‍ അതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അട്ടിമറിച്ച് നടത്തിയ നിക്ഷേപത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അനിൽ അമ്പാനിയുടെ റിലയന്‍സ് കൊമേഴ്സ്യൽ ഫിനാന്‍സ് കമ്പനി പൂട്ടാൻ നില്‍ക്കെയായിരുന്നു കെഎഫ്സിയുടെ നിക്ഷേപം . 2018 ൽ ഡയറക്ടർ ബോർഡിൽ പോലും ചര്‍ച്ച ചെയ്യാതെ ഭരണനേതൃത്വത്തിലെ ഉന്നതരുടെ ആശിര്‍വാദത്തോടെ ഒരു കൂട്ടം ഉദ്യോഗസ്ഥർ ചേര്‍ന്നാണ് തീരുമാനം എടുത്തത്. തൊട്ടടുത്ത വർഷം റിലയൻസ് കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ ഉള്‍പ്പെടെ101 കോടി രൂപ കെഎഫ്സിക്ക് കിട്ടേണ്ടതായിരുന്നുവെങ്കിലും ലഭിച്ചത് ഏഴ് കോടി രൂപ മാത്രമാണ്. റിലയൻസ് കമ്പനിയിലെ നിക്ഷേപം രണ്ട് വര്‍ഷത്തോളം വാര്‍ഷിക റിപ്പോർട്ടിൽ മറച്ചുവെച്ചുവെന്നും രേഖകൾ ചൂണ്ടിക്കാട്ടി വി ഡി സതീശൻ പറഞ്ഞു.
എന്നാൽ ബിസിനസ് ആകുമ്പോൾ നഷ്ടം വരുമെന്നും ഇടപാടിന് പിന്നിൽ അഴിമതി ഉണ്ടെങ്കിൽ പ്രതിപക്ഷനേതാവ് തെളിയിക്കട്ടെ എന്നുമായിരുന്നു അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്‍റെ പ്രതികരണം.