ആദ്യഘട്ടത്തിൽ 28 ശതമാനം പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് വന്നത്. ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം മുപ്പത് ശതമാനത്തിലേറെ കേസുകൾ സമ്പർക്കത്തിലൂടെയുണ്ടായാൽ അതു സാമൂഹികവ്യാപനത്തിൻ്റെ സൂചനയാണ്.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രണവിധേയമായത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ.
ഫെബ്രുവരിയിൽ തുടങ്ങിയ വൈറസ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ 28 ശതമാനം പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് വന്നപ്പോൾ മെയ് ഏഴിന് ശേഷമുള്ള രണ്ടാം ഘട്ടത്തിൽ പത്ത് ശതമാനം പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെയുള്ള വൈറസ് ബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തേ കേരളം പരിപാടിയിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ആരോഗ്യമന്ത്രി നമസ്തേ കേരളത്തിൽ പറഞ്ഞത്...
കൊവിഡ് ബാധിച്ച ആളുകൾ കുറ്റവാളികളല്ല. ജനങ്ങൾ അതുമനസിലാക്കണം. കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കാരിക്കാൻ അനുവദിക്കാതിരിക്കുക, അവരെ ക്വാറൻ്റൈനിൽ പാർപ്പിച്ച സ്ഥലങ്ങൾ ഭീകരകേന്ദ്രങ്ങളായി ചിത്രീകരിക്കുക ഇതൊന്നും ശരിയല്ല. വേണ്ടത്ര ജാഗ്രതയും ധാരണയും ഉണ്ടെങ്കിൽ ജലദോഷപ്പനി പോലെ ഒരു വൈറൽ രോഗം മാത്രമാണ് കൊവിഡ്. എന്നാൽ അതിന് വലിയ വ്യാപനസാധ്യതയുണ്ട്. കൊവിഡ് രോഗം വന്നു മാറിയാൽ പിന്നെ അതിനെ ഭയക്കേണ്ട കാര്യമില്ല. കൊവിഡിനെ ചെറുതായി കണ്ടാൽ അതൊരു മഹാവിപത്തായി മാറും. മറ്റു അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉള്ളവർക്ക് കൊവിഡ് ബാധിച്ചാൽ അതും മരണകാരണമായി വരെ മാറാം. അതിനാലാണ് കൊവിഡിനെ നാം ജാഗ്രതയോടെ കാണണം എന്ന് പറയുന്നത്.
പുറത്തു നിന്നും വരുന്നവരെല്ലാം കൊവിഡ് വാഹകരല്ല എന്ന സത്യം മനസിലാക്കണം. എന്നാൽ പുറത്തു നിന്നും വരുന്നവരിൽ ചെറിയൊരു ശതമാനം പേരിൽ കൊവിഡ് വൈറസ് ബാധയുണ്ടെന്നാണ് നമ്മുടെ അനുഭവം. അതവരുടെ തെറ്റല്ല. എന്നാൽ അവർ നാട്ടിലേക്ക് വരുമ്പോൾ അവർ ശ്രദ്ധയോടെ പെരുമാറുകയും അവരെ നമ്മൾ കരുതലോടെ കൈകാര്യം ചെയ്യുകയും ചെയ്താൽ പിന്നെ ആശങ്കയ്ക്ക് വകയില്ല.
അന്യനാട്ടിൽ നിന്നും വരുന്നവർ പ്രത്യേകിച്ച് ഹോട്ട് സ്പോട്ടുകളിൽ നിന്നും വരുന്നർ ഇക്കാര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണം. വരുന്ന ആളുകളിൽ മഹാഭൂരിപക്ഷവും സർക്കാർ നിർദേശം അവഗണിച്ചിരുന്നുവെങ്കിൽ കേരളത്തിലെ രോഗവ്യാപനം ഈ രീതിയിൽ ആയിരിക്കില്ല. കേരളത്തിലെ കൊവിഡ് വ്യാപനത്തിൻ്റെ പത്ത് ശതമാനത്തിന് മാത്രമാണ് സമ്പർക്കം ഒരു കാരണമാകുന്നത്. എന്നാൽ തമിഴ്നാട്ടിലോ ദില്ലിയിലോ മഹാരാഷ്ട്രയിലോ ഇതല്ല അവസ്ഥ. ഇതു നാം ഇവിടെ പുലർത്തി പോരുന്ന ജാഗ്രതയുടേയും കരുതലിൻ്റേയും ഫലമാണ്.
ആളുകൾ അപ്പാർട്ട്മെൻ്റിൽ ക്വാറൻ്റൈനിൽ കഴിയുന്നില്ല യാതൊരു ആശങ്കയ്ക്കും വകയില്ല. അവർ റൂമിനകത്ത് തന്നെ കഴിയുകയാണ് എങ്കിൽ പിന്നെ ആർക്കും ഒരു പ്രശ്നവും ഇല്ല. ഇക്കാര്യത്തിൽ പൊതുധാരണ ആവശ്യമാണ്. ക്വാറൻ്റൈനിൽ കഴിയുന്നവർ അവരുടെ റൂമോ ഫ്ളാറ്റോ വിട്ടു പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തണം. അങ്ങനെ കണ്ടാൽ അതു പൊലീസിനെയോ ആരോഗ്യവകുപ്പിനേയോ അറിയിക്കണം.
വുഹാനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള കൊവിഡ് രോഗികൾ എത്തിയതോടെയാണ് കേരളത്തിൽ കൊവിഡ് വൈറസ് വ്യാപനം തുടങ്ങുന്നത്. ലോക്ക് ഡൌണ് പിൻവലിക്കുന്ന മെയ് ഏഴിന് മുൻപ് വരെ 512 കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മൂന്ന് പേർ കൊവിഡ് രോഗം ബാധിച്ചു. ബാക്കിയുള്ളവർ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. ആദ്യഘട്ടത്തിൽ 28 ശതമാനം പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് വന്നത്. ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശം അനുസരിച്ച് 30 ശതമാനത്തിലേറെ കൊവിഡ് കേസുകൾ സമ്പർക്കത്തിലൂടെ വന്നാൽ സമൂഹവ്യാപനത്തിൻ്റെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ മെയ് ഏഴിന് ശേഷം കേരളത്തിൽ കൊവിഡിൻ്റെ രണ്ടാം ഘട്ടം തുടങ്ങിയപ്പോൾ പത്ത് ശതമാനം പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെെ രോഗം വന്നത് എന്നത് നാം പാലിച്ച ജാഗ്രതയുടെ ഫലമാണ്.
മെയ് ഏഴിന് ശേഷം 1300-ലേറെ കൊവിഡ് കേസുകളിൽ പത്ത് ശതമാനം മാത്രമാണ് സമ്പർക്കം അതിൽ തന്നെ ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ഇതിൽ തന്നെ ചില ക്ലസ്റ്റുകൾ വന്നതാണ് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഇത്രയെങ്കിലും കൂടാൻ കാരണം. തൃശ്ശൂരിലെ ഒരു വെയർഹൌസിൽ പുറത്തു നിന്നും വന്ന വൈറസ് വാഹകനിൽ നിന്നും അവിടുത്തെ പല തൊഴിലാളികൾക്കും കൊവിഡ് പടരുന്ന അവസ്ഥയുണ്ടായി. പിന്നെ പാലക്കാട് ഒരു കൊവിഡ് ആശുപത്രിയിൽ നടത്തിയ പരിപാടിയിലൂടെ പലർക്കും കൊവിഡ് വന്നു. ഇങ്ങനെ ചില ക്ലസ്റ്റുകളിലൂടെ രോഗം പടരുന്ന സാഹചര്യമുണ്ടായി.
ഇതേ പോലെ ആരോഗ്യവകുപ്പിൻ്റെ മാർഗനിർദേശം പാലിക്കാൻ ചിലർ വിമുഖത കാണിച്ചത് മൂലം അവരുടെ ബന്ധുക്കളും സുഹൃത്തുകളുമടക്കം പലർക്കും രോഗം പടരുന്ന അവസ്ഥയുണ്ടായി. കണ്ണൂരിൽ ഒരു വിമാനക്കമ്പനി ജീവനക്കാരനെ കൊവിഡ് നിരീക്ഷണത്തിലാക്കിയെങ്കിലും അയാൾ സഹകരിച്ചില്ല. വളരെ മോശമായാണ് അയാൾ പെരുമാറിയത്. സർക്കാർ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് അയാളെ മാറ്റാൻ ശ്രമിച്ചെങ്കിലും തന്റെ ജനറൽ മാനേജർ പറഞ്ഞാൽ മാത്രമേ താൻ കേൾക്കൂ ആരോഗ്യവകുപ്പ് ജീവനക്കാർ പറയുന്നത് കേൾക്കാൻ തയ്യാറല്ല എന്നായിരുന്നു അയാളുടെ നിലപാട്.
ഒരുവിധം അയാളെ അനുനയിപ്പിച്ച് ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും കുറച്ചു ദിവസം കൊണ്ട് അയാൾ വീട്ടിൽ ക്വാറൻ്റൈനിലിരിക്കാം എന്നു പറഞ്ഞ് അയാളെ വീട്ടിലേക്ക് കൊണ്ടു പോയി. വീട്ടിൽ ക്വാറൻ്റൈനിലിരിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ അതു കൃത്യമായി പാലിക്കണം. എന്നാൽ ഇയാൾ വീട്ടിൽ പോയ ശേഷം ബൈക്കും എടുത്ത് പുറത്തേക്കെല്ലാം ഇറങ്ങി. പിന്നീട് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളിൽ നിന്നും സ്വന്തം കുടുംബത്തിലെ മൂന്ന് പേർക്കാണ് രോഗം പകർന്നത്. ഇങ്ങനെയെുള്ള ആളുകളും തീർത്തും ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന ആളുകളും കൊവിഡ് വ്യാപനത്തിന് ഒരു കാരണമായി മാറുന്നു.
കൊവിഡ് വ്യാപനം ഏതു ഘട്ടത്തിലും സമൂഹവ്യാപനത്തിലേക്ക് പോകാം. നാം എത്ര അരിപ്പവച്ചു പരിശോധിച്ചാലും ഒരു കേസെങ്കിലും എവിടെയെങ്കിലും റിപ്പോർട്ട് ചെയ്യുന്ന അവസ്ഥയാണ്. സംസ്ഥാന അതിർത്തിയിലൊക്കെ പൊലീസും വനംവകുപ്പും രാവും പകലും കാവലിരുന്നിട്ടും വനങ്ങളിലൂടെ രാത്രിയും മറ്റും ആളുകൾ അടുത്ത സംസ്ഥാനത്ത് നിന്നും വരികയാണ്. ഇതൊക്കെ പ്രതിരോധ പ്രവർത്തനത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണ്.