വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് കെകെ ലതിക; ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു

By Web Team  |  First Published Jun 16, 2024, 3:20 PM IST

വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തിട്ടുമുണ്ട്.


കണ്ണൂർ: വടകരയിൽ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻഎംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.

വിവാദമായ കാഫിർ പോസ്റ്റിന് പിന്നിൽ സിപിഎം ആരോപിച്ചത് പോലെ മുസ്ലിം ലീഗ് പ്രവർത്തകനല്ലെന്നും അമ്പലമുക്ക് സഖാക്കൾ, പോരാളി ഷാജി തുടങ്ങിയ പേജുകളിലേക്ക് അന്വേഷണമെത്തിയതായും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോസ്റ്റ് ഷെയർ ചെയ്ത ലതികയെ അടക്കം 12 പേരെ  ചോദ്യം ചെയ്തതായും പോലിസ് വ്യക്തമാക്കിയിരുന്നു. 
അങ്ങനെയെങ്കില്‍ ഇതേ പോസ്റ്റ് ഷെയർ ചെയ്ത കെ കെ ലതികയെ അറസ്റ്റ് ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം.

Latest Videos

undefined

അന്വേഷണം വീണ്ടും തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ലതിക പോസ്റ്റ് മുക്കിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു. യുഡിഎഫ് പ്രവർത്തകനല്ല കേസിന് പിന്നീലെന്ന് പൊലീസ് വ്യക്തമാക്കിയതും അന്വേഷണത്തിനുള്ള ഹൈക്കോടതി നിർദ്ദേശവും വിനയാകുമെന്നാണ് സിപിഎമ്മിലെ വിലയിരുത്തൽ . വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യ കൂടിയായ മുൻഎംഎൽഎ  കെ കെ ലതിക  പ്രതികരിച്ചിട്ടില്ല. ഇതേവരെ എല്ലാവർക്കും കാണാമായിരുന്ന ഫേസ്ബുക്ക്  പ്രൊഫൈൽ ലതിക ലോക്ക് ചെയ്തിട്ടുമുണ്ട്.

 

 

click me!