അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച മുഴുവൻ തുകയും ലഭിക്കാനായി നിയമപോരാട്ടം തുടരുകയാണെന്ന് കെഎഫ്‌സി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിൻ്റെ ആരോപണങ്ങൾ നിഷേധിച്ച് കെഎഫ്‌സി മാനേജ്മെൻ്റ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെഎഫ്‌സിയുടെ നിക്ഷേപ തീരുമാനങ്ങളെല്ലാം കെഎഫ്‌സി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെയാണെന്നും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആർബിഐയുടെയും സെബിയുടെയും അംഗീകാരമുള്ള ക്രഡിറ്റ് റേറ്റിങ് ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നും മാനേജ്മെൻ്റ് വ്യക്തമാക്കി. നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ ലഭിക്കാനായി മുംബൈ ഹൈക്കോടതിയിൽ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും മാനേജ്മെൻ്റ് ചൂണ്ടിക്കാട്ടുന്നു.
വാർത്താക്കുറിപ്പിൽ കെഎഫ്‌സി മാനേജ്മെൻ്റ് പറഞ്ഞത് ഇങ്ങനെ
കെഎഫ്‌സിയുടെ നിക്ഷേപ തീരുമാനങ്ങളെല്ലാം കെഎഫ്‌സി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെയും കേന്ദ്ര നിയമത്തിൻ്റെയും അടിസ്ഥാനത്തിലാണ് നടത്തിയത്. 2016 ജൂൺ 28ന് ചേർന്ന ബോർഡ് യോഗം 250 കോടി രൂപ അധിക ധനസമാഹരണം നടത്താൻ തീരുമാനിച്ചു. പ്രവർത്തന മൂലധനം ഉയർത്താനായിരുന്നു ഇത്. ഈ തുക പണ വിപണിയിൽ നിന്ന് സമാഹരിക്കാൻ തീരുമാനിച്ചിരുന്നു. കമ്പനിയുടെ അന്നുണ്ടായിരുന്ന റേറ്റിങ് ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് ബോർഡ് തീരുമാനം. എന്നാൽ നിഷ്‌ക്രിയ ആസ്‌തി ഉയർന്നത് കൊണ്ട് ആ വർഷം ഈ തീരുമാനം സാധ്യമായില്ല.
തുടർന്ന് 2017 ജൂലൈ മൂന്നിന് ബോർഡ് യോഗം ചേർന്ന് ക്രെഡിറ്റ് റേറ്റിങ് എഎ എന്നതിലേക്ക് ഉയർത്താനും, വിപണിയിൽ നിന്ന് 500 കോടി രൂപ സമാഹരിക്കാനും എംഡിയെ ചുമതലപ്പെടുത്തി. ആർബിഐ-സെബി അംഗീകൃത ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് എഎ പ്ലസ് റേറ്റിങ് ഉള്ള ആർസിഎഫ്‌എല്ലിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചത്. അന്ന് വിപണിയിലുണ്ടായിരുന്ന ഏറ്റവും മികച്ച നിരക്കായ 9.10 ശതമാനം വരുമാനം പരിഗണിച്ചായിരുന്നു തീരുമാനം. ഈ സ്ഥാപനത്തിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കും എന്നതും പരിഗണിച്ചിരുന്നു.
2017-18-ൽ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടേതുമായി 10000 കോടി രൂപ ആർസിഎഫ്‌എല്ലിൽ നിക്ഷേപമുണ്ടായിരുന്നു. ആ സ്ഥാപനം പ്രതിസന്ധിയിലാകുന്നതിന് മുൻപ് വായ്‌പകളുടെ തിരിച്ചടവ് കൃത്യമായിരുന്നു. ആർസിഎഫ്‌എല്ലിന്റെ മാതൃകമ്പനിയായ റിലയൻസ് ക്യാപ്പിറ്റലിന്റെ വായ്‌പാ മൂലധന അനുപാതം മികച്ചതായിരുന്നു. 2018 ജൂണിനു ശേഷം പണ വിപണിയിലുണ്ടായ പ്രതിസന്ധികളും ചില പ്രധാന ബാങ്കിങ് ഇതര കമ്പനികളുടെ തകർച്ചയും ആർസിഎഫ്‌എല്ലിനെയും ബാധിച്ചതോടെ കെഎഫ്‌സിയുടെ നിക്ഷേപം തിരിച്ചുകിട്ടുന്നതിൽ പ്രതിസന്ധിയുണ്ടായി. റിലയൻസ് കമ്മ്യുണിക്കേഷൻ എന്ന സബ്‌സിഡിയറി കമ്പനിയ്‌ക്ക് മാതൃകമ്പനിയായ റിലയൻസ് ക്യാപിറ്റലിൽ ഉണ്ടായിരുന്ന ബാധ്യതകൾ കണക്കിലെടുത്താണ് പിന്നീട് ആർസിഎഫ്‌എല്ലിനെ ക്രെഡിറ്റ് വാച്ചിങ് റേറ്റിങ്ങിൽ റേറ്റിങ് ഏജൻസികൾ ഉൾപ്പെടുത്തിയത്.
ആർസിഎഫ്‌എല്ലിലെ നിക്ഷേപം കെഎഫ്‌സി ഒരു ഘട്ടത്തിലും മറച്ചുവച്ചിട്ടില്ല. 2016 മെയ് മാസത്തിൽ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി 50 കോടി രൂപ ഷെഡ്യൂൾഡ് ബാങ്കിൽ നിക്ഷേപിച്ചപ്പോൾ ‘ബാങ്കുകളുമായുള്ള ടേം ഡെപ്പോസിറ്റ്’ എന്ന തലക്കെട്ടിൽ വാർഷിക റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 2018ൽ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി 60.80 കോടി രൂപ ആർസിഎഫ്‌എല്ലിൽ നിക്ഷേപിച്ചപ്പോൾ, ടേം ഡെപ്പോസിറ്റുകൾ/എൻസിഡി എന്ന തലക്കെട്ടിൽ വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തി. തുടർന്ന് എല്ലാ വർഷവും ഇത് വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർസിഎഫ്‌എൽ വായ്‌പാബാധ്യതകൾ തിരിച്ചുനൽകുന്നതിൽ വീഴ്‌ച വരുത്തിയതോടെ ആർബിഐ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു. വായ്പ നൽകിയ പ്രധാനപ്പെട്ട ബാങ്കുകളിൽ നിന്നും ബാങ്ക് ഓഫ് ബറോഡയെ ലീഡ് ബാങ്കായി പരിഹാര പദ്ധതി തയ്യാറാക്കാൻ നിയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കക്ഷികളെയെല്ലാം ചേർത്ത് നിക്ഷേപകരുമായി ഒരു ധാരണപത്രം ഉണ്ടാക്കി. അതനുസരിച്ച് ആർസിഎഫ്‌എല്ലിലെ വിവിധ നിക്ഷേപങ്ങളുടെ തരംതിരിവ് നടത്തിയപ്പോൾ, കെഎഫ്‌സി നിക്ഷേപിച്ചതിന്റെ 24.96 ശതമാനം മടക്കി കിട്ടുമെന്ന നിലയാണ് ഉണ്ടായത്. ഇത് കെഎഫ്‌സി അംഗീകരിച്ചില്ലെന്ന് മാത്രമല്ല തർക്കം ഉന്നയിച്ച് മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ആർസിഎഫ്‌എല്ലിന്റെ ആസ്‌തി ബാധ്യതകൾ ഏറ്റെടുക്കുന്നതിന് നടത്തിയ ടെണ്ടറിൽ ഓതം എന്ന കമ്പനി തെരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹർജിയുടെ അടിസ്ഥാനത്തിൽ ചർച്ചയ്‌ക്ക് തയ്യാറായ ഓതം, കെഎഫ്‌സിക്കുമാത്രം നിക്ഷേപത്തിന്റെ 52 ശതമാനം വരെ മടക്കി നൽകാമെന്ന വാഗ്‌ദാനം മുന്നോട്ടുവച്ചു. ഈ വാഗ്‌ദാനം നിലനിൽക്കുമ്പോഴും നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ ലഭിക്കാനായി മുംബൈ ഹൈക്കോടതിയിലെ നിയമ നടപടികൾ കെഎഫ്‌സി തുടരുകയാണ്. വസ്‌തുതകൾ ഇതായിരിക്കെ കെഎഫ്‌സിയുടെ മികച്ച പ്രവർത്തന മുന്നേറ്റത്തെ തകർക്കുന്ന പ്രചാരണങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും കെഎഫ്‌സി മാനേജ്മെന്റ് അഭ്യർത്ഥിച്ചു.