പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ ജാഗ്രതയുള്ളത്
തിരുവനന്തപുരം: തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ കേരളത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബർ ആദ്യം മഴ അതിശക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴക്കപ്പുറം സംസ്ഥാനത്താകെ ശക്തമായ മഴ ലഭിച്ചിട്ടില്ല. തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നെങ്കിലും ജില്ലകളിലാകെ അതിശക്ത മഴ ലഭിച്ചു എന്ന് പറയാനാകില്ല. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം നോക്കിയാൽ നവംബർ രണ്ടാം വാരത്തിലും സംസ്ഥാനത്ത് മഴ ശക്തമാകില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്നടക്കം അടുത്ത 3 ദിവസവും സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ 13-ാം തിയതി ബുധനാഴ്ച മുതൽ മഴ ശക്തമായേക്കുമെന്ന സൂചനകളുണ്ട്. 13 -ാം തിയതി 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ ജാഗ്രതയുള്ളത്.
ഒക്ടോബറിൽ വലിയ നഷ്ടം
'ദാന' ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലടക്കം തുലാവർഷം ആദ്യം തന്നെ കലിതുള്ളിയെത്തുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ഒക്ടോബറിലെ കണക്ക് കേരളത്തിൽ 22 ശതമാനം മഴ കുറവുണ്ടായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറിൽ തുടങ്ങിയ തുലാവർഷത്തിലെ ആദ്യ മാസത്തിൽ സംസ്ഥാനത്ത് ആകെ 240 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 306 എം എം ലഭിക്കേണ്ട സ്ഥാനത്താണ് 240 എം എം മാത്രം മഴ ലഭിച്ചത്. അതായത് കൃത്യം 22 ശതമാനത്തിന്‍റെ കുറവാണ് ആദ്യ മാസത്തിൽ സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ തുലാ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലായിരുന്നു. ഇവിടെ 375 എം എം മഴയാണ് ലഭിച്ചത്. ജില്ലയിൽ ഒക്ടോബർ മാസത്തിൽ ലഭിക്കേണ്ടതിനേക്കാൾ 28 ശതമാനം കൂടുതൽ മഴയാണ് ഇക്കുറി ലഭിച്ചത്. തിരുവനന്തപുരത്ത് 310 എം എം മഴ ലഭിച്ചു. തുലാവർഷത്തിലെ ആദ്യ മാസത്തിൽ ലഭിക്കേണ്ടതിനേക്കാൾ 16% കൂടുതൽ മഴ തലസ്ഥാനത്ത് ലഭിച്ചെന്ന് സാരം. കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കണ്ണൂരിൽ തുലാവർഷത്തിലും കാര്യമായ മഴ ലഭിച്ചെന്നാണ് കണക്ക്. കണ്ണൂരിൽ 263 എം എം മഴ ലഭിക്കേണ്ടിടത്ത് 270 എം എം മഴ ലഭിച്ചു. അതായത് 2 ശതമാനം അധികം മഴയാണ് ജില്ലക്ക് കിട്ടിയത്. അതേസമയം കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച രണ്ടാമത്തെ ജില്ലയായ കാസർകോടാണ് തുലാവർഷത്തിലെ ആദ്യ മാസത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത്. ജില്ലയിൽ 120.5 എം എം മഴ മാത്രമാണ് ഒക്ടോബറിൽ പെയ്തത്. 235 എം എം ലഭിക്കേണ്ടിടത്താണ് ഇത് സംഭവിച്ചത്. 49 ശതമാനം കുറവാണ് കാസർകോട് രേഖപ്പെടുത്തിയ മഴയുടെ കണക്ക്.