കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകൻ ഹാജരായി വിശദീകരണം നൽകി.
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകൻ ഹാജരായി വിശദീകരണം നൽകി. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയത് മനഃപൂർവം അല്ലെന്ന് അധ്യാപകൻ വ്യക്തമാക്കി. പേപ്പറുകൾ നഷ്ടപ്പെട്ട ഉടൻ പൊലീസിന് പരാതി നൽകിയിരുന്നു എന്നും വിശദീകരണത്തിൽ പറയുന്നു. അധ്യാപകൻ ജോലി ചെയ്യുന്ന പൂജപ്പുര ഐസിഎം ഡയറക്ടറിൽ നിന്നും സർവകലാശാല വിശദീകരണം തേടും. ഇതിന് ശേഷം പരീക്ഷ കൺട്രോളർ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
അതേ സമയം, എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനത്തിലാണ് കേരള സർവകലാശാല. ഏപ്രിൽ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്. പാലക്കാട് നിന്നുള്ള യാത്രക്കിടെ ബൈക്കിൽ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്‍ ആദ്യം സര്‍വകലാശാലക്ക് നല്‍കിയ വിശദീകരണം. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല