'പ്രീ പ്രൈമറി തലം മുതൽ തന്നെ സ്കൂളുകളില്‍ ട്രാഫിക് ബോധവൽക്കരണം'; പരിഗണനയിലെന്ന് വി. ശിവൻകുട്ടി

By Web Team  |  First Published Oct 14, 2022, 7:53 PM IST

വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകുന്നത് ഏറെ നന്നാവും. ഇക്കാര്യം കരിക്കുലം സമിതി ഏറെ ഗൗരവത്തോടെ കാണും- മന്ത്രി പറഞ്ഞു.


തിരുവനന്തപുരം: പ്രീ പ്രൈമറി തലം മുതൽ തന്നെ ട്രാഫിക് ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾചേർക്കുന്ന കാര്യം പരിഗണനയിലാണെന്ന്  വിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കമലേശ്വരം ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  കേരള  പൊലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയുടെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്‌ ഉയർന്ന സാക്ഷരതാ നിരക്കും  ഉന്നതവിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും മികച്ച ആരോഗ്യ സംവിധാനങ്ങളും ഉണ്ട്. എന്നാൽ നിരത്തിലെ വാഹന ഉപയോഗം സംബന്ധിച്ച് ഇനിയും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും ഗതാഗത സാക്ഷരത ഉണ്ടാവേണ്ടതുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകുന്നത് ഏറെ നന്നാവും. ഇക്കാര്യം കരിക്കുലം സമിതി ഏറെ ഗൗരവത്തോടെ കാണും- മന്ത്രി പറഞ്ഞു.

Latest Videos

undefined

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്ന സാഹചര്യം എല്ലാവരിലും ഉണ്ടാവണം. അതിനുള്ള ബോധവൽക്കരണം വളരെ ചെറുപ്പത്തിൽ തന്നെ നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരള പോലീസിന് വിദ്യാഭ്യാസ വകുപ്പിനെ ഏറെ സഹായിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡപകടങ്ങൾ സംഭവിക്കാതിരിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി കേരള സർക്കാർ 2022-23 വർഷത്തെ സ്റ്റേറ്റ് പ്ലാൻ സ്കീമിൽ തിരുവനന്തപുരം സിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളുടെ പരിസരത്തായി ട്രാഫിക് റോഡ് സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയാണ്. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ട്രാഫിക് അവബോധം നൽകുന്നതിനായുള്ള ഈ ട്രാഫിക് റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനമാണ്  മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചത്.

Read More : 'മലപ്പുറത്തെ തല്ല്': സ്കൂൾ പരിസരത്തെ സംഘര്‍ഷങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം; വി ശിവന്‍കുട്ടി

click me!