മലയാളത്തെ സംബന്ധിച്ച് ഒരു കാലം നിശ്ചലമായെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ . വിദേശ ഭാഷയിലാണ് രചന നിർവഹിച്ചിരുന്നതെങ്കിൽ എം.ടിക്ക് നോബൽ പുരസ്കാരം കിട്ടുമായിരുന്നുവെന്നും പ്രേംകുമാര്‍ അനുസ്മരിച്ചു.
കോഴിക്കോട്: മലയാളത്തെ സംബന്ധിച്ച് ഒരു കാലം നിശ്ചലമായെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ അനുസ്മരിച്ചു .സ്നേഹത്തിന്‍റെ നിഷേധമാണ് എം.ടിയെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഭൂതകാലത്തിന്‍റെ നന്മയുടെ അവശേഷിപ്പുകളെ മലയാളിയെ നിരന്തരം ഓർമിപ്പിച്ചു. വിദേശ ഭാഷയിലാണ് രചന നിർവഹിച്ചിരുന്നതെങ്കിൽ എം.ടിക്ക് നോബൽ പുരസ്കാരം കിട്ടുമായിരുന്നു.എംടിയുടെ നഷ്ടം വിശേഷിപ്പിക്കാൻ തീരാത്ത നഷ്ടം എന്ന ആലങ്കാരിക പദം മതിയാവില്ല.
വെറുമൊരു കഥാകാരൻ മാത്രമായിരുന്നില്ല എംടി.
മലയാളികളുടെ ജീവിതത്തെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു എഴുത്തുക്കാരൻ ഉണ്ടോയെന്ന് സംശയമാണ്. നമ്മള്‍ ജീവിക്കുന്ന കാലത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ നിരന്തരം സമൂഹത്തോട് പങ്കുവെക്കുകയായിരുന്നു.എംടിയുടെ ഹൃദയത്തിന്‍റെ വിശുദ്ധിയാണത്. നമ്മള്‍ നൽകുന്ന സ്നേഹം, നിഷങ്കളകത, സത്യസന്ധത എന്നിവയൊക്കെ തെറ്റിദ്ധരിക്കപ്പെടുന്ന ലോകത്ത് സ്നേഹത്തിന്‍റെ നിഷേധമാണ് എംടി ഏറ്റവും അധികം വേദനിപ്പിച്ചിരുന്നത്.ആന്ത്യതികമായി സ്നേഹം തന്നെയാണ് ഏറ്റവും പ്രധാനമെന്നും സ്നേഹത്തിന്‍റെ മഹാ വിജയം ഉണ്ടാകുമെന്നും എംടി വിശ്വസിച്ചിരുന്നു. നന്മയുടെ അവശേഷിപ്പുകളെ മലയാളികളെ നിരന്തരം ഓര്‍മിപ്പിച്ച എഴുത്തുകാരനായിരുന്നു എംടിയെന്നും പ്രേംകുമാര്‍ അനുസ്മരിച്ചു.
undefined
തന്‍റെ ഗുരുസ്ഥാനീയനാണ് എംടിയെന്ന് സംവിധായകൻ സിബി മലയിൽ അനുസ്മരിച്ചു. അദ്ദേഹം ഇല്ല എന്ന യാഥാർത്ഥ്യം മലയാളികൾക്ക് അംഗീകരിക്കാനാവില്ല. തന്നെ സംബന്ധിച്ച് ഏറ്റവും മികച്ച സിനിമ ചെയ്തത് എം ടിക്കൊപ്പമാണ്.എം.ടി.യുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ പുണ്യമാണെന്ന് സംവിധായകൻ കമല്‍ അനുസ്മരിച്ചു. പലതവണ തുഞ്ചൻ പറമ്പിൽ അദ്ദേഹത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. പലതവണ ഈ വീട്ടിൽ വരാൻ കഴിഞ്ഞു.എം.ടി പോലുള്ള മഹാ പ്രതിഭകൾക്കൊപ്പം സഞ്ചരിക്കാനായത് ഭാഗ്യമാണ്. ഈ വിയോഗം ലോകത്തുള്ള എല്ലാ അക്ഷര സ്നേഹികളെയും വേദനിപ്പിക്കുന്നതാണെന്നും കമൽ അനുസ്മരിച്ചു.
ദുഖം ഉണ്ടാക്കുന്ന വിടവ് വളരെ വലുതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ അനുസ്മരിച്ചു. കേരളത്തിന്‍റെ ചരിത്രം മനസ്സിലാക്കാൻ എംടിയുടെ രചനകൾ സഹായിക്കുമെന്നും കെഎൻ ബാലഗോപാൽ അനുസ്മരിച്ചു. പകരംവെക്കാനില്ലാത്ത പ്രതിഭയെ ആണ് നഷ്ടമായതെന്ന് മന്ത്രി പി രാജീവ് അനുസ്മരിച്ചു. മലയാള ഭാഷയെ ലോകത്തിന്‍റെ ഉന്നതിയിൽ എത്തിച്ചു. മലയാള ഭാഷ നിലനിൽക്കുന്നിടത്തോളം കാലം എം ടി ഓർമ്മിക്കപ്പെടുമെന്നും പി രാജീവ് അനുസ്മരിച്ചു.
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുസ്മരിച്ചു.എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ ഭംഗങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ച മഹാനായ കഥാകാരനാണദ്ദേഹം. സ്വന്തമായി സാഹിത്യ സൃഷ്ടി നടത്തുമ്പോഴും നിരവധിയായ എഴുത്തുകാരെ സൃഷ്ടിച്ച മഹാനായ പത്രാധിപരുമായിരുന്നു എം ടിയെന്നും കെ സുരേന്ദ്രൻ അനുസ്മരിച്ചു.