തിരുനെൽവേലിയിലെ മാലിന്യം തള്ളൽ ആക്ഷൻ പ്ലാനുമായി കേരള സർക്കാർ, ക്ലീൻകേരളക്കും തിരുവനന്തപുരം നഗരസഭക്കും ചുമതല

By Web Team  |  First Published Dec 22, 2024, 2:18 AM IST

കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.


തിരുവനന്തപുരം: തിരുനെൽവേലിയിലെ ആശുപത്രി മാലിന്യം നാളെ തന്നെ മാറ്റുമെന്ന് തീരുമാനം. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാനുമായി സർക്കാർ. ക്ലീൻ കേരള കമ്പനിക്കും നഗരസഭയ്ക്കും ചുമതല നൽകും. തിരുവനന്തപുരം സബ് കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മാലിന്യം മാറ്റേണ്ട അവസാന ദിവസമാണിന്ന്. അതേസമയം, സംഭവത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് പേർ കൂടി അറസ്റ്റിലായി. കണ്ണൂർ സ്വദേശി നിതിൻ ജോർജാണ്‌ അറസ്റ്റിലായത്. സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറാണ്‌ നിതിൻ ജോർജ്. മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈയും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ തിരുനെൽവേലി സ്വദേശികളായ രണ്ട് ഏജന്റുമാർ അറസ്റ്റിലായിരുന്നു.

കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്. ആശുപത്രികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ, കയ്യുറകൾ, മാസ്ക്, മരുന്നുകുപ്പികൾ എന്നിവയ്ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്‍റെയും ആശുപത്രികളിൽ നൽകുന്ന സമ്മതപത്രത്തിന്‍റെയും രേഖകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്. രോഗികളുടെ ചികിത്സാ വിവരങ്ങളും ഇങ്ങനെ ഉപേക്ഷിക്കുന്ന രേഖകളിൽ ഉണ്ടെന്ന് തിരുനെൽവേലിയിലെ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. തിരുനെൽവേലിയിലെ പേപ്പർ മില്ലുകളിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന ലോറികൾ മടങ്ങിവരുമ്പോൾ മെഡിക്കൽ മാലിന്യവും കടത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

Latest Videos

click me!