കോഴിക്കോട് ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മെർലിൻ പരുക്കേറ്റ കാലുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാർഗം കളിയിൽ മത്സരിച്ചു
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിന്ന് സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയ മാർഗം കളി സംഘത്തെ നയിച്ചത് മെർലിനായിരുന്നു. എന്നാൽ പിന്നീട് എല്ലാ സന്തോഷങ്ങൾക്കും മേലെ കരിനിഴലായി പെട്ടെന്നുള്ള വീഴ്ച. റോഡിലൂടെ നടന്നുപോയപ്പോൾ അടിതെറ്റി വീണു. പരുക്ക് സാരമുള്ളതാണ്, നാലാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർ ശഠിച്ചു. എന്നിട്ടും സംഘാംഗങ്ങൾക്കൊപ്പം തിരുവനന്തപുരത്തെത്തി സംസ്ഥാന കലോത്സവത്തിൽ മെർലിൻ പങ്കെടുത്തു.
നടക്കാൻ നന്നേ ബുദ്ധിമുട്ടുണ്ടെങ്കിലും കൂട്ടുകാരികളുടെ തോളിൽ കൈയ്യിട്ട് നടക്കുന്ന മെർലിൻ ചിരിച്ചും ചിരിപ്പിച്ചും ആഘോഷിക്കുന്നതാണ് കലോത്സവത്തിലെ കാഴ്ച. കോഴിക്കോട് ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് മെർലിൻ. കാലിലെ പരുക്കിൽ കെട്ടിയ ബാൻഡേജുമായി നന്നേ ബുദ്ധിമുട്ടി നടന്ന മെർലിനെ കളിയാക്കാൻ കിട്ടുന്ന അവസരമൊന്നും കൂട്ടുകാരികൾ പാഴാക്കുന്നില്ല. തിരിച്ചടിച്ച് മെർലിനും കൂട്ടച്ചിരിയിലേക്ക് നയിക്കുന്നത് കലാമേളയിലെ സന്തോഷിപ്പിക്കുന്ന കാഴ്ചയാണ്.
മാർഗം കളി സംഘത്തിലെ പ്രധാന പാട്ടുകാരിയാണ് മെർലിൻ. അതിനാൽ തന്നെ തിരുവനന്തപുരത്ത് മത്സരത്തിൽ പങ്കെടുക്കുന്നതിൽ അത് വലിയ വെല്ലുവിളിയായി മാറിയില്ല. എങ്കിലും പരുക്ക് സാരമുള്ളതാണ്. നീണ്ട വിശ്രമം ആവശ്യമാണെന്ന് ഡോക്ടർ നിർബന്ധിച്ചിട്ടും കൂട്ടുകാരികളുടെ കൂടെ അവസരം, സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള അഭിമാനകരമായ അവസരം ഇതെല്ലാം കാലിലെ വേദനയ്ക്കും മുകളിലായി. ഇന്നലെയാണ് മാർഗം കളി മത്സരത്തിൽ മെർലിനും സംഘവും നിറഞ്ഞ കൈയ്യടി നേടി.