തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രതിഷേധക്കാർക്ക് നേരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന അറിയിപ്പ് ശരിയല്ലെന്നും എഐഎസ്എഫ് വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലാ - കായിക മേളകളിലെ ഫല പ്രഖ്യാപനത്തിൽ പ്രതിഷേധമുയർത്തുന്ന അധ്യാപകർക്കും വിദ്യാലയങ്ങൾക്കുമെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇടത് വിദ്യാർഥി സംഘടനയായ എ ഐ എസ് എഫ് രംഗത്ത്. സർക്കാരിന്‍റെ ഈ നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ പരസ്യ പ്രതിഷേധമുയർത്തിയ സംഭവത്തിൽ മലപ്പുറം തിരുനാവായ നാവാ മുകുന്ദ, എറണാകുളം കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളെ അടുത്ത വർഷത്തെ കായിക മേളയിൽ നിന്ന് വിലക്കാൻ തീരുമാനിച്ച നടപടി നീതീകരിക്കാനാവില്ലെന്നും എ ഐ എസ് എഫ് വ്യക്തമാക്കി.
പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഈ വിദ്യാലയങ്ങളിലെ കായികാധ്യാപകർക്കെതിരെ വകുപ്പ് തല നടപടിയെടുക്കാനും ഉത്തരവിട്ടത് ശരിയല്ലെന്നും എ ഐ എസ് എഫ് ചൂണ്ടികാട്ടി. ഈ രണ്ട് വിദ്യാലയങ്ങളും കൂടി കഴിഞ്ഞ സംസ്ഥാന കായിക മേളയിൽ 87 പോയിന്റാണ് നേടിയിട്ടുള്ളത്. രണ്ട് സ്വർണ്ണവും ഒൻപത് വെള്ളിയും ഏഴ് വെങ്കലവും നാവാ മുകുന്ദ നേടിയപ്പോൾ അഞ്ച് സ്വർണ്ണവും ആറ് വെള്ളിയുമാണ് മാർ ബേസിലിന്റെ കണക്ക്. ദേശീയ സ്കൂൾ കായിക മേളയിലെ കേരളത്തിന്റെ പ്രാതിനിധ്യത്തിൽ ഈ രണ്ട് വിദ്യാലയങ്ങളിലെയും മത്സരാർത്ഥികളുടെ പങ്ക് വലുതാണെന്നിരിക്കെ ഇവർക്കേർപ്പെടുത്തിയ വിലക്ക് ദേശീയ സ്കൂൾ കായിക മേളയിലെ കേരളത്തിന്റെ സാധ്യതകൾക്കാണ് മങ്ങലേൽപ്പിക്കുന്നതെന്നും എ ഐ എസ് എഫ് വിവരിച്ചു.
അത് പോലെ തിരുവനന്തപുരത്ത് നിലവിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും പ്രതിഷേധക്കാർക്ക് നേരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന വിമർശനങ്ങളും വിയോജിപ്പുകളും സ്വാഭാവികം മാത്രമാണെന്നും അത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടി ഇടത് സർക്കാറിന് ഭൂഷണമല്ലെന്നും എ ഐ എസ് എഫ് ആരോപിച്ചു. കായിക മേളയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കൈകൊണ്ട പ്രതികാര നടപടികൾ സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്നും വിമർശനങ്ങളോടുള്ള അസഹിഷ്ണുത മനോഭാവം ഉപേക്ഷിക്കണമെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽരാജ്, സെക്രട്ടറി പി കബീർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം