മണിമലയാർ, നെയ്യാർ, കരമനയാർ നദികളിൽ പ്രളയ മുന്നറിയിപ്പ്. മണിമലയാർ രണ്ട് ഇടങ്ങളിൽ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്.
ദില്ലി: അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആർ കെ ജനമണി. മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അപകടത്തിൽ പെടുന്നത് ആശങ്കാജനകമാണ്. ആളുകൾ ജലാശയങ്ങൾക്കടുത്ത് പോകരുത്. നിലവിൽ മഴ കുറഞ്ഞാലും രാത്രി ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത കൈവിടരുതെന്നും ആർ കെ ജനമണി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് മൂന്ന് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നല്‍കി. മണിമലയാർ, നെയ്യാർ, കരമനയാർ നദികളിൽ പ്രളയ മുന്നറിയിപ്പ്. മണിമലയാർ രണ്ട് ഇടങ്ങളിൽ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്.
വരും ദിവസങ്ങളിൽ മധ്യ, വടക്കൻ മേഖലകളിലും മഴ ശക്തി പ്രാപിക്കാനാണ് സാധ്യത. ജനങ്ങൾ ജലാശയങ്ങൾക്കടുത്തേക്ക് പോവരുത്, കടലോര മേഖലകളിലും അനാവശ്യ യാത്രകൾ ഒഴിവാക്കണം, തിരുവനന്തപുരത്തും കൊച്ചിയിലും നിലവിൽ മഴ മേഘങ്ങൾ കുറഞ്ഞെങ്കിലും രാത്രിയിൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 5 ഓടെ കൂടി മഴ കുറയും. പിന്നീട് മഴ കൊങ്കണ് മേഖലയിലേക്ക് മാറും. 2018 ലെതിന് സമാന സാഹചര്യമില്ല എങ്കിലും ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം.
അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം
വിവിധ ജില്ലകളിലെ റെഡ് അലേര്‍ട്ട് ഇങ്ങനെ
02/08/2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
03/08/2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
04/08/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലേര്‍ട്ട്
02/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട്
03/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട്
04/08/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
05/08/2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
യെല്ലോ അലേര്‍ട്ട്
04/08/2022: തിരുവനന്തപുരം, കൊല്ലം
05/08/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
06/08/2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കൊവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ