'ഫെഡെക്സ് കൊറിയറിൽ നിന്നാണ്, ആധാര്‍, അക്കൗണ്ട് നമ്പറും പറയാം, എന്താ ശരിയല്ലേ..?' സൂക്ഷിച്ചോളൂ, ഇതും തട്ടിപ്പ്

By Web TeamFirst Published Aug 29, 2024, 4:23 PM IST
Highlights

ഇത്തരത്തിൽ എന്തൊക്കെ വിവരങ്ങൾ നൽകിയാലും പൊലീസുമായി ബന്ധപ്പെട്ട ശേഷമല്ലാതെ യാതൊരു സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
 

തിരുവനന്തപുരം: അടുത്തിടെ നമ്മൾ കേട്ട തട്ടിപ്പാണ് വെര്‍ച്ച്വൽ അറസ്റ്റ് എന്നത്. താങ്കളുടെ പേരിൽ വന്ന കൊറിയറിൽ നിയമവിരുദ്ധമായ കാര്യങ്ങൾ ഉണ്ടെന്ന് പറയുകയും നിങ്ങളെ വെര്‍ച്ച്വലി അറസ്റ്റ് ചെയ്തിരിക്കുകയാണ് എന്ന് പറയുകയും തുടര്‍ന്ന് സമ്പാദ്യം മുഴുവൻ തട്ടിയെടുക്കുന്നതുമാണ് രീതി. ഇതിൽ നിരന്തരം മുന്നറിയിപ്പുകൾ നൽകുകയാണ് പൊലീസ്. 

എന്നാൽ തട്ടിപ്പുകാര്‍ ഇരകളെ വിശ്വസിപ്പിക്കാൻ കൂടുതൽ കൂടുതൽ വിദ്യകളുമായി ഇറങ്ങുകയാണെന്ന് പുതിയ അനുഭവങ്ങൾ വ്യക്തമാക്കുന്നു. പൊലീസ് അറിയിപ്പ് പ്രകാരം തട്ടിപ്പിന് ഇരയാകുന്നവരുടെ ആധാര്‍ വിവരങ്ങൾ മുതൽ ബാങ്കിങ് വിവരങ്ങൾ വരെ ശേഖരിച്ച്, അത് അവരോട് തന്നെ് പറഞ്ഞാണ് തട്ടിപ്പിന് കൂടുതൽ വിശ്വാസ്യത കൊണ്ടുവരുന്നത്. ഇത്തരത്തിൽ എന്തൊക്കെ വിവരങ്ങൾ നൽകിയാലും പൊലീസുമായി ബന്ധപ്പെട്ട ശേഷമല്ലാതെ യാതൊരു സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Latest Videos

കേരളാ പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ...

പെടല്ലേ.. തട്ടിപ്പാണ്... ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സിബിഐയിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എം ഡി എം എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയുന്നു.

വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യ വിവരങ്ങൾ നൽകാൻ പൊലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു.

തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ നടപടി വേണം: ദേശീയ വനിതാ കമ്മീഷനെ സമീപിക്കാൻ ബിജെപി നേതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!