'നിങ്ങളൊരു ഡോക്ടറല്ലേ മുനീറേ?', പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ മന്ത്രിയുടെ മറുപടി

By Web Team  |  First Published Aug 24, 2020, 6:15 PM IST

''300 രൂപയ്ക്ക് പിപിഇ കിറ്റ് കിട്ടുമെന്നാണ് ശ്രീ എം കെ മുനീർ പറയുന്നത്. എന്തിനാ 300 രൂപയാക്കുന്നത് 100 രൂപയ്ക്കും കിറ്റ് കിട്ടും. ഗുണനിലവാരമില്ലാത്ത അങ്ങനെ ഏതെങ്കിലും കിറ്റ് വില പേശി വാങ്ങിക്കൊണ്ടുവന്നാൽ മതിയോ?'', എന്ന് കെ കെ ശൈലജ.


തിരുവനന്തപുരം: പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയെന്ന എം കെ മുനീർ എംഎൽഎയ്ക്ക് എണ്ണിപ്പറ‌ഞ്ഞ് മറുപടി നൽകി ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സംസ്ഥാനത്തെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലേക്കും വ്യക്തിസുരക്ഷാ ഉപകരണങ്ങളടക്കം വാങ്ങിയതിൽ അഞ്ച് പൈസയുടെ അഴിമതി പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാനാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാറ്റിനും കണക്കുണ്ട്. കൃത്യമായി ഓഡിറ്റിംഗിന് വിധേയമാണ് കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പർച്ചേസുകളും - ആരോഗ്യമന്ത്രി പറഞ്ഞു.

മാർക്കറ്റിൽ 300 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 1550 രൂപയ്ക്കാണ് സംസ്ഥാനസർക്കാർ വാങ്ങുന്നതെന്നും, ഇത് കൊവിഡിന്‍റെ മറവിലുള്ള തീവെട്ടിക്കൊള്ളയാണെന്നുമാണ് എം കെ മുനീർ ആരോപിച്ചത്. എന്നാൽ താങ്കളൊരു ഡോക്ടറല്ലേ എന്നായിരുന്നു തിരികെ ആരോഗ്യമന്ത്രിയുടെ ചോദ്യം.

Latest Videos

undefined

''300 രൂപയ്ക്ക് പിപിഇ കിറ്റ് കിട്ടുമെന്നാണ് ശ്രീ എം കെ മുനീർ പറയുന്നത്. എന്തിനാ 300 രൂപയാക്കുന്നത് 100 രൂപയ്ക്കും കിറ്റ് കിട്ടും. ഗുണനിലവാരമില്ലാത്ത അങ്ങനെ ഏതെങ്കിലും കിറ്റ് വില പേശി വാങ്ങിക്കൊണ്ടുവന്നാൽ മതിയോ?'', എന്ന് കെ കെ ശൈലജ. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുടെ കാര്യമാണ്, അതിലൊരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനസർക്കാർ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. 

ആരോഗ്യവകുപ്പ് മന്ത്രിയുടെ മറുപടി ഇങ്ങനെ:

ശ്രീ എം കെ മുനീർ എംഎൽഎയുടെ ആരോപണം കേട്ടു. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ആരോപണം കേട്ടപ്പോഴാണ് അതെത്ര മാത്രം ദുർബലമാണെന്ന് മനസ്സിലാകുന്നത്. കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് സംസ്ഥാനത്തെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലേക്കും പർച്ചേസുകൾ നടക്കുന്നത്. നിയമപരമായ എല്ലാ കാര്യങ്ങളും പാലിച്ചാണ് ഇത് നടക്കുന്നത്. ഇത് സ്തുത്യർഹമായ പ്രവർത്തനമായിരുന്നു. കൊവിഡിൽ കടുത്ത പ്രതിസന്ധിയിലൂടെ ലോകം കടന്നുപോയപ്പോഴും, മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും മെഡിക്കൽ ഉപകരണങ്ങൾ കിട്ടാതായപ്പോൾ, കേരളത്തിൽ ഈ ക്ഷാമം വരാതിരിക്കാൻ അവർ മികച്ച പ്രവർത്തനം നടത്തി. സാഹസികമായിത്തന്നെ പലപ്പോഴും അവർക്ക് ഇതിന്‍റെ ഭാഗമായി പ്രവർത്തിക്കേണ്ടി വന്നു. ജനുവരിയിൽ കൊവിഡ് വന്നപ്പോൾ തന്നെ പിപിഇ കിറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളും കാലേക്കൂട്ടി ശേഖരിച്ചുവച്ച സംസ്ഥാനമാണ് കേരളം. 

എളുപ്പമായിരുന്നില്ല ഇത് കിട്ടുന്നത്. പല കമ്പനികളും അന്ന് ഓർഡർ ചെയ്തതിന്‍റെ കാൽഭാഗം പോലും സപ്ലൈ ചെയ്യുന്നുണ്ടായിരുന്നില്ല. വിപണിയിൽ കനത്ത ക്ഷാമമുണ്ടായിരുന്നു. കേരളത്തിൽ അത്തരം ഷോർട്ടേജ് വന്നില്ല. നിപ വന്നപ്പോൾ ഉള്ള പിപിഇ കിറ്റ് സ്റ്റോക്ക് ചെയ്തിരുന്നു. കൊവിഡ് തുടങ്ങിയ ജനുവരിയിൽ ഈ കിറ്റുകൾ നമുക്ക് ഉപയോഗിക്കാൻ കഴിഞ്ഞു. എന്നാൽ രോഗ വ്യാപനം വന്നേക്കാമെന്നത് കണക്കിലെടുത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കിറ്റുകളും മറ്റ് ഉപകരണങ്ങളും ശേഖരിക്കാൻ തുടങ്ങി. 

കൊവിഡുമായി ബന്ധപ്പെട്ട് അക്കാലത്ത് വ്യക്തിസുരക്ഷാ ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ മാർക്കറ്റ് ചെയ്തിരുന്നത് ചൈനയായിരുന്നു. അവിടെ രോഗവ്യാപനം രൂക്ഷമായപ്പോൾ അവിടെ നിന്ന് കിറ്റുകൾ കിട്ടാതായി. ആ സമയത്ത് ലോകത്തെ പല കമ്പനികളുമായി ബന്ധപ്പെടേണ്ടി വന്നു. 

പ്രത്യേക ഘട്ടത്തിൽ ഒരു പ്രത്യേക ഉത്തരവിലൂടെ സ്റ്റോക്ക് പർച്ചേസിന്‍റെ നിയമാവലി മാറ്റേണ്ടി വന്നു. അത് നിയമപ്രകാരമാണ് ചെയ്തത്. കേന്ദ്ര ഏജൻസികളായ ഡിആർഡിഒ, സിട്ര എന്നിവയുടെ അംഗീകാരമുള്ള പിപിഇ കിറ്റുകൾ മാത്രമാണ് കേരളം വാങ്ങുന്നത്. ഇത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തിയാണ് മേടിക്കുന്നത്.  300 രൂപയ്ക്ക് പിപിഇ കിറ്റ് കിട്ടുമെന്നാണ് ശ്രീ എം കെ മുനീർ പറയുന്നത്. എന്തിനാ 300 രൂപയാക്കുന്നത് 100 രൂപയ്ക്കും കിറ്റ് കിട്ടും. ഗുണനിലവാരമില്ലാത്ത അങ്ങനെ ഏതെങ്കിലും കിറ്റ് വില പേശി വാങ്ങിക്കൊണ്ടുവന്നാൽ മതിയോ? ഒരു ഡോക്ടറായ മുനീർ ഇത് പറയരുതായിരുന്നു.  ഗുണനിലവാരം ഉറപ്പാക്കണം. കേന്ദ്ര ഏജൻസികളുടെ അംഗീകാരത്തിന്‍റെ മുദ്രയുള്ളതാണ് മേടിക്കുന്നത്. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വന്നിട്ടില്ല. ടെണ്ടർ ചെയ്യുമ്പോൾ ഷോർട്ട് ടെണ്ടർ വഴി സാധനങ്ങൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇ- മാർക്കറ്റ് പ്ലേസിൽ ഇതിന്‍റെ കൃത്യമായ വില നോക്കി അതിന്‍റെ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ശാസ്ത്രീയമായി നമുക്ക് വാങ്ങാൻ കഴിഞ്ഞു. ഇത് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിളിച്ചപ്പോൾ പോലും നമ്മളോട് ചോദിച്ചിരുന്നു. നിങ്ങളെങ്ങനെ കൂടിയ വില നൽകാതെ ശാസ്ത്രീയമായി പിപിഇ കിറ്റുകൾ വാങ്ങുന്നുവെന്നത്. ടെണ്ടർ ചെയ്ത് കിട്ടാത്തപ്പോൾ ലോക്കൽ മാർക്കറ്റിൽ നിന്ന് ചിലപ്പോൾ വാങ്ങേണ്ടി വരും. അപ്പോൾപ്പോലും പരമാവധി വില ക്രമീകരിച്ചാണ് വാങ്ങിയത്.

കോടിക്കണക്കിന് രൂപയാണ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ ചിലവായത്. 157 കോടിയോളം രൂപ പിപിഇ കിറ്റ് വാങ്ങാൻ ചെലവായി. തുടക്കത്തിൽ 4 ലാബുകൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. നിലവിൽ 21 ലാബുകളുണ്ട്. പിസിആർ മെഷീൻ, ഓട്ടോമേറ്റഡ് ആർഎൻഎ എക്സ്ട്രാക്ഷൻ സംവിധാനം, ഇത്തരത്തിലുള്ള യന്ത്രങ്ങൾ വാങ്ങി. 220 കോടി രൂപയ്ക്ക് ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങി. ഇതിലൊന്നും അഞ്ച് പൈസയുടെ അഴിമതി പോലുമില്ല. ലാബുപകരണങ്ങൾ വാങ്ങുമ്പോൾ ഐസിഎംആർ ചട്ടങ്ങൾ അടിസ്ഥാനമായി അവർ നിഷ്കർഷിക്കുന്ന നിരക്കിലാണ് വാങ്ങുക. അത് ഉറപ്പാക്കിയിട്ടുണ്ട്. 

ഒപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച, ആരോഗ്യപ്രവർത്തകർക്ക് ശമ്പളം കിട്ടാത്തതിനെക്കുറിച്ചുള്ള ആരോപണത്തിനും മന്ത്രി മറുപടി നൽകി. 

''എൻഎച്ച്എം മുഖേന എടുക്കുന്ന താൽക്കാലിക ജീവനക്കാർക്ക് ശമ്പളം കൂട്ടാനാണ് കേരളം തീരുമാനിച്ചത്. പതിനായിരത്തിലധികം പേർ സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. അവരുടെ പ്രവർത്തനം സൗജന്യമല്ല. അവർക്കും പ്രതിഫലമുണ്ട്'', എന്ന് ആരോഗ്യമന്ത്രി. 

കണക്കുകളെല്ലാം വിശദമായി മേശപ്പുറത്ത് വയ്ക്കുന്നുവെന്ന് പറഞ്ഞ മന്ത്രി, എല്ലാം വിശദീകരിച്ച് എണ്ണിപ്പറയുന്നില്ലെന്നും പറ‍ഞ്ഞു. മറുപടി അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ എം കെ മുനീർ ഇക്കാര്യം അന്വേഷിക്കാൻ തയ്യാറുണ്ടോ എന്നും ചോദിച്ചു. 

click me!