സ്ത്രീകള്‍ ഡ്രൈവിംഗില്‍ മോശമാണെന്നും അതിനാല്‍ കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നു എന്ന തെറ്റായ കാഴ്ചപ്പാട് ആണ് പൊതുവെയുള്ളതെന്ന് എംവിഡി.
തിരുവനന്തപുരം: വനിതാ ഡ്രൈവര്‍മാരെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍, കണക്കുകള്‍ സഹിതം തിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. സ്ത്രീകള്‍ ഡ്രൈവിംഗില്‍ മോശമാണെന്നും അതിനാല്‍ കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നു എന്ന തെറ്റായ കാഴ്ചപ്പാട് ആണ് പൊതുവെയുള്ളതെന്ന് എംവിഡി പറഞ്ഞു. 2022ല്‍ ദേശീയതലത്തില്‍ സംഭവിച്ച റോഡ് അപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 76,907 ഡ്രൈവര്‍മാര്‍ മരിച്ചിട്ടിട്ടുണ്ട്. അതില്‍ 96.3% പുരുഷ ഡ്രൈവര്‍മാരും 3.7 % സ്ത്രീ ഡ്രൈവര്‍മാരുമാണെന്ന് എംവിഡി വ്യക്തമാക്കി.
'സ്ത്രീകള്‍ അനാരോഗ്യകരമായ മത്സരബുദ്ധി കാണിക്കാത്തതിനാല്‍ അപകടസാധ്യത കുറയുന്നു. ഉയര്‍ന്ന മാനസിക ക്ഷമതയും അവരെ എപ്പോഴും സുരക്ഷിത ഡ്രൈവര്‍മാരാക്കുന്നു.' അപകടം സംഭവിക്കുമോ എന്ന ആശങ്ക മൂലം ഡ്രൈവിംഗ് പഠിക്കാന്‍ വിമുഖത കാണിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരു ആശ്വാസ വാര്‍ത്തയാണെന്നും അന്താരാഷ്ട്ര വനിതാദിന സന്ദേശത്തിനൊപ്പം എംവിഡി പറഞ്ഞു.
എംവിഡി കുറിപ്പ്: ''അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്‌നേഹോഷ്മളമായ ആശംസകള്‍ക്കൊപ്പം ഇന്ന് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് കൂടി മോട്ടോര്‍ വാഹന വകുപ്പ് ആഗ്രഹിക്കുന്നു. സ്ത്രീകള്‍ ഡ്രൈവിങ്ങില്‍ മോശമാണെന്നും അതിനാല്‍ കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് പൊതുവെയുണ്ട്.
2022ല്‍ ദേശീയതലത്തില്‍ സംഭവിച്ചിട്ടുള്ള റോഡ് അപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 76907 ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ 96.3% പുരുഷ ഡ്രൈവര്‍മാരും 3.7 % സ്ത്രീഡ്രൈവര്‍മാരും ആണ് റോഡ് അപകടങ്ങളില്‍ മരണപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. പൊതുവെ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളും മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്നവരുമാണ് അവരുടെ അറ്റന്‍ഷന്‍ സ്പാന്‍, മള്‍ട്ടി ടാസ്‌കിംഗ് സ്‌കില്‍ എന്നിവ കൂടുതല്‍ ആണ്. സ്ത്രീകള്‍ അനാരോഗ്യകരമായ മല്‍സരബുദ്ധി കാണിക്കാത്തതിനാല്‍ അപകടസാധ്യതയും കുറയുന്നു. അവരുടെ ഉയര്‍ന്ന മാനസിക ക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവര്‍മാരാക്കുന്നു.
അപകടം സംഭവിക്കുമോ എന്ന ആശങ്ക മൂലം ഡ്രൈവിംഗ് പഠിക്കാന്‍ വിമുഖത കാണിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരു ആശ്വാസ വാര്‍ത്തയാണ്. ഡ്രൈവിംഗ് പഠിച്ചു സ്വയം വാഹനം ഓടിച്ചു കൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവെക്കേണ്ട കാലമാണിത്. രണ്ട് കൈകളും ഇല്ലാത്ത ജിലുമോളുടെ, ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍വ്വ പിന്തുണയും ലഭിക്കുകയും പിന്നീട് ലൈസന്‍സ് നേടി നഗര മദ്ധ്യത്തിലൂടെ ഡ്രൈവ് ചെയ്യുന്നതും നാമെല്ലാം ഏറെ ആഹ്ലാദത്തോടെയാണ് കണ്ടത്. പ്രിയ സഹോദരിമാരെ, അകാരണമായ ഭയം മൂലം ഡ്രൈവിങ്ങില്‍ നിന്ന് മാറി നില്‍ക്കാതെ നിങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ. പൂര്‍ണ്ണ പിന്തുണയുമായി മോട്ടോര്‍ വാഹന വകുപ്പ് നിങ്ങള്‍ക്കൊപ്പം.''
സൂപ്പർ ബൈക്ക് വാങ്ങാൻ മോഹമുണ്ടോ? ഇതാണ് ബെസ്റ്റ് ടൈം! സൂപ്പർ ഓഫറുമായി കാവസാക്കി!