ഈ തെരഞ്ഞെടുപ്പ് ഗെയിം ചേഞ്ചര്‍ ആകും; സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം പ്രധാനമന്ത്രി തീരുമാനിക്കും; കെ സുരേന്ദ്രൻ

By Web Team  |  First Published Jun 4, 2024, 4:09 PM IST

സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും തൃശൂരില്‍ മുരളീധരന്‍റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന വലിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ബാക്കിയുണ്ടെങ്കിലും കേരളത്തിലെ പൊതുചിത്രം ഇതിനോടകം വ്യക്തമായിട്ടുണ്ട്. ആദ്യമായി കേരളത്തില്‍ ബിജെപി ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി താമര ചിന്ഹത്തില്‍ ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് മാറ്റത്തിന്‍റെ തെളിവാണ്.

വലിയ മാറ്റമുണ്ടാകുമെന്നാണ് നേരത്തെ പറഞ്ഞത്. അത് സംഭവിച്ചുവെന്നും ഈ വിജയം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഗെയിം ചേഞ്ചര്‍ ആകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസന അജണ്ട കേരളം സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന കേരളം സ്വീകരിച്ചു. എന്‍ഡിഎ ഉജ്ജ്വല വിജയം തൃശൂരില്‍ നേടി.

Latest Videos

ബാക്കി 19 മണ്ഡലങ്ങളിലും വലിയ മുന്നേറ്റമാണ് എന്‍ഡിഎയ്ക്കും ബിജെപിക്കും ഉണ്ടായിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകളില്‍ വര്‍ധനവുണ്ടായി. കേരളത്തില്‍ ഒരു കാരണവശാലും ബിജെപിക്ക് ജയിക്കാനാകില്ലെന്ന പ്രചാരണങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണിത്. എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്.  തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് എല്‍ഡിഎഫില്‍ നിന്ന് തരൂരിന് സഹായം ലഭിച്ചു. ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പ്രധാനമന്ത്രിക്ക് നന്ദി. തൃശൂരില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി വിജയിച്ചത്. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും തൃശൂരില്‍ മുരളീധരന്‍റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവമെന്ന് കുഞ്ഞാലിക്കുട്ടി; ഇന്ത്യൻ ജനത മാറിയെന്ന് സാദിഖലി തങ്ങൾ

 

click me!