ബിജെപിയുടെ അവകാശവാദങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പൊളിഞ്ഞു പോയി. ദേശീയ രാഷ്ട്രീയത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ശക്തിയായി ഇന്ത്യ മുന്നണി മാറിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ശ്രദ്ധേയമായ പ്രകടനത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. മുൻധാരണകളെ തിരുത്തുന്ന ഫലങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നതെന്നും ഇന്ത്യൻ ജനത മാറിയിരുക്കുന്നു എന്നതിൻന്‍റെ തെളിവാണിതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ കൂടെ ഉണ്ട് എന്ന് ഇന്ത്യൻ ജനത വിളിച്ച് പറയുകയാണ്. ബിജെപിയുടെ അവകാശവാദങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പൊളിഞ്ഞു പോയി. ദേശീയ രാഷ്ട്രീയത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ശക്തിയായി ഇന്ത്യ മുന്നണി മാറിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പാണക്കാട് കുടുംബത്തിന് കീഴില്‍ മുസ്ലീം ലീഗ് ഭദ്രമെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പികെ കുഞ്ഞാലിക്കുടി പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല, ലീഗ് സ്വാധീന മേഖലകളിലെല്ലാം മികച്ച വിജയമാണ് നേടിയത്. പൊന്നാനിയിൽ കഥകൾ മെനഞ്ഞു, സർവകാല റെക്കോർഡാണ് പൊന്നാനിയിലുണ്ടായത്. വടകരയും കോഴിക്കോടും ജാതിയും മതവും നോക്കാതെയാണ് ജനങ്ങൾ വിജയിപ്പിച്ചത്.
എന്ത് വെല്ലുവിളി ഉണ്ടായാലും അത് ലീഗിന് ഗുണകരമാവും. പൊന്നാനിയിൽ മുസ്ലീം ലീഗിനെ നേരിട്ട് എല്‍ഡിഎഫ് വെല്ലുവിളിച്ചതാണ്. എന്നാല്‍, എന്ത് കുത്തിത്തിരുപ്പായാലും അത് വിലപ്പോകില്ല എന്നു തെളിഞ്ഞു. ജനങ്ങളുടെ ലീഗിനോടുള്ള സ്നേഹം ഇപ്പോഴാണ് മനസിലായത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവമാണ് ഇക്കാര്യം ആഴത്തിൽ പരിശോധിക്കേണ്ട വിഷയമാണ്. യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്യും. മറ്റൊരു സ്ഥലത്തുമില്ലാത്തതെങ്ങനെ തൃശൂരിലുണ്ടായി എന്നു നോക്കണമെന്നും കുഞ്ഞാലിക്കുടി പറഞ്ഞു.