കേരളം ആവേശത്തോടെ ബൂത്തിൽ, പോളിംഗ് 70% കടന്നു, കൊവിഡ് ചട്ടങ്ങൾ കാറ്റിൽപ്പറന്നു

By Web Team  |  First Published Dec 8, 2020, 1:48 PM IST

കൊല്ലത്ത് സിപിഎമ്മിന്‍റെ ചിഹ്നമുളള മാസ്ക് ധരിച്ചതിന് പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാർ കുഴഞ്ഞു വീണ് മരിച്ചു. തത്സമയവിവരങ്ങൾ...


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കേരളം ആവേശത്തോടെ ബൂത്തിലെത്തുകയാണ്. അഞ്ച് മണി പിന്നിട്ടപ്പോഴേക്ക് പോളിംഗ് 70 ശതമാനം പിന്നിട്ടു. 6 മണി വരെയാണ് പോളിംഗ് സമയം. ഉച്ചയ്ക്ക് 1 മണിയോടെത്തന്നെ പോളിംഗ് ശതമാനം അമ്പത് ശതമാനത്തിലെത്തിയിരുന്നു. സമീപകാലതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ റെക്കോഡ് പോളിംഗാണ് തെക്കൻ ജില്ലകളിൽ രേഖപ്പെടുത്തുന്നത്. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അൽപ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും ഉച്ചയാകുമ്പോഴേക്ക് നാൽപ്പത്തിയാറ് ശതമാനത്തിലേക്ക് പോളിംഗ് ശതമാനം വരുന്നത് തന്നെ നഗരമേഖലയായ തിരുവനന്തപുരത്ത് അഭൂതപൂർവമായ കാഴ്ചയാണ്. 

വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം ഇങ്ങനെ: 

ജില്ല പോളിംഗ് ശതമാനം
തിരുവനന്തപുരം 68.25
കൊല്ലം 72.01
പത്തനംതിട്ട 68.72
ആലപ്പുഴ 75. 54
ഇടുക്കി 73.21

Latest Videos

undefined

കൊല്ലത്ത് സിപിഎമ്മിന്‍റെ ചിഹ്നമുളള മാസ്ക് ധരിച്ചതിന് പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാർ കുഴഞ്ഞു വീണ് മരിച്ചു. കൊവിഡ് കാലത്തെ ആദ്യ വോട്ടെടുപ്പിനെ മികച്ച പങ്കാളിത്തത്തോടെ വോട്ടർമാർ വിജയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. നിയന്ത്രണങ്ങൾക്ക് നടുവിലും പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാർമാരുടെ തിരക്ക്, മുൻ തെരഞ്ഞെടുപ്പുകളെ വെല്ലുന്ന രീതിയിലായിരുന്നു ആദ്യ മണിക്കൂറുകളിലെ പോളിംഗ് ശതമാനം. 107 വയസ്സുളള സ്വാതന്ത്ര്യസമര സേനാനി കെ അയ്യപ്പൻപിളളയെ പോലെ പ്രായത്തെയും പരിമിതികളേയും വകവയ്ക്കാതെ എത്തിയ നിരവധി വയോജനങ്ങൾ ഈ കൊവിഡ് കാലത്തെ പ്രത്യേക കാഴ്ചയായി. മാസ്കും സാനിറ്റൈസറും സ്ഥിരസാന്നിധ്യമായിരുന്നു. എന്നാൽ സാമൂഹിക അകലം പേരിന് മാത്രം. 

കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ കോളശ്ശേരി വാർഡിലെ ഒന്നാം നമ്പ‍ർ ബൂത്തിലാണ് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച പ്രിസൈഡിങ് ഉദ്യോഗസ്ഥ എത്തിയത്. കോൺഗ്രസ് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥ‍യെ മാറ്റി.

ആലപ്പുഴയിൽ ബൂത്തിൽ വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന പാര്‍ട്ടികളുടെ പരാതിയെ തുടർന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്‍റിനെ പുറത്താക്കി. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ  കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഉന്തും തള്ളുമുണ്ടായി. വോട്ടെടുപ്പിനിടെ രണ്ട് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്.  

പത്തനംതിട്ട നാറണമൂഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ  വോട്ട് ചെയ്യാനെത്തിയ പുതുപ്പറമ്പിൽ മത്തായി , ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്തിൽ  മഹാദേവികാട് സ്വദേശിയായ ബാലൻ എന്നിവരാണ് മരിച്ചത്. യന്ത്രത്തകരാറിനെ തുടർന്ന് പോളിംഗ് പലയിടത്തും തടസ്സപ്പെട്ടു. കിളിമാനൂര്‍ മടവൂര്‍ വാര്‍ഡ് ആറിലെ പനപ്പാംകുന്ന് സ്കൂളിൽ രണ്ടു മണിക്കൂറോളം വോട്ടിങ് മുടങ്ങി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശഭരണസ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 24,584 സ്ഥാനാർത്ഥികളുടെ വിധിയെഴുത്ത് തുടരുകയാണ്. കൊല്ലം പന്മന പഞ്ചായത്തിലെ രണ്ട് വാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർത്ഥി മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 

പ്രോട്ടോക്കോൾ പാലിക്കണമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. സാമൂഹിക അകലം പാലിച്ച്, സാനിറ്റൈസർ കയ്യിൽ കരുതി, മാസ്ക് നിർബന്ധമായും ധരിച്ച് വേണം ബൂത്തുകളിലെത്താൻ. കുട്ടികളെ കൊണ്ടുവരരുത്. മുതിർന്ന പൗരൻമാരെ കൊണ്ടുവരുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കുകയും വേണം.  

എങ്ങനെ വോട്ട് ചെയ്യാം? തെരഞ്ഞെടുപ്പ് കമ്മീഷനും ആരോഗ്യവകുപ്പും നിർദേശിക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ:

 

click me!