'5 ലക്ഷം വേണ്ട, സൗജന്യം'; സ്കൂൾ കലോത്സവ സ്വാഗത ഗാനത്തിന് നൃത്താവിഷ്കാരം ഒരുക്കി കേരള കലാമണ്ഡലം

By Web Desk  |  First Published Dec 31, 2024, 1:23 AM IST

കേരള കലാമണ്ഡലത്തിലെ 39 ഓളം വിദ്യാർത്ഥികളും വിവിധ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 11 ഓളം വിദ്യാർത്ഥികളും ചേർന്നാണ് നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നത്.


തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്കാരത്തിന് കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ നൃത്തച്ചുവടുകൾ ഒരുങ്ങുന്നു. ജനുവരി നാലു മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പതിനാറായിരം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. സ്വാഗത ഗാനം നിർത്താവിഷ്കാരത്തിൽ ചിട്ടപ്പെടുത്തുന്നതിന് പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു.

ഇതിനെ തുടർന്ന് കേരളകലാമണ്ഡലം വിദ്യാർത്ഥികൾ സൗജന്യമായി ചിട്ടപ്പെടുത്തി നൃത്തം അവതരിപ്പിക്കാമെന്ന് കേരളകലാമണ്ഡലം രജിസ്ട്രാർ ഡോ. വി രാജേഷ് കുമാർ മന്ത്രിയെ അറിയിക്കുകയും തുടർന്ന് നൃത്താവിഷ്കാരം ചെയ്യുന്നതിന് കേരള കലാമണ്ഡലത്തെ ഏൽപ്പിക്കുകയായിരുന്നു. കേരള കലാമണ്ഡലത്തിലെ 39 ഓളം വിദ്യാർത്ഥികളും വിവിധ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 11 ഓളം വിദ്യാർത്ഥികളും ചേർന്നാണ് നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നത്. കേരള കലാമണ്ഡലം നൃത്ത വിഭാഗം മേധാവി രജിത രവി, നൃത്ത വിഭാഗം അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ്.തുളസി, കലാമണ്ഡലം അരുൺ വാര്യർ എന്നിവർ ചേർന്നാണ് നൃത്താവിഷ്കാരത്തിനുള്ള ചുവടുകൾ ചിട്ടപ്പെടുത്തുന്നത്.

Latest Videos

കാവാലം ശ്രീകുമാർ സംഗീത സംവിധാനം ചെയ്ത സ്വാഗത ഗാനത്തിന് 10 മിനിറ്റ് ദൈർഘ്യമാണ് ഉള്ളത്.കേരളത്തിന്‍റെ നവോത്ഥാനത്തെയും, ചരിത്രം, കല, പാരമ്പര്യത്തെയും, ഐക്യത്തെയും, അഖണ്ഡതയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാർ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. കേരള കലാമണ്ഡലത്തിന്റെ കുത്തബലത്തിൽ ഒരുങ്ങുന്ന നിർത്താവിഷ്കാരത്തിൽ കേരളത്തിന്‍റെ തനത് കലകൾ ഉൾപ്പെടെ നിരവധി കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധി കലാരൂപങ്ങൾ ഗാനത്തിനനുസരിച്ച് ചുവടുവെക്കും. ഒരാഴ്ചയിൽ അധികമായി ക്രിസ്മസ് അവധി ദിവസങ്ങൾ ആയിട്ടും കലാമണ്ഡലത്തിലെ അധ്യാപകരും വിദ്യാർത്ഥികളും അവതരണ ഗാനം ചിട്ടപ്പെടുത്തുന്നതിന് കേരളകലാമണ്ഡലത്തിൽ ഹോസ്റ്റലിൽ താമസിച്ചുവരികയാണ്. കേരള മണ്ഡലം തീർത്തും സൗജന്യമായാണ് നൃത്തം ചിട്ടപ്പെടുത്തുന്നതും അവതരിപ്പിക്കുന്നതും.

Read More : കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ച് തല്ലി; കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം, രണ്ട് പേർ അറസ്റ്റിൽ
 

click me!