കേരളം ചിലർക്ക് സോഫ്റ്റ് ടാർഗറ്റ് സംസ്ഥാനം, മുസ്ലീങ്ങൾക്ക് പിന്നാലെ ബിജെപി ഉന്നമിടുന്നത് ക്രൈസ്തവരെ: കെ സി

മുസ്ലീങ്ങൾക്ക് പിന്നാലെ ബിജെപി ക്രൈസ്തവരെ ഉന്നം വയ്ക്കുന്നുവെന്ന് കെ സി വേണുഗോപാൽ. കേരളത്തെ സോഫ്റ്റ് ടാർഗറ്റാക്കാൻ ശ്രമം നടക്കുന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kerala is a soft target state for some BJP is targeting Christians after Muslims says KC Venugopal

ആലപ്പുഴ: മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബി ജെ പി ഉന്നം വയ്ക്കുന്നത് ക്രൈസ്തവരെയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. മതങ്ങളെ തമ്മിലടിപ്പിച്ച് കേരളം ചിലര്‍ക്ക് സോഫ്റ്റ് ടാര്‍ഗറ്റ് സംസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും കെ സി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബിജെപി ഉന്നം വെയ്ക്കുന്നത് ക്രൈസ്തവരെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമനിര്‍മ്മാണം നടത്തേണ്ടത് ഭരണഘടന അനുസരിച്ചാകണം. വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിനെതിരായ ശക്തമായ ആക്രമണമാണ്. മുനമ്പം വിഷയം ന്യായമാണ്. അത് പരിഹരിക്കണമെന്നാണ് ആദ്യം മുതലുള്ള കോണ്‍ഗ്രസിന്റെ നിലപാട്. മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ നിയമപരിരക്ഷയും നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും കെ സി കൂട്ടിച്ചേർത്തു.

'പ്രായ പരിധി കർശനമായി നടപ്പാക്കണം, പിണറായി വിജയനടക്കം ആ‌ർക്കും ഇളവുവേണ്ട'; ശക്തമായ നിലപാടെടുത്ത് ബംഗാൾ ഘടകം

Latest Videos

ഭരണഘടന ലംഘനം നടത്തുന്ന നിയമനിര്‍മ്മാണത്തിലേക്ക് പോയാല്‍ അംഗീകരിക്കാനാവില്ല. ഇന്ന് മുസ്സീങ്ങള്‍ക്കെതിരാണെങ്കില്‍ നാളെയത് മറ്റു വിഭാഗങ്ങള്‍ക്കെതിരെയും ഉണ്ടാകും. അതിന്റെ അജണ്ടയാണ് ഓര്‍ഗനൈസറിലെ ലേഖനം. വഖഫിനെക്കാള്‍ കൂടുതല്‍ സ്വത്ത് ക്രൈസ്തവരുടെ പക്കലുണ്ടെന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്. ഗവേഷണം നടത്തി ചില കണക്ക് കൂട്ടലോടെയാണ് ഈ ലേഖനം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ള എംപി ഈ വിഷയം സഭയില്‍ ഉന്നയിച്ചതാണ്. ഇത് ക്രൈസ്തവരെ ഉന്നം വെച്ചാണ്. നാളെയത് സിഖുകാര്‍ക്കെതിരെയും തിരിയുമെന്നതാണ് സാഹചര്യമെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

ഹിന്ദുക്കളെയും ക്രൈസ്തവരെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് കേരളം ചിലര്‍ക്ക് സോഫ്റ്റ് ടാര്‍ഗറ്റ് സംസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കുന്നു. അതിനാലാണ് എമ്പുരാന്‍ സിനിമയ്‌ക്കെതിരായി നടക്കുന്ന ആക്രമണം. എമര്‍ജന്‍സി, കാശ്മീർ ഫയല്‍സ്,കേരള സ്റ്റോറി തുടങ്ങിയ സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ ഇഡിയുടെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച എമ്പുരാന്‍ സിനിമയ്ക്കും അതിന്റെ നിര്‍മ്മാതാവിനും സംവിധായകനും എതിരായ ഒറ്റതിരിഞ്ഞ ആക്രമണവും ഇഡി നടപടിയും ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ബിജെപിക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന വകുപ്പായി ഇഡി മാറി. ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്ന ഡിപ്പാര്‍ട്ട്മെന്റായിട്ടാണ് ഇഡി കുറെക്കാലമായി പ്രവര്‍ത്തിക്കുന്നതെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

നിയമത്തെ ദുരുപയോഗം ചെയ്ത് മതങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം നടക്കുന്നു. അത്തരക്കാരുടെ ഗൂഢ അജണ്ടകള്‍ക്ക് നിന്നുകൊടുത്താല്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും. കേരളത്തില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെ കരുതലോടെ നേരിടണം. മത സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഭാഗത്ത് നിന്നും പ്രോത്സാഹനം നല്‍കരുത്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണം തുടരണം. വിവിധ മതങ്ങളെയും സമുദായങ്ങളെയും  തമ്മിലടിപ്പിച്ചാല്‍ ഹിന്ദുക്കള്‍ രക്ഷപ്പെടുമെന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

മാധ്യമങ്ങള്‍ക്കെതിരായ കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയുടെ ശൈലി തെറ്റ്. അദ്ദേഹം അത്തരം ശൈലിയില്‍ നിന്ന് പിന്തിരിയണം. മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യട്ടെ. അതിനെതിരെ മന്ത്രിമാര്‍ തന്നെ ശകാരവര്‍ഷവുമായി വരുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ബിജെപി ഭരണകൂടം അട്ടിമറിക്കുകയാണെന്നും വിവരാവകാശ നിയമത്തെ മോദി ഭരണകൂടം ഇല്ലാതാക്കിയെന്നും വേണുഗോപാല്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
vuukle one pixel image
click me!