കേരള ഹൗസ് അതിക്രമ കേസ്: വി ശിവദാസൻ എംപി അടക്കം 10 പ്രതികളെ ദില്ലി റോസ് അവന്യൂ കോടതി വെറുതെ വിട്ടു

By Web Desk  |  First Published Jan 9, 2025, 4:38 PM IST

എസ് എഫ് ഐ ദേശീയ ഉപാധ്യക്ഷൻ നിതീഷ് നാരായണൻ ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. കേസിൽ കണ്ടെത്താനാകാത്ത പതിനാല് പേർക്കെതിരെ അന്വേഷണം നടത്താനും റോസ് അവന്യൂ കോടതി ഉത്തരവിട്ടിട്ടുണ്ട്. 


ദില്ലി : കേരള ഹൗസ് അതിക്രമ കേസിൽ വി ശിവദാസൻ എം പി  ഉൾപ്പടെയുള്ള പത്തു പ്രതികളെ വെറുതെ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് വിധി. പ്രതി ചേർത്ത പത്ത് പേരുമാണ് അതിക്രമം നടത്തിയതെന്ന് തെളിയ്ക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. എസ് എഫ് ഐ ദേശീയ ഉപാധ്യക്ഷൻ നിതീഷ് നാരായണൻ ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. കേസിൽ കണ്ടെത്താനാകാത്ത പതിനാല് പേർക്കെതിരെ അന്വേഷണം നടത്താനും റോസ് അവന്യൂ കോടതി ഉത്തരവിട്ടിട്ടുണ്ട്. 

2013ൽ സോളാർ സമരകാലത്ത് കേരള ഹൌസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ച് എസ്എഫ്ഐ-ഡിവൈഎഫ്ഐക്കാർ നടത്തിയ പ്രതിഷേധത്തെ തുടർന്നുള്ള കേസാണിത്. കേരള ഹൌസിലെ കാർ പോർച്ചിൽ കോലം കത്തിച്ചതിനെ തുടർന്ന് കേരള ഹൌസ് തീവെച്ചു നശിപ്പിക്കാൻ ശ്രമിച്ചു എന്നതുൾപ്പടെയുള്ള കുറ്റങ്ങളിലാണ് ശിവദാസൻ ഉൾപ്പടെയുള്ള 10 പ്രതികൾ വിചാരണ നേരിട്ടത്. ആകെയുള്ള 24 പ്രതികൾ 14 പേരെ കണ്ടെത്താത്താനാകാത്തതിനെ തുടർന്ന് 10 പ്രതികളുടെ വിചാരണ മാത്രമാണ് നിലവിൽ റൗസ് അവെന്യൂവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ നടന്നത്. 

Latest Videos

'സിബിഐയിൽ വിശ്വാസമില്ല, ഇതിനേക്കാൾ ഭേദം കേരള പൊലീസായിരുന്നു'; നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാര്‍ അമ്മ

കേരള ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉൾപ്പടെയുള്ള സാക്ഷികൾ കോടതി മുൻപാകെ ഹാജരായിരുന്നു. എന്നാൽ നടന്ന വർഷങ്ങൾ കഴിഞ്ഞതിനാൽ പ്രതികൾ ഇവരാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന മൊഴിയാണ് സിൻഹ നൽകിയത്. സംഭവം നടക്കുമ്പോൾ കേരള ഹൌസ് അഡീഷണൽ റെസിഡന്റ് കമ്മീഷണറായിരുന്നു ബിശ്വനാഥ് സിൻഹ. കേസിൽ പ്രതികൾക്ക് വേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ, അഭിഭാഷക കൃഷ്ണ എൽ ആർ എന്നിവരും പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഭിഷേകുമാണ് ഹാജരായത്. 

 

click me!