രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ കേരളത്തിൽ നിലവിലെ രീതിയിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. പരമാവധി കൊവിഡ് കേസുകൾ കണ്ടെത്താനാണ് ശ്രമം.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം എന്ന സൂചനയില്ല. രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ കേരളത്തിൽ നിലവിലെ രീതിയിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. പരമാവധി കൊവിഡ് കേസുകൾ കണ്ടെത്താനാണ് ശ്രമം. ഇതിനായി കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
'പ്രതീക്ഷിക്കപ്പെട്ടത് പോലെയുള്ള കണക്കുകൾ തന്നെയാണ് ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഡെൽറ്റ വകഭേദം തന്നെയാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ടിപിആർ കുറച്ചുകൊണ്ടുവരുന്നതിനുള്ള മാർഗങ്ങളാണ് സ്വീകരിക്കുന്നത്. കേരളത്തിൽ മികച്ച രീതിയിലാണ് വാക്സീനേഷൻ നൽകുന്നത്. ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം കുറയുന്നതും ആശ്വാസകരമാണ്. പ്രതിരോധ സംവിധാനം ശക്തമായത് കൊണ്ടാണ് കുറച്ച് പേർക്ക് രോഗം വന്ന് പോയത്'.
undefined
'ഓണക്കാലം വളരെ പ്രധാനപ്പെട്ട സമയമാണ്. കൂടുതൽ ജാഗ്രത പുലർത്തണം. ചടങ്ങുകൾ പറ്റുമെങ്കിൽ ഒഴിവാക്കുക. അതല്ലെങ്കിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക. കോണ്ടാക്ട് ട്രേസിങ് ശക്തിപ്പെടുത്തും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്രസംഘം നാളെ വൈകീട്ട് കേരളത്തിലെത്തും'. വിവിധ ജില്ലകളിൽ സന്ദർശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 7 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.