മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്ന് കേരള ഹൈക്കോടതി; 'നിയന്ത്രിക്കാനാവില്ല'; ഹർജി തീർപ്പാക്കി

By Web Team  |  First Published Nov 7, 2024, 4:26 PM IST

വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി


കൊച്ചി: മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണം.  വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

വിചാരണ കാത്തുകിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളിൽ മാധ്യമങ്ങൾ തീർപ്പ് കൽപ്പിച്ചാൽ ഭരണഘടനാപരമായി മാധ്യമ സ്വാതന്ത്യത്തിന് നൽകുന്ന പരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങള്‍ പുലര്‍ത്തേണ്ടത്. മാധ്യമ ഇടപെടലിൽ സത്പേര് കളങ്കപ്പെടുമെന്ന് തോന്നിയാൽ അത്തരം സന്ദർഭങ്ങളിൽ ആവലാതിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം അംഗീകരിക്കാതെയാണ് കോടതി ഹർജി തീർപ്പാക്കിയത്. 

Latest Videos

click me!