'ഒരുങ്ങുന്നു പുതിയ ഹൈക്കോടതി മന്ദിരം'; മുഖ്യമന്ത്രി- ചീഫ് ജസ്റ്റിസ് യോഗത്തില്‍ ധാരണ, സ്ഥല പരിശോധന 17ന് 

By Web Team  |  First Published Feb 4, 2024, 4:25 PM IST

കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് രൂപം നല്‍കിയത്.


കൊച്ചി: ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ധാരണയായി. കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് രൂപം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17ന് നടക്കുമെന്ന് മന്ത്രി രാജീവ് അറിയിച്ചു. 

കളമശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതുകൂടി കണ്ടെത്തുന്നതാണെന്ന് രാജീവ് പറഞ്ഞു. ഹെക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷന്‍ സെന്റര്‍ തുടങ്ങി രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മ്മിക്കും. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ച. അടി വിസ്തീര്‍ണ്ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീര്‍ഘകാല കാഴ്ചപ്പാടോടെ ഒരുക്കുന്നതായിരിക്കും. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, അഭിഭാഷകരുടെ ചേംബര്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയും കളമശേരിയില്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി രാജീവ് അറിയിച്ചു. 

Latest Videos

undefined

നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. കഴിഞ്ഞ നവംബര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രി - ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാര്‍ഷിക യോഗത്തില്‍ ഇതു സംബന്ധിച്ച നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചിരുന്നു.

മദ്യലഹരിയില്‍ അധ്യാപകന്‍ സ്‌കൂളില്‍, വീഡിയോ പകര്‍ത്തി വിദ്യാര്‍ഥികള്‍; സസ്‌പെന്‍ഷന്‍ 
 

click me!